സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സംയുക്ത സമരസമിതിയുടെ നേത്യത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രക്ഷോഭം ആരംഭിക്കുന്നു. അതീവ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് റേഷന്‍ വ്യാപാരികള്‍ മുന്നോട്ടു പോകുന്നതെന്ന് റേഷന്‍ വ്യാപാരികള്‍ പറയുന്നു. 2016ല്‍ സര്‍കാര്‍ താല്‍ക്കാലികമായി ഏര്‍പ്പെടുത്തിയ വേതന പാക്കേജാണ് ഇപ്പോഴും നിലനില്‍ക്കുന്നത്.
2016ല്‍ ഈ പാക്കേജ് നടപ്പിലാക്കുമ്പോള്‍ ഇതിലെ പോരായ്മകളും വ്യാപാരികള്‍ക്ക് പ്രതികൂലമാണെന്ന് സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ആറ് മാസം കൊണ്ട് ഇതിന് മാറ്റം വരുത്താമെന്ന് സര്‍ക്കാര്‍ അന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ സംവിധാനം ഇന്ന് ഏഴു വര്‍ഷം പിന്നിട്ടിട്ടും ഒരു മാറ്റവുമില്ലാതെ തുടരുകയാണെന്ന് റേഷൻ വ്യാപാരികൾ ചൂണ്ടിക്കാട്ടി.
അന്നത്തെ ജീവിത സാഹചര്യങ്ങൾ ഇന്ന് സമൂലം മാറി. ഈ പാക്കേജിന്റെ ഭാഗമായി ഇന്ന് 75 ശതമാനം വ്യാപാരികള്‍ക്കും കേവലം പതിനഞ്ചായിരം രൂപയില്‍ താഴെയാണ് വരുമാനം ലഭിക്കുന്നത്. ഇത് തന്നെ വ്യാപാരികളുടെ കയ്യില്‍ കിട്ടണമെങ്കില്‍ രണ്ട് മാസം താമസം വരുന്നു. ഇതില്‍ നിന്നും വാടകയും കറന്റ് ബില്ലും സെയില്‍സ് മാന്റെ വേതനവും കഴിഞ്ഞാല്‍ ബാക്കിയാകുന്നത് തുച്ഛമായ തുകയാണ്. ആഗസ്ത് മാസത്തെ വേതനം സമരം പ്രഖ്യാപിച്ചതിന്റെ ഭാഗമായി ഒക്ടോബര്‍ 10നാണ് വ്യാപാരികള്‍ക്ക് ലഭിച്ചത്. സപ്തംബറിലെ വേതനം ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.
കഴിഞ്ഞ കോവിഡ് കാലഘട്ടത്തില്‍ വിതരണം ചെയ്ത പതിനൊന്ന് മാസത്തെ കിറ്റിന്റെ കമ്മീഷന് ലഭിക്കാന്‍ വ്യാപാരികളെ സര്‍ക്കാര്‍ സുപ്രീം കോടതിവരെ കയറ്റി. സുപ്രീം കോടതി വിധി വ്യാപാരികള്‍ക്ക് അനുകൂലമായിട്ട് പോലും ഇതുവരെ കമ്മിഷന് നല്‍കിയിട്ടില്ല. പല കാരണങ്ങള്‍ പറഞ്ഞ് കമ്മിഷന് ഇനിയും നല്കാതിരിക്കാനുള്ള പഴുത് കണ്ടെത്തുകയാണ് സര്‍ക്കാര്‍.
പലരീതിയുള്ള പരിശോധനകള്‍ നടത്തി നിസ്സാര കുറ്റങ്ങള്‍ കണ്ടെത്തി ഭീമമായ പിഴ ഈടാക്കി വ്യാപാരികളെ പീഡിപ്പിക്കുകയാണെന്നും വ്യാപാരികള്‍ പറയുന്നു. പല വ്യാപാരികളും പിടിച്ച് നില്ക്കാന് കഴിയാതെ മേഖല ഒഴിവാക്കി തുടങ്ങി. പലരും ഭീമമായ കടക്കെണിയില്‍പ്പെട്ട് ആത്മഹത്യയുടെ വക്കിലെത്തി നില്‍ക്കുകയാണെന്നും ഇവര്‍ പറയുന്നു.
സമരത്തിന്റെ ഭാഗമായി റേഷന്‍ വ്യാപാരി സംയുക്ത സമരസമതിയുടെ സംസ്ഥാന കമിറ്റിയുടെ നേതൃത്വത്തില്‍ 16ന് കടയടച്ച് സെക്രട്ടറിയേറ്റ് മാര്‍ചും ധര്‍ണയും സംഘടിപ്പിക്കും.