HealthLIFE

മഞ്ഞുകാലത്തെ മൈഗ്രേയ്ൻ, പരിഹരിക്കാൻ ചെയ്യാവുന്നത്

നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലതാണ്. ഇതില്‍ കാലാവസ്ഥയ്ക്ക് ചെറുതല്ലാത്തൊരു പങ്കുണ്ടെന്ന് ഏവര്‍ക്കും അറിയാം. ഇത്തരത്തില്‍ നാം ശ്രദ്ധിക്കേണ്ടൊരു ആരോഗ്യപ്രശ്നമാണ് തലവേദന. വെറും തലവേദനയെ കുറിച്ചല്ല മൈഗ്രേയ്ൻ എന്ന അല്‍പം കൂടി കാഠിന്യമേറിയ തലവേദനയെ കുറിച്ചാണ് പങ്കുവയ്ക്കാനുള്ളത്. മൈഗ്രേയ്ൻ പലരിലും മഞ്ഞുകാലത്ത് കൂടാറുണ്ട്. എന്നാലിക്കാര്യം അധികപേര്‍ക്കും അറിവില്ല എന്നതാണ് സത്യം.

എന്തുകൊണ്ട് മഞ്ഞുകാലത്ത് മൈഗ്രേയ്ൻ?

മൈഗ്രേയ്ൻ തന്നെ എന്തുകൊണ്ടാണ് വ്യക്തികളില്‍ വരുന്നത് എന്നതിന് കൃത്യമായ ഉത്തരം നല്‍കാൻ ശാസ്ത്രലോകത്തിന് ഇതുവരെ സാധിച്ചിട്ടില്ല എന്നതാണ് സത്യം. എന്നാല്‍ ചില ഘടകങ്ങള്‍ ഇതിലേക്ക് നയിക്കാമെന്ന തരത്തിലുള്ള കണ്ടെത്തലുകള്‍ വന്നിട്ടുമുണ്ട്.അതുപോലെ തന്നെ മ‍ഞ്ഞുകാലത്ത് എന്തുകൊണ്ടാണ് മൈഗ്രേയ്ൻ എന്ന് ചോദിച്ചാല്‍ ഇവിടെയും ചില നിഗമനങ്ങളാണ് പങ്കുവയ്ക്കാൻ സാധിക്കുക.

കാലാവസ്ഥ മാറുമ്പോള്‍ മനുഷ്യരുടെ തലച്ചോറില്‍ കാണപ്പെടുന്ന കെമിക്കലുകളുടെ അളവില്‍ (ബാലൻസില്‍ ) മാറ്റം വരാം. സെറട്ടോണിൻ പോലുള്ള ഹോര്‍മോണുകള്‍ ഇതിനുദാഹരണമാണ്. ഇത് വളരെയധികം മനശാസ്ത്രപരമായി സ്വാധീനപ്പെടുന്ന ഘടകമാണെന്നും വിദഗ്ധര്‍ പ്രത്യേകമായി ചൂണ്ടിക്കാട്ടുന്നു. അതായത് ഇതെക്കുറിച്ച് ധാരണയില്ലാത്ത വ്യക്തിയെ സംബന്ധിച്ച് മഞ്ഞുകാലത്തെ മൈഗ്രേയ്ൻ അദ്ദേഹം അത്ര കാഠിന്യത്തോടെ തിരിച്ചറിയണമെന്നോ അനുഭവിക്കണമെന്നോ ഇല്ല.

മ‍ഞ്ഞുകാലത്ത് താപനില കുറഞ്ഞിരിക്കുന്നതും സൂര്യപ്രകാശം കുറവ് മാത്രം ലഭിക്കുന്നതും മൂലം അന്തരീക്ഷമര്‍ദ്ദം ബാധിക്കപ്പെടുകയും ഇതുവഴി മൈഗ്രേയ്ൻ വരികയും ചെയ്യാമെന്നത് മറ്റൊരു നിഗമനം. അന്തരീക്ഷ മര്‍ദ്ദം അനുസരിച്ച് നമ്മുടെ ശരീരത്തിന്‍റെ രക്തസമ്മര്‍ദ്ദവും മാറാം. ഇതോടെയാണത്രേ തലവേദനയുണ്ടാകുന്നത്. തണുപ്പുകാലങ്ങളില്‍ തലച്ചോറിലെ രക്തക്കുഴലുകളും നാഡികളും ചുരുങ്ങിയിരിക്കുന്നതും തലവേദനയിലേക്ക് നയിക്കാമെന്ന് പഠനങ്ങള്‍ പറയുന്നു. ഇതിനെല്ലാം ഒപ്പം തന്നെ ഉറക്കപ്രശ്നങ്ങള്‍ നേരിടുക കൂടി ചെയ്യുന്നുവെങ്കില്‍ ഇതും തലവേദനയ്ക്ക് ആക്കം കൂട്ടാം.

പരിഹരിക്കാൻ ചെയ്യാവുന്ന ചിലത്…

മഞ്ഞുകാലത്ത് മൈഗ്രേയ്ൻ ഉള്ളവര്‍ക്ക് ഇത് കൂടാമെന്ന് മനസിലാക്കിയല്ലോ. ഇനിയിത് പരിഹരിക്കാൻ നമുക്ക് എന്തെല്ലാം ചെയ്യാമെന്ന് കൂടിയൊന്ന് പരിശോധിക്കാം. ഒന്നാമതായി ചെയ്യേണ്ടത്, മഞ്ഞുകാലത്തെ തണുപ്പില്‍ നിന്ന് പരമാവധി സ്വയം സുരക്ഷിതമാക്കുകയെന്നതാണ്. വീടിന് പുറത്തുപോകുമ്പോള്‍ അതിന് തക്ക സജ്ജീകരണങ്ങളുമായി പോവുക.മഞ്ഞ് കൊള്ളാതിരിക്കുക, ശരീരം കഴിയുന്നതും ചൂടാക്കി നിര്‍ത്തുക.

മൈഗ്രേയ്ന് മരുന്ന് കഴിക്കുന്നവരാണെങ്കില്‍ തീര്‍ച്ചയായും ഇത് മുടങ്ങാതെ കഴിക്കണം. അതുപോലെ ഉറക്കവും ശരിയായ രീതിയില്‍ ഉറപ്പിക്കണം. കഴിയുന്നതും ദിവസത്തില്‍ ഒരു നേരമെങ്കിലും വര്‍ക്കൗട്ട് (വ്യായാമം) ചെയ്യുന്നത് മൈഗ്രേയ്ന് ആശ്വാസം ലഭിക്കാൻ സഹായിക്കും. ശരീരത്തില്‍ ആവശ്യത്തിന് ജലാംശവും ഉറപ്പുവരുത്തണം. ഇതിന് അല്‍പാല്‍പമായി ഇടയ്ക്കിടെ വെള്ളം കുടിക്കാം. തണുപ്പുള്ള കാലാവസ്ഥയില്‍ സൂര്യപ്രകാശം കിട്ടുന്ന സമയങ്ങളില്‍ അല്‍പനേരം ഇതേല്‍ക്കാനും ശ്രമിക്കുക.

Back to top button
error: