
ന്യൂഡല്‍ഹി: യുഎന്‍ രക്ഷാസമിതിയില്‍ (യുഎന്‍എസ്സി) സ്ഥിരാംഗത്വ പദവിക്കായുള്ള ഇന്ത്യയുടെ ശ്രമത്തിനു പിന്തുണ ആവര്‍ത്തിച്ച് യുഎസ്. ജി20 ഉച്ചകോടിക്ക് മുന്നോടിയായി വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയിലാണു യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉറപ്പ് നല്‍കിയത്.
”കൂടുതല്‍പേരെ ഉള്‍ക്കൊള്ളുന്നതും പ്രാതിനിധ്യവുമുള്ളതായിരിക്കണം ആഗോള ഭരണം എന്ന കാഴ്ചപ്പാട് തുടരും. പരിഷ്‌കരിച്ച യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വത്തെ വീണ്ടും യുഎസ് പിന്തുണയ്ക്കും. 2028-29ല്‍ യുഎന്‍എസ്സിയിലെ നോണ്‍പെര്‍മനന്റ് അംഗത്വത്തിനുള്ള ഇന്ത്യയുടെ സ്ഥാനാര്‍ഥിത്വത്തെയും സ്വാഗതം ചെയ്യുന്നു” വൈറ്റ് ഹൗസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
ബഹുമുഖ സംവിധാനം ശക്തിപ്പെടുത്തേണ്ടതിന്റെയും പരിഷ്‌കരിക്കേണ്ടതിന്റെയും ആവശ്യകത മോദിയും ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. പ്രധാനമന്ത്രി മോദിയുടെ ഔദ്യോഗിക വസതിയായ ഡല്‍ഹിയിലെ 7, ലോക് കല്യാണ്‍ മാര്‍ഗിലായിരുന്നു കൂടിക്കാഴ്ച. ഇന്ത്യയും യുഎസും തമ്മിലുള്ള സൗഹൃദം ആഗോള നന്മയെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ വലിയ പങ്ക് വഹിക്കുമെന്നു മോദി പറഞ്ഞു.
ഇന്നും നാളെയുമായി ഡല്‍ഹി പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിലാണ് 18-ാമത് ജി20 ഉച്ചകോടി. വികസ്വര രാജ്യങ്ങളുടെ പ്രശ്‌നങ്ങള്‍ കൂടി വികസിത രാജ്യങ്ങള്‍ പരിഗണിക്കണമെന്ന ആഹ്വാനവുമായാണ് ഉച്ചകോടി തുടങ്ങുന്നത്. യുഎസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ലോകനേതാക്കള്‍ എത്തി. രാജ്യതലസ്ഥാനത്തു കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമ്മേളനവുമായി ബന്ധമില്ലാത്ത വാഹനങ്ങള്‍ക്കു പ്രഗതി മൈതാന്‍ ഭാഗത്തേക്ക് പ്രവേശനമില്ല.