KeralaNEWS

ഇടതു സർക്കാരിന്റെ ഭൂപതിവ് ചട്ട ഭേദഗതിബിൽ ഇടുക്കിയിലെ കർഷകരെ ദ്രോഹിക്കുന്നു, കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് നിയന്ത്രണം: മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു

ഇടുക്കി: ഇടതു സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച ഭൂപതിവ് ചട്ട ഭേദഗതി ബിൽ കൃത്യതയില്ലാത്തതും ഇടുക്കിയിലെ കുടിയേറ്റ കർഷകരുടെ വികാരങ്ങൾ ഉൾക്കൊള്ളാത്തതുമാണെന്ന് വ്യാപക വിമർശനം. ഇതിനിടെ മൂന്നാര്‍ മേഖലയിലെ കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. ഇടുക്കിയുടെ പൊതുവായ ഭൂപ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി യോഗത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ തലത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടണം. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ റവന്യു, വനം വകുപ്പ് മന്ത്രിമാരുമായി ചേര്‍ന്ന് ഉന്നതതല യോഗം ചേരണമെന്ന് പൊതുവായ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. നിര്‍മ്മാണ നിയന്ത്രണങ്ങളുള്ള പഞ്ചായത്തുകളില്‍ സോണ്‍ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട ആശങ്കകള്‍ അകറ്റാന്‍ കുറച്ചുകൂടി സമയം കോടതിയോട് ചോദിക്കും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ലൈഫ് മിഷന്‍ ഭവനങ്ങളുടെ നിര്‍മാണത്തിന് യാതൊരുവിധ തടസ്സവുമില്ലെന്നും മന്ത്രി പറഞ്ഞു.

പക്ഷേ ഇടുക്കിയിൽ കെട്ടിട നിർമ്മാണങ്ങൾ ക്രമപ്പെടുത്തുക മാത്രമല്ല പുതിയ നിർമ്മിതികൾക്ക് അവസരം നൽകുന്ന നിയമ ഭേദഗതിയാണ് ജനങ്ങളുടെ ആവശ്യം.
സി.പി.എമ്മിന് ആവശ്യം പോലെ കെട്ടിടം പണിയാമെന്നതും അധികാരമുപയോഗിച്ച് അത് ക്രമപ്പെടുത്താമെന്നതുമാണ് ഇടുക്കിയിൽ കണ്ടുവരുന്ന പരിഷ്കാരം. ഇത് പരിഹാസ്യവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്.
സർക്കാരും റവന്യൂ വകുപ്പും അറിയാതെ ജില്ലാ കളക്ടർ നിർമ്മാണ നിരോധന ഉത്തരവ് ഇറക്കി എന്ന ഇടതുമുന്നണി പ്രചരണം നിഴൽ നാടകമാണെന്നും വിമർശനമുണ്ട്.

ഇടുക്കി ജില്ലയിയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും
ഭൂപതിവ് ചട്ട ഭേദഗതി ഉറപ്പാക്കി നിർമ്മാണ നിരോധനം പിൻവലിക്കണമെന്നുമാണ് കർഷകരുടെ ആവശ്യം.

കളക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം. പി, എം. എല്‍. എ മാരായ എം. എം മണി, അഡ്വ. എ രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി ബിനു, ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്, എ.ഡി.എം ഷൈജു പി ജേക്കബ്, ഡെപ്യൂട്ടി കളക്ടര്‍ മനോജ് കെ, പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, പ്രധാന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Back to top button
error: