IndiaNEWS

കുടുങ്ങിയത് വൻ സ്രാവുകൾ, പ്ലാനിങ്ങും മുന്നൊരുക്കങ്ങളും കിറുകൃത്യം; ചരിത്രത്തിലെ ഏറ്റവും വലിയ ഭീകര വാദ വിരുദ്ധ നീക്കമെന്ന് എന്‍.ഐ.എ

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരെ നടന്ന രാജ്യവ്യാപക റെയ്ഡ് ഒരു സാധാരണ നടപടി ആയിരുന്നില്ലെന്ന് ശക്തമായ തയ്യാറെടുപ്പും തുടര്‍ന്നുള്ള ഗൗരവതരമായ യോഗവും വ്യക്തമാക്കുന്നു. എൻ.ഐ.എ യും ഇ.ഡിയും സംയുക്തമായി നടത്തിയ റെയ്ഡിൽ കേരളമടക്കം 15 സംസ്ഥാനങ്ങളിലെ റെയ്ഡിൽ 106 പേരെ കസ്റ്റടിയിലെടുത്തു. കേരളത്തിൽ നിന്നു മാത്രം 25 പേർ അറസ്റ്റിലായി.

വൻ സ്രാവുകളാണ് കേരളത്തിൽ നിന്നു പിടിയിലായത്. പോപ്പുലർ ഫ്രണ്ട് ദേശീയ ചെയർമാൻ ഒ.എം.എ സലാമിനെ മഞ്ചേരി കിഴക്കേത്തലയിലെ വീട്ടിൽനിന്നും ജനറൽ സെക്രട്ടറി നസിറുദ്ദീൻ എളമരത്തെ കൊണ്ടോട്ടി വാഴക്കാട്ടെ വീട്ടിൽനിന്നുമാണ് വ്യാഴാഴ്ച പുലർച്ചെ പിടികൂടിയത്. സംസ്ഥാന പ്രസിഡന്റ് സി.പി മുഹമ്മദ് ബഷീറിനെ തിരുനാവായയിലെ വീട്ടിൽനിന്ന് അറസ്റ്റുചെയ്തു. മുഹമ്മദലി എന്ന കുഞ്ഞാപ്പുവിനെ വളാഞ്ചേരിയിലെ വീട്ടിൽനിന്ന് പിടികൂടി.

Signature-ad

ഏജൻസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകര വാദ വിരുദ്ധ നീക്കം എന്നാണ് എൻ.ഐ.എ ഈ രാജ്യവ്യാപക റെയ്ഡിനെ വിശേഷിപ്പിച്ചത്. ഡൽഹി, കൊച്ചി, ഹൈദരബാദ് എന്നിവിടങ്ങളിലായി രജിസ്റ്റർ ചെയ്ത 5 കേസുകളിൽ ആണ്‌ റെയ്ഡ്.

ഭീകരവാദ ഫണ്ടിങ്, ആയുധ പരിശീലന ക്യാമ്പ്,നിരോധിത സംഘടനകളിലേക്ക് ആളെ ചേർക്കൽ എന്നിവ നടത്തിയവർക്കെതിരെയാണ് റെയ്ഡ് എന്ന് എൻ.ഐ.എ അറിയിച്ചു. കേരളത്തിലെ പൊലീസിനെ അറിയിച്ചില്ല എന്നത് കേരളത്തിലെ പേരെടുത്ത ആഭ്യന്തര സംവിധാനത്തിന് നാണക്കേടായി.

പൊലീസിലെ വിവരങ്ങള്‍ തീവ്രവാദ സംഘടനകള്‍ക്ക് ചോരുന്നു എന്ന സമീപകാല ആരോപണവും നാണക്കേടായി. ലോകത്ത് പലയിടത്തും ഇന്ത്യയില്‍ വിശേഷിച്ചും നടന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളിലെ മലയാളി സാന്നിധ്യം കുറേ ഏറെക്കാലമായി കേരളത്തിലെ ആഭ്യന്തര വകുപ്പിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുകയാണ്. കേരളത്തില്‍ മാത്രമല്ല നടപടി എന്ന ആശ്വാസമാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്.

15 സംസ്ഥാനങ്ങളിലെ 93 കേന്ദ്രങ്ങളിൽ നടന്ന റെയ്ഡിൽ 106 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 45 പേരെ അറസ്റ്റ് ചെയ്തത് എൻ.ഐ.എയും,61 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത് ഇ.ഡിയുമാണ്.

ഡൽഹി പാട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയ 18 പേരെ 4 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു.
റെയ്ഡിന് പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച ഉന്നത തല യോഗം സാഹചര്യം വിലയിരുത്തി.
ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, എൻ.ഐ.എ ഡയറക്ടർ ദിൻകർ ഗുപ്ത എന്നിവർ യോഗത്തിൽ പങ്കെടുത്തു

കേരളത്തിൽ അമ്പത് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. ഒരു ടീമിൽ നാലുപേരായിരുന്നു. ഇവർക്ക് സുരക്ഷയൊരുക്കിയത് 50 പേർ വീതമടങ്ങുന്ന കേന്ദ്രസേന. കേന്ദ്ര റിസർവ് പോലീസിലെയും ദ്രുതകർമസേനയിലെയും അംഗങ്ങളെ റെയ്ഡിനായി നേരത്തേ സജ്ജീകരിച്ചു. പിടിയിലാകുന്നവരെ കൊണ്ടുപോകാൻ അതിർത്തിരക്ഷാസേനയുടെ എഴുപത്തിയഞ്ചോളം സീറ്റുള്ള പ്രത്യേക വിമാനം കരിപ്പൂരിൽ നേരത്തേ എത്തിച്ചിരുന്നു.

രാജ്യത്ത് എൻ.ഐ.എ. നടത്തിയ ഏറ്റവും വലിയ റെയ്ഡുകളിലൊന്നാണ് വ്യാഴാഴ്ച പുലർച്ചെ നടന്നത്. എൻ.ഐ.എ.യുടെ ദക്ഷിണേന്ത്യൻ ചുമതലവഹിക്കുന്ന കൊച്ചിയിലെ ഐ.ജി. സന്തോഷ് രസ്തോഗിയാണ് ഇതിന് ചുക്കാൻപിടിച്ചത്.  ബെംഗളൂരു നിന്നുള്ള ഡി.ഐ.ജിമാരായ കാളകാട് മഹേഷ്കുമാർ, കെ.ബി. വന്ദന, ഡൽഹിയിൽ നിന്നുള്ള  അഷീഷ് ചൗധരി എന്നിവരും മറ്റ് അഞ്ച് എസ്.പി.മാരും ഇതിനായി കേരളത്തിലെത്തി.

എൻ.ഐ.എ. ഉദ്യോഗസ്ഥർ ഞായറാഴ്ചതന്നെ വിവിധ കേന്ദ്രങ്ങളിലെത്തി ഹോട്ടലിൽ തങ്ങി. പിടികൂടേണ്ടവരുടെ വീടുകൾ നേരത്തേ കണ്ടെത്തിയിരുന്നു. ഒരുമണിക്കൂർകൊണ്ട് വീടുകളിൽ എത്താവുന്ന ദൂരത്തിലാണ് ഉദ്യോഗസ്ഥർ താമസിച്ചത്. പുലർച്ചെ രണ്ടരയോടെ ഇവർ ഹോട്ടലിൽനിന്നിറങ്ങി നേരെ വീടുകളിലേക്ക് പുറപ്പെട്ടു. സെർച്ച് വാറണ്ട് കാണിച്ച് ലക്ഷ്യമിട്ടവരെ പിടികൂടി കൊണ്ടുപോയി. രാത്രിയായതിനാൽ കാര്യമായ ചെറുത്തുനിൽപ്പോ പ്രതിഷേധങ്ങളോ ഉണ്ടായില്ല.

മലബാർ മേഖലയിലെ പ്രതികളുമായി പുലർച്ചെ അഞ്ചരയോടെ ഓരോ സംഘവും കരിപ്പൂർ വിമാനത്താവളത്തിൽ എത്തിത്തുടങ്ങിയിരുന്നു. ഒമ്പതുമണിയോടെ പ്രതികളുമായി വിമാനം മടങ്ങി. ഒരു പ്രതിക്ക് ഒരു ഉദ്യോഗസ്ഥൻ വീതമായിരുന്നു വിമാനത്തിൽ.

കേരളത്തിൽ പോലീസിനെ ആശ്രയിക്കാതെ കേന്ദ്രസേനയുടെ സഹായത്തോടെയായിരുന്നു റെയ്ഡ്. കൊച്ചിയിലേക്ക് സി.ആർ.പി.എഫിന്റെ റാഞ്ചി കേഡറിലെ 10 കമ്പനികളിൽനിന്നുള്ള 750 ഭടന്മാരാണ് എത്തിയത്. അഞ്ചുദിവസംമുമ്പ് കൊച്ചിയിലെത്തിച്ച ഇവരോട് ജോലി എന്താണെന്ന് അവസാന നിമിഷംവരെ അറിയിച്ചിരുന്നില്ല. ബുധനാഴ്ച വൈകുന്നേരമാണ് ഓപ്പറേഷന് തയ്യാറാകാൻ നിർദേശിച്ചത്. ഓരോ ടീമും എന്തൊക്കെ ചെയ്യണമെന്നും ഏതൊക്കെ രേഖകൾ കണ്ടെത്തണമെന്നും മാർഗനിർദേശിച്ചിരുന്നു.

Back to top button
error: