KeralaNEWS

വർക്കലയിൽ വിനോദസഞ്ചാരത്തിൻറെ മറവിൽ വ്യാപക ലഹരി വിൽപ്പന; പ്രതികളെ പിടിക്കേണ്ട എക്സൈസിന്റെ ജീപ്പ് കട്ടപ്പുറത്ത് ! 

തിരുവനന്തപുരം: വർക്കലയിൽ വിനോദസഞ്ചാരത്തിൻറെ മറവിൽ വ്യാപക ലഹരി വിൽപ്പന. റിസോർട്ടുകൾ കേന്ദ്രീകരിച്ചാണ് ഇടനിലക്കാർ ലഹരി എത്തിക്കുന്നത്. എന്നാൽ ലഹരിക്കടത്തുകാരെ പിടികൂടേണ്ട വർക്കല എക്സൈസ് ഓഫീസിലെ ജീപ്പ് കട്ടപ്പുറത്ത് കയറിയിട്ട് ആറുമാസത്തിലേറെയായി. അനധികൃതമായി പ്രവർത്തിക്കുന്ന റിസോർട്ടുകൾക്കെതിരായ മുനിസിപ്പാലിറ്റിയുടെ നടപടി ഇഴഞ്ഞുനീങ്ങുകായാണെന്ന ആക്ഷേപവും ശക്തമാണ്.

ക്രിസ്മസ് പുതുവത്സര സീസണിൽ നിശാപാർട്ടികളെ ലക്ഷ്യമിട്ട് വർക്കലയിൽ ലഹരിവിൽപ്പന വ്യാപകമാകുമെന്നാണ് മുന്നറിയിപ്പ്. വിനോദസഞ്ചാരികളെ ലക്ഷ്യമാക്കി വിൽപ്പനയ്ക്കെത്തിച്ച വിദേശമദ്യവും കഞ്ചാവും വാഷും അടക്കമുള്ള ലഹരി പദാർത്ഥങ്ങൾ സീസൺ തുടങ്ങുന്നതിന് മുമ്പേ നാലുമാസത്തിനിടെ എക്സൈസ് പിടികൂടിയിരുന്നു. റിസോർട്ടുകളിൽ നിശാപാർട്ടികൾക്കും അല്ലാതെയും എത്തുന്നവരെ ലക്ഷ്യമാക്കി ഇതര സംസ്ഥാനങ്ങളിൽ നിന്ന് പ്രാദേശിക ഇടനിലക്കാർ വഴിയാണ് ലഹരി വിൽപ്പന.

Signature-ad

എന്നാൽ ലഹരിവിരുദ്ധ വേട്ടക്കിറങ്ങേണ്ട എക്സൈസ് ഓഫീസി​ന്റെ ഗതി പരിതാപകരമാണ്. ആകെയുള്ള ഒരു ജീപ്പ് കട്ടപ്പുറത്ത് കയറിയിട്ട് ആറുമാസത്തിലേറെയായിട്ടും പുതിയതൊന്ന് കിട്ടിയിട്ടില്ല. വാഹനം വാടകയ്ക്ക് വിളിച്ചാണ് നിലവിൽ എക്സൈസ് റെയ്ഡിനിറങ്ങുന്നത്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന റിസോർട്ടുകൾക്കെതിരെ നടപടിയെടുക്കണമെന്ന് പൊലീസും എക്സൈസും നിരവധി തവണ മുനിസിപ്പാലിറ്റിയോട് ആവശ്യപ്പെട്ടിട്ടും നടപടികൾ വൈകുകയാണ്. എത്ര റിസോർട്ടുകൾക്ക് സ്റ്റോപ്പ് മെമ്മോ നൽകിയെന്ന വിവാരവകാശചോദ്യത്തിന് എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ലെന്നായിരുന്നു മുനിസിപ്പാലിറ്റിയുടെ മറുപടി. ലഹരിവിൽപ്പന ഉപയോഗം തടയാൻ എല്ലാ വകുപ്പുകളും കൈകോർക്കണമെന്ന് സർക്കാർ പറയുമ്പോഴാണ് അനധികൃത നിർമ്മാണങ്ങൾക്കെതിരെ മുനിസിപ്പാലിറ്റി മുഖം തിരിക്കുന്നത്.

Back to top button
error: