Social MediaTRENDING

ട്വിറ്റർ ജീവനക്കാർ മാത്രമല്ല, ഉപയോക്താക്കളും കുഴപ്പത്തിൽ! ഇന്ത്യ​ൻ സെലിബ്രിറ്റികൾ ഉൾപ്പെടെ 20 കോടി ആളുകളുടെ ഡാറ്റ ചോർന്നു; പ്രതികരിക്കാതെ ട്വിറ്റർ

ലോൺ മസ്ക് ചുമതലയേറ്റത് മുതൽ ട്വിറ്ററിൽനിന്ന് എത്തുന്ന വാർത്തകളൊന്നും പലർക്കും അ‌ത്ര സുഖകരമല്ല. മസ്ക് ട്വിറ്റിൽ കാലുവച്ചപ്പോ​ൾത്തന്നെ സിഇഒ അ‌ടക്കമുള്ളവർക്ക് കസേര നഷ്ടമായിരുന്നു. പിന്നീട് ജീവനക്കാരെയും പറഞ്ഞുവിടാൻ തുടങ്ങി. മസ്കിന്റെ ഓരോ പരിഷ്കാരവും വിവാദമായി, ഓരോ നീക്കവും വാർത്തയായി അ‌ങ്ങനെ വാർത്തകളിൽ സദാ സജീവമാണ് ട്വിറ്റർ. എന്നാൽ ട്വിറ്റർ കാരണം ജീവനക്കാർ മാത്രമല്ല, 20 കോടി ഉപയോക്താക്കളും ഇപ്പോൾ കുഴപ്പത്തിലായിരിക്കുകയാണ്. ഇന്ത്യയിലെ നിരവധി സെലിബ്രിറ്റികൾ ഉൾപ്പെടെ 20 കോടി ട്വിറ്റര്‍ ഉപയോക്താക്കളുടെ ഇ-മെയില്‍ വിലാസം ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. ഹഡ്‌സൺ റോക്കിന്റെ ചീഫ് ടെക്‌നോളജി ഓഫീസർ അലോൺ ഗാൽ ആണ് ഹാക്കിങ് വിവരവും ഡാറ്റ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന വിവരവും ഓൺലൈൻ വഴി പുറത്തുവിട്ടിരിക്കുന്നത്.

ഉപയോക്താക്കൾ തങ്ങളുടെ ട്വിറ്റർ അക്കൗണ്ടുകൾ സൃഷ്ടിക്കാൻ നൽകിയ ഇമെയിൽ വിലാസങ്ങൾ ആണ് ചോർന്നിരിക്കുന്നത് എന്നാണ് വിവരം. ഇതോടൊപ്പം ഈ ഉപയോക്താക്കളുടെ മൊ​ബൈൽ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളും ചോർന്നതായാണ് വെളിപ്പെടുത്തൽ. നിരവധി സെലിബ്രിറ്റികളുടെ പേരുകളും സ്‌ക്രീൻ നെയിമുകളും അ‌ടങ്ങിയ ഡാറ്റയുടെ സ്‌ക്രീൻഷോട്ട് അലോൺ ഗാൽ പങ്കുവച്ചിട്ടുണ്ട്. പല സെലിബ്രിറ്റികളും തങ്ങളുടെ ട്വിറ്റർ അ‌ക്കൗണ്ടിനായി പ്രധാന ഇ – മെയിൽ വിലാസം നൽകിയിരുന്നതായും ഇവർക്കെല്ലാം ആശങ്കയുണ്ടാക്കുന്ന തരത്തിലാണ് വിവരച്ചോർച്ചയെന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

Signature-ad

ലോകത്താകെയുള്ള 20 കോടിപ്പേരുടെ ഡാറ്റകളാണ് പുറത്തായത്. ഇതിൽ ഇന്ത്യയിലെ നിരവധി സെലിബ്രിറ്റികളും ഉൾപ്പെടുന്നു. ഇന്ത്യൻ സെലിബ്രിറ്റികളായ വിരുഷ്ക( വിരാട് കോഹ്‌ലി-അനുഷ്‌ക ശർമ്മ), വീരേന്ദർ സെവാഗ്, ബോളിവുഡ് താരങ്ങളായ സൽമാൻ ഖാൻ, അക്ഷയ് കുമാർ, ഹൃത്വിക് റോഷൻ തുടങ്ങിയ പ്രമുഖരുടെ വിവരങ്ങളും ചോർന്നവയിൽ ഉൾപ്പെടുന്നു എന്നാണ് സ്ക്രീൻഷോട്ടുകൾ വ്യക്തമാക്കുന്നത്. ഹാക്കർമാർ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന ഡാറ്റകളിലുള്ള ഇമെയിൽ വിലാസങ്ങൾ കൃത്യമാണെന്ന് സ്ഥിരീകരിച്ച ബ്ലീപ്പിംഗ് കമ്പ്യൂട്ടർ വെബ്‌സൈറ്റാണ് ഡാറ്റ ഡൗൺലോഡ് ചെയ്തത്.

അ‌തേസമയം ഇത്രയൊക്കെ ചർച്ചയായിട്ടും പ്രമുഖരുടെ ഉൾപ്പെടെ വിവരങ്ങൾ ചോർന്നിട്ടും സംഭവത്തില്‍ ട്വിറ്റര്‍ ഇതുവരെയും ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഇലോൺ മസ്കോ ട്വിറ്ററിന്റെ ഉത്തരവാദിത്തപ്പെട്ട ആളുകളോ വിഷയത്തിൽ പ്രതികരിക്കാത്തതിൽ വിമർശനങ്ങളും വ്യാപകമായി ഉയരുന്നുണ്ട്. അ‌തേസമയം ​സാമ്പത്തിക പ്രതിസദ്ധിയിലേക്ക് മുങ്ങിക്കൊണ്ടിരിക്കുന്ന ട്വിറ്റർ അ‌തിജീവനത്തിനായി പോരാടുകയാണ് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഓഫീസിലെ ടോയ്ലെറ്റ് പേപ്പർ വരെ കാലിയായ നിലയിലുള്ള ട്വിറ്റർ ആകെ നാറിയിരിക്കുകയാണെന്നും ജീവനക്കാർ വീട്ടിൽനിന്നാണ് ടോയ്ലറ്റ് പേപ്പറുകൾ കൊണ്ടുവരുന്നത് എന്നുമായിരുന്നു അ‌ടുത്തിടെ വെളിയിൽവന്നത്.

ട്വിറ്ററിൽ ചുമതല ഏറ്റതിന് പിന്നാലെ ജീവനക്കാരുടെ വർക്ക് ഫ്രം ഹോം സൗകര്യം നിർത്തലാക്കി മസ്ക് ഉത്തരവിട്ടിരുന്നു. എന്നാൽ ഇപ്പോൾ വാടകക്കുടിശിക നൽകാനാകാത്തതിനാൽ പല ഓഫീസുകളും പൂട്ടി. ഇതോടെ വീട്ടിലിരുന്നു തന്നെ പണിയെടുത്താൽ മതി എന്ന് ജീവനക്കാരോട് പറയേണ്ട ഗതികേടും മസ്ക് നേരിട്ടു. ന്യൂയോർക്ക് സിറ്റിയിലും സാൻഫ്രാൻസിസ്‌കോയിലും മാത്രമാണ് ഇനി ട്വിറ്ററിന് ഓഫീസുകളുളളത് എന്നാണ് മറ്റൊരു റിപ്പോർട്ട്. രണ്ട് ചാർട്ടേഡ് വിമാനങ്ങളുടെ വാടകയും നൽകിയിട്ടില്ല. എന്നാൽ വിവാദങ്ങൾ ചറപറാ ഉണ്ടാക്കുന്നുണ്ട് എങ്കിലും ഇവയിലൊന്നും പ്രതികരണം നടത്താൻ മസ്ക് തയാറായിട്ടില്ല.

Back to top button
error: