KeralaNEWS

തോപ്പിൽ ഭാസി എന്ന വിപ്ലവ സൂര്യൻ അസ്തമിച്ചിട്ട് ഇന്ന് 30 വർഷം

സിനിമ ഓർമ്മ

തോപ്പിൽ ഭാസി വിടപറഞ്ഞിട്ട് ഇന്ന് 30 വർഷം. 1924 ഏപ്രിൽ 8 നാണ് കായങ്കുളത്തിനു സമീപം വള്ളികുന്നം ഗ്രാമത്തിൽ ഭാസ്ക്കരപിള്ള എന്ന തോപ്പിൽ ഭാസി ജനിച്ചത്. കേരളത്തിലെ വിപ്ലവ പ്രസ്ഥാനത്തിന് അതുല്യസംഭവനകൾ നൽകിയ തോപ്പിൽ ഭാസി മലയാളനാടക പ്രസ്ഥാനത്തിൻ്റെ പര്യായമാണ്. ആയൂർവേദ ഭിഷഗ്വരനാകാൻ വേണ്ടിയാണ് അദ്ദേഹം പഠനം ആരംഭിച്ചത്. പക്ഷേ വിപ്ലവകാരിയും നാടകക്കാരനുമായി മാറിയത് കേരളത്തിൻ്റെ സുകൃതം .

Signature-ad

തോപ്പിൽ ഭാസി സ്വന്തം നാടകങ്ങളിലൂടെ നിരക്ഷരരെ പോലും ആഴമുള്ള രാഷ്ട്രീയചിന്തകളിലേയ്ക്കും അർത്ഥപൂർണ്ണമായ തത്വശാസ്ത്രങ്ങളിലേയ്ക്കും നയിച്ചു. ഒളിവിൽ കഴിയുമ്പോൾ സോമൻ എന്ന തൂലികാനാമത്തിൽ എഴുതിയ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകം ജനാധിപത്യസമ്പ്രദായത്തിലൂടെ ലോകത്തിലാദ്യമായി പുരോഗമന പ്രസ്ഥാനം അധികാരം നേടിയ നവോത്ഥാനത്തിന് തുടക്കം കുറിച്ചു.

ഭാസിയുടെ ഓരോ നാടകങ്ങളിലും വ്യത്യസ്തമായ സന്ദേശങ്ങളുണ്ട്.
‘മുടിയനായ പുത്ര’നും ‘തുലാഭാര’വും ‘അശ്വമേധ’വും ‘പുതിയ ആകാശം പുതിയ ഭൂമി’യും, ‘ഇന്നലെ ഇന്ന് നാളെ’യും ‘കൈയ്യും തലയും പുറത്തിടരു’തും തുടങ്ങി ഭാസിയുടെ നാടകങ്ങൾ സമൂഹത്തിൽ ഉണർത്തിയ ചലനങ്ങൾ ചെറുതല്ല.

ആത്മകഥയായ ‘ഒളിവിലെ ഓർമ്മകൾ’ പഴയ മദ്ധ്യതിരുവിതാംകൂറിന്റെ രാഷ്ട്രീയ സാമൂഹ്യ ചിത്രം കൂടിയാണ്.

നാടകത്തിൽ നിന്ന് സിനിമയിലേക്ക് ചേക്കേറിയ തോപ്പിൽ ഭാസി നൂറിലധികം തിരക്കഥകൾ എഴുതുകയും 14 ചലച്ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു. തകഴി ഉൾപ്പെടെയുള്ള പല പ്രമുഖരുടേയും കഥകൾക്ക് തിരക്കഥ എഴുതി വിജയിപ്പിച്ചു.

എഴുപതുകളിൽ മലയാള സിനിമ തോപ്പിൽ ഭാസിയുടേത് കൂടിയായിരുന്നു. എഴുതിയ നൂറിലധികം തിരക്കഥകളിൽ എറിയവയും സ്വന്തം കഥകളും നാടകങ്ങളുമാണ്. തോപ്പിൽഭാസി മറ്റ് പ്രമുഖ എഴുത്തുകാരുടെ കഥകൾക്കും സ്ക്രിപ്റ്റ് എഴുതി. തകഴി (ഏണിപ്പടികൾ), വൈക്കം മുഹമ്മദ് ബഷീർ (മുച്ചീട്ടുകളിക്കാരന്റെ മകൾ), പാറപ്പുറത്ത് (ആദ്യകിരണങ്ങൾ), പി ഭാസ്‌ക്കരൻ (ശ്യാമളച്ചേച്ചി), മലയാറ്റൂർ രാമകൃഷ്‌ണൻ (യക്ഷി), പമ്മൻ (ചട്ടക്കാരി), പി.ജെ ആന്റണി (നദി), ജി വിവേകാനന്ദൻ (ത്രിവേണി), എസ്.കെ പൊറ്റെക്കാട് (നാടൻ പ്രേമം), (പി കേശവദേവ് (ഒരു സുന്ദരിയുടെ കഥ), മുട്ടത്ത് വർക്കി (അഴകുള്ള സെലീന), മല്ലിക യൂനിസ്(എന്റെ ഉപാസന), ചന്ദ്രകല എസ്. കമ്മത്ത് (രുഗ്മ), പി.ആർ ശ്യാമള (സന്ധ്യക്ക് വിരിഞ്ഞ പൂവ്), ജോർജ്ജ് ഓണക്കൂർ (എന്റെ നീലാകാശം) തുടങ്ങിയവരു രചനകൾ തോപ്പിൽ ഭാസിയുടെ തിരക്കഥയിലൂടെയാണ് അഭ്രപാളികളിലെത്തിയത്. 1992 ഡിസംബർ 8 ആണ് തോപ്പിൽ ഭാസിയുടെ ചരമദിനം.
മരിച്ച് 20 വർഷങ്ങൾക്ക് ശേഷം തോപ്പിൽ ഭാസിയുടെ ഒരു തിരക്കഥയ്ക്ക് വീണ്ടും ചലച്ചിത്രഭാഷ്യമുണ്ടായി. അതാണ് ‘ചട്ടക്കാരി’. 1974-ൽ ഇതേ കഥ സിനിമയാക്കിയ കെ എസ് സേതുമാധവന്റെ മകനാണ് 2012ൽ ചട്ടക്കാരിയെ വീണ്ടും അവതരിപ്പിച്ചത്.

സ്വന്തം നാടായ വള്ളികുന്നത്തെ ആദ്യപഞ്ചായത്ത് പ്രസിഡൻ്റായിരുന്നു. രണ്ടു തവണ നിയമസഭാംഗമായി. ഇന്ത്യയിലെ ഏറ്റവും വലിയ നാടക പ്രസ്ഥാനമായ ഇപ്റ്റയുടെ നേതൃത്വപദവി, ഒന്നിലധികം സാഹിത്യഅക്കാഡമി അവാർഡുകളും മറ്റ് നിരവധി പുരസ്ക്കാരങ്ങളും. മാത്രമല്ല ഒരു പക്ഷേ ലോകത്തിലെ തന്നെ ഏറ്റവും വലിയ നാടക പ്രസ്ഥാനത്തിന്റെ സംഘാടകൻ, അങ്ങനെ തുടങ്ങി തോപ്പിൽ ഭാസി പ്രതിഭ തെളിയിച്ച മേഖലകൾ അനവധിയാണ്.

സമ്പാദകൻ: സുനിൽ കെ. ചെറിയാൻ

Back to top button
error: