KeralaNEWS

എല്ലാ ജാതിയിലുമുള്ള ജനങ്ങൾ ഒന്നിച്ചുനിന്ന മതനിരപേക്ഷ സ്വഭാവമുള്ള സമരമായിരുന്നു വൈക്കം സത്യഗ്രഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

വൈക്കം: എല്ലാ ജാതിയിലുമുള്ള ജനങ്ങൾ ഒന്നിച്ചുനിന്ന മതനിരപേക്ഷിത സാഭ്വാവമുണ്ടായിരുന്ന സമരമായിരുന്നു വൈക്കം സത്യഗ്രഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന 603 ദിവസം നീളുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വൈക്കം ബീച്ചിൽ നടന്ന ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനൊപ്പം നിർവഹിച്ചു പ്രസം​ഗിക്കുകയായിരുന്നു പിണറായി വിജയൻ. പോരാട്ടത്തിൽ ഒന്നിച്ച് നിൽക്കുന്നതി​ന്റെ വലിയ മാതൃക മുന്നോട്ട് വച്ച സമരമായിരുന്നു വൈക്കത്ത് നൂറ്റാണ്ടുകൾക്ക് മുൻപ് നടന്നത്. വൈക്കത്തേത് രാഷ്ട്രീയ പ്രസ്ഥാനം കൂടി ചേർന്ന നവോത്ഥാനമായിരുന്നു. തമിഴ്നാടും കേരളവും അതിൽ ഒരുമിച്ചു നിന്നുവെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

ഇന്ത്യാ ചരിത്രത്തിലെ സമാനതകളില്ലാത്ത മുന്നേറ്റമാണ് വൈക്കം സത്യ​ഗ്രഹത്തിൽ കണ്ടത്. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ മറ്റൊരിടത്തും ഇതുപോലെയുള്ള നവോത്ഥാന സമരം നടന്നിട്ടില്ല. മഹാത്മാ ​ഗാന്ധിയുടെ ഇടപെടൽ കൂടി ഉണ്ടായതോടെയാണ് വൈക്കം സത്യഗ്രഹവും ദേശീയ പ്രസ്ഥാനവുമായുള്ള കണ്ണി കൂടുതൽ ദൃഡമായത്. വൈക്കം സത്യ​ഗ്രഹത്തിൽ ഉണ്ടായ യോജിപ്പും ഐക്യവും വരും കാലത്തും ഉണ്ടാകും. അതു വലിയ സാഹോദര്യമായി ശക്തിപ്പെടും. ഇന്ത്യക്ക് തന്നെയുള്ള മാതൃകകൾ അതിൽ ഉയർത്തിക്കാട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹിക പരിഷ്കരണ നവോത്ഥാന ധാരയും ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനവും സമന്വയിച്ചു എന്നതാണ് വൈക്കം സത്യാഗ്രഹത്തെ മറ്റു നവോത്ഥാന ധാരകളിൽ നിന്ന് വേറിട്ടു നിർത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിലുള്ള രാഷ്ട്രീയ കാര്യത്തിൽ യോജിപ്പ് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വൈക്കം സത്യഗ്രഹത്തിന്റെ പ്രൗഢിക്ക് ഒത്ത നിലയിലുള്ള സ്മാരകം വൈക്കത്ത് സംസ്ഥാന സർക്കാർ തന്നെ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി ഉദ്ഘാടന സമ്മേളനത്തിൽ പ്രഖ്യാപിച്ചു.

ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും അയ്യൻകാളിയും ഉൾപ്പെടെയുള്ളവരുടെ ചൈതന്യവത്തായ സന്ദേശങ്ങളുടെ പ്രചോദനമില്ലായിരുന്നുവെങ്കിൽ വൈക്കം സത്യഗ്രഹം പോലൊരു പുരോഗമന മുന്നേറ്റമുണ്ടാകുമായിരുന്നില്ല. ചാതുർവർണ്യത്തിന്റെ ജീർണതയ്ക്കെതിരേയുള്ള യുദ്ധകാഹളമായിരുന്നു വൈക്കം സത്യഗ്രഹം. ക്ഷേത്ര പ്രവേശനം അടക്കമുള്ള നവോത്ഥാന മുന്നേറ്റങ്ങളിലേക്ക് വഴി തെളിച്ചത് വൈക്കം സത്യാഗ്രഹത്തെ തുടർന്നു വന്ന സമര പരമ്പരകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Back to top button
error: