കൊച്ചി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രിൽ 24- തിങ്കളാഴ്ച കൊച്ചിയിൽ എത്തും.24,25 തീയതികളിലാണ് പ്രധാനമന്ത്രിയുടെ കേരള സന്ദർശനം.
കേരളത്തില്‍ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വ്വഹിക്കും. 24 ന് കൊച്ചിയില്‍ മെഗാറോഡ് ഷോയില്‍ നരേന്ദ്രമോദി ജനങ്ങളെ അഭിസംബോധന ചെയ്യും. പിന്നീട് യുവം പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ വലിയ മാറ്റം കുറിക്കുന്ന സമ്മേളനമാവും യുവം എന്നാണ് കരുതുന്നത്.കൊച്ചിയില്‍ പ്രധാനമന്ത്രി ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരുമായി കൂടിക്കാഴ്ചയും നടത്തും.
ഏപ്രിൽ 25-ന് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി വന്ദേഭാരത് ട്രെയിനിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും.ശേഷം തിരഞ്ഞെടുത്ത യാത്രക്കാരോടോപ്പം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൽ അദ്ദേഹം യാത്ര ചെയ്യും.
ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തിൽ ബിജെപിയുടെ പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. കൊച്ചിയിൽ നടക്കുന്ന റാലിയിലും തേവര എസ്എച്ച് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന യുവം പരിപാടിയിലുമാണ് പ്രധാനമന്ത്രി പങ്കെടുക്കുക. അടുത്തിടെ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ അനിൽ ആന്റണിയും മോദിക്കൊപ്പം വേദി പങ്കിട്ടേക്കും.ബിജെപിയിൽ അനിലിന്റെ ആദ്യ പൊതുപരിപാടിയായിരിക്കും ഇത്.
ബിജെപി പിന്തുണയോടെ രൂപീകരിക്കുന്ന പുതിയ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തും.’നാഷണല്‍ പ്രോഗ്രെസീവ്’ എന്നു പേരിട്ടിരിക്കുന്ന പാർട്ടിയിൽ
മാത്യു സ്റ്റീഫനെയും ജോണി നെല്ലൂരിനെയും കൂടാതെ വിവിധ സംഘടനകളില്‍ നിന്നുള്ള വി വി അഗസ്റ്റിന്, പിഎം മാത്യു, ജോര്‍ജ് ജെ മാത്യു, വിക്ടര്‍ ടി തോമസ്, സിപി സുഗതന്, ‘കാസ’ ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം തുടങ്ങിയ നേതാക്കളാണ് ചുക്കാൻ പിടിക്കുന്നത്.ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരുടെ ആശിര്‍വാദത്തോടെ രൂപീകരിക്കുന്ന എന്‍പിപിയെ കേരള കോണ്‍ഗ്രസിന് ബദലാക്കി മാറ്റാനാണ് ബിജെപി ലക്ഷ്യമിടുന്നത്.