‘കാണം വിറ്റും ഓണം ഉണ്ണണം’ എന്ന ഓണച്ചൊല്ലില്‍ തന്നെയുണ്ട് കേരളം ഓണത്തിന് നല്‍കിയിരുന്ന പ്രാധാന്യം. അത്തം മുതല്‍ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ഓണാഘോഷത്തിന് നാട്ടിലെത്താൻ കൊതിക്കാത്ത ഒരു മലയാളി പോലും കാണില്ല.
സാംസ്കാരിക ആഘോഷങ്ങളോടൊപ്പം തന്നെ ഓണത്തിന് വിശ്വാസങ്ങള്‍ക്കും പ്രാധാന്യമേറെയുണ്ട്. ഓണക്കാലം ഓരോ ക്ഷേത്രത്തിലും പ്രത്യേക പൂജകളും ചടങ്ങുകളും സദ്യയും ഒരുക്കാറുണ്ട്. കാലങ്ങളായി പിന്തുടര്ന്നു വരുന്ന ഓണാചാരങ്ങള്‍ ഉള്ള ക്ഷേത്രങ്ങളും നിരവധിയുണ്ട്. ഇതാ ഈ ഓണത്തിന്റെ പുണ്യത്തിനായി സന്ദര്‍ശിക്കേണ്ട കേരളത്തിലെ പ്രധാന ക്ഷേത്രങ്ങള്‍ പരിചയപ്പെടാം.
1. ഗുരുവായൂര്‍ ക്ഷേത്രം
ഓണക്കാലത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് തൃശൂര്‍ ഗുരുവായൂര്‍ ക്ഷേത്രം. ശ്രീകൃഷ്ണനെ ഗുരുവായൂരപ്പനായി ആരാധിക്കുന്ന ഇവിടെ ഓണക്കാലം വളരെ പ്രാധാന്യമുള്ള സമയം കൂടിയാണ്. തൃപ്പുത്തരി, ഇല്ലംനിറ, പുത്തരിപ്പായസം, ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം, പ്രസാദ ഊട്ട് എന്നിങ്ങനെ നിരവധി ചടങ്ങുകളും പരിപാടികളും ഓണത്തോടനുബന്ധിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കും.
ഈ വര്‍ഷത്തെ ഇല്ലംനിറ ഓഗസ്റ്റ് 21നും തൃപ്പുത്തരി 24നും കഴിഞ്ഞു. ഇനിവരുന്ന പ്രധാന ചടങ്ങ് ഉത്രാടം കാഴ്ചക്കുല സമര്‍പ്പമാണ്. തിരുവോണത്തിന്റെ തലേന്ന് ഓഗസ്റ്റ് 28നാണ് ഈ ചടങ്ങ്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വര്‍ണ്ണക്കൊടിമര ചുവട്ടില്‍ നാക്കിലയില്‍ നിലവിളക്കിന് മുൻപിലാണ് കണ്ണന് വിശ്വാസികളടക്കമുള്ളവര്‍ കാഴ്ചക്കുല സമര്പ്പിക്കുന്നത്ഇത് കൂടാതെ തിരുവോണ ദിവസം ക്ഷേത്രദര്‍ശനത്തിനെത്തുന്ന വിശ്വാസികള്‍ക്കായി വിഭവസമൃദ്ധമായ ഓണ സദ്യ നല്‍കും.കാളൻ, ഓലൻ, പച്ചക്കൂട്ട്, കായ വറവ്, മോര്, പപ്പടം, പഴം പ്രഥമൻ എന്നിവയാണ് സദ്യയിലെ വിഭവങ്ങള്‍.
2. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം
ഓണാഘോഷങ്ങളില്‍ എന്നും മുന്നില്‍ നില്ക്കുന്ന ക്ഷേത്രമാണ് പത്തനംതിട്ടയിലെ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം. ഓണത്തിന് ആറന്മുള ഉതൃട്ടാതി വള്ളംകളിയാണ് ഇവിടുത്തെ പ്രത്യേകത. ചിങ്ങമാസത്തിലെ ഉതൃട്ടാതിനാള് ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠാ ദിനമാണ്. അതിന്റെ ഓര്‍മ്മയിലാണ് ഇവിടെ ഉതൃട്ടാതി വള്ളംകളി നടത്തുന്നത്. ഭഗവാനുള്ള അര്‍ച്ചനയായും ഈ വള്ളംകളിയെ കണക്കാക്കുന്നു. ഇവിടുത്തെ വഴിപാടായ ആറന്മുള വള്ളസദ്യയും ഏറെ പ്രസിദ്ധമാണ്. ഓണക്കാലത്ത് നിരവധി ആളുകളാണ് ആറന്മുള വള്ളസദ്യ ഉണ്ണാനും ആറന്മുളയുടെ പൈതൃകം മനസ്സിലാക്കുവാനുമായി ഇവിടെ എത്തുന്നത്.
3. പത്മനാഭസ്വാമി ക്ഷേത്രം,തിരു
ഓണക്കാലത്തെ ഏറ്റവും ലളിതവും അതിമനോഹരവുമായ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ക്ഷേത്രമാണ് തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം. പത്മനാഭ സ്വാമിക്ക് സമര്പ്പിക്കാനായണ് പ്രത്യേക കുടുംബക്കാര് ഓണവില്ല് തയ്യാറാക്കുന്നത്. കേരളത്തിലെ തന്നെ ഏറ്റവും പഴയ ഓണാചാരങ്ങളില് ഒന്നാണിത്. ഓണത്തിനെത്തുന്ന മഹാബലിക്ക് മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളെയും പരിചയപ്പെടുത്തുന്ന ചടങ്ങാണിത്. ദേവശില്പിയായ വിശ്വകര്‍മ്മാവാണ് ആദ്യ ഓണവില്ല് തയ്യാറാക്കിയതെന്നാണ് വിശ്വാസം. ഉത്രാടദിനത്തില്‍ പുലര്‍ച്ചെ ഓണവില്ല് ക്ഷേത്രത്തില്‍ സമര്‍പ്പിക്കും.
4. തൃക്കാക്കര ക്ഷേത്രം
ഓണത്തിന്റെ ചരിത്രവും വിശ്വാസങ്ങളുമായി ഇത്രയധികം ബന്ധപ്പെട്ടു കിടക്കുന്ന മറ്റൊരു ക്ഷേത്രം കേരളത്തിലില്ല. മഹാബലിയെയും വാമനനെയും ഒരുപോലെ ആരാധിക്കുന്ന കേരളത്തിലെ വാമനപ്രതിഷ്ഠയുള്ള ഏക ക്ഷേത്രം കൂടിയാണ്. മഹാബലി ആരാധിച്ചിരുന്ന ശിവലിംഗമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നാണ് മറ്റൊരു വിശ്വാസം. വാമനാവതാര ,മയത്ത് ഭഗവാന്റെ കാല്പാദം പതിഞ്ഞയിടം എന്ന അര്‍ത്ഥത്തില്‍ തിരുകാല്‍ക്കര തൃക്കാക്കര ആയി മാറിയതാണ് എന്നാണ് വിശ്വാസം.
തൃക്കാക്കര ക്ഷേത്രത്തിലെ ഏറ്റവും വലിയ ആഘോഷവും ഓണം തന്നെയാണ്. ഈ നാടിന്റെ ഉത്സവമായാണ് ഇവിടെ ഓണം ആഘോഷിക്കുന്നത്. ക്ഷേത്രത്തിലെ ഓണസദ്യയും വളരെ പ്രസിദ്ധമാണ്.
5. ശബരിമല ശാസ്താ ക്ഷേത്രം
ഓണക്കാലത്ത് വിശ്വാസികളെത്തുന്ന മറ്റൊരു ക്ഷേത്രമാണ് പത്തനംതിട്ട ശബരിമല. ഓണനാളുകളിലെ പൂജയ്ക്കായി ശബരിമല ക്ഷേത്രം ഓഗസ്റ്റ് 27ന് വൈകിട്ട് തുറന്ന് പിന്നീട് 31ന് രാത്രി അടയ്ക്കും. ഈ ദിവസങ്ങളില്‍ ഓണസദ്യയും ഒരുക്കും. തന്ത്രി, മേല്‍ശാന്തി തുടങ്ങിയവരുടെ ഓണസദ്യ അയ്യപ്പനും ഭക്തര്‍ക്കും സമര്‍പ്പിക്കുന്നതാണ് ചടങ്ങ്.