KeralaNEWS

ഇ.എം.എസും പിണറായി വിജയനും, വിമോചന സമരം രണ്ടാം അദ്ധ്യായവും

അനിൽകുമാർ തിരുവോത്ത്

വിമോചന സമരാന്തരം, ഇ.എം.എസ് മന്ത്രിസഭ പിരിച്ചുവിടും മുമ്പ്, ഇ.എം.എസും നെഹ്രുവും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ അദ്ദേഹം ഇ.എംനോട് ചോദിച്ചു:
“ഇത്ര ചുരുങ്ങിയ സമയം കൊണ്ട് നിങ്ങൾക്കെങ്ങനെയാണ് ഇത്രയും വലിയ ശത്രുനിരയെ ഉണ്ടാക്കാൻ കഴിഞ്ഞത്…?”

കേരളചരിത്രത്തിലെ ഏറ്റവും നീചമായ വലതുപക്ഷ ചതിയിലെ വസ്തുതകളെ പൂർണ്ണമായും തമസ്കരിച്ചത് കൊണ്ടാണ് നെഹ്രുവിന് അങ്ങനെ ചോദിക്കാൻ കഴിഞ്ഞത്. പള്ളിയും പട്ടക്കാരും, കൂടെ സവർണ്ണരും ചേർന്ന അസാധാരണമായ ഒരു ധാരണ വിമോചന സമരത്തിൽ ഉണ്ടായിരുന്നു. അത് വളരെ പ്രകടവുമായിരുന്നു. അവർണ്ണരുടെയും ഏഴകളുടെയും ഒപ്പം നിന്ന ഇടതുപക്ഷത്തെയാണ് അന്ന് തകർക്കാൻ ശ്രമിച്ചത്. തങ്ങളുടെ അപ്രമാദിത്വം തകർന്ന് തരിപ്പണമാകുമെന്ന് ബോധ്യം വന്നപ്പോഴുണ്ടായ ആ ഹിംസാത്മകസമരത്തിന് പല അടരുകളുണ്ട്. ഇപ്പോഴും അയവു വന്നിട്ടില്ല ആ കൈകോർക്കലിന്. ചരിത്രം ഇവിടെ സാക്ഷ്യം പറഞ്ഞുകൊണ്ട് നില്പുണ്ട്. അത് വിടുന്നു.

ഇന്ന് ഇ.എം.എസിന്റെ സ്ഥാനത്ത് നിൽക്കുന്നത് സ: പിണറായി വിജയനാണ്. പിണറായിയോട് ശത്രുത (വിയോജിപ്പ് അല്ല) ഇല്ലാത്ത ഒരു ലിബറലിനേയോ, സ്വതന്ത്ര ബുദ്ധിജീവികളെയോ, തങ്ങൾ വലതുപക്ഷത്തിനു വേണ്ടിയാണ് സംസാരിക്കുന്നത് എന്ന് തിരിച്ചറിയുന്ന പുരോഗമന നാട്യക്കാരേയോ കാണുക പ്രയാസം.
വലതുപക്ഷ മാധ്യമങ്ങളിലൂടെ സംഘപരിവാർ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്ന നുണകൾ തൊണ്ടതൊടാതെ വിഴുങ്ങുന്ന സത്യാനന്തരകാല ‘ബുദ്ധിജീവികൾ’ ഏത് വൻ ചതിക്കൊപ്പമാണ് നിൽക്കുന്നതെന്ന് തിരിച്ചറിയാത്തതാണ് വർത്തമാന കേരളത്തിന്റെ ഏറ്റവും വലിയ ദുരന്തം. കെട്ടിപ്പൊക്കിയ നുണകളെല്ലാം ഒന്നൊന്നായി കൺമുന്നിൽ തകരുമ്പോഴും അത് വിശ്വസിക്കാതിരിക്കാനുള്ള ഉളുപ്പില്ലായ്മ കാണിക്കുന്ന പല സുഹൃത്തുക്കളേയും വ്യക്തിപരമായിപ്പോലും വിശ്വസിക്കാൻ കഴിയാതിരിക്കുന്നു.
കേരളത്തെ മുച്ചൂടും തകർക്കുന്ന ഒരു പ്രളയമാകുന്നു അവരുടെ നിലപാടുകൾ. എല്ലാ നാവുകളും സംഘപരിവാറിന്റേയും വലതുപക്ഷത്തിന്റേയും നാവാകുന്നതെങ്ങനെ…? കിട്ടുന്ന ഒരു ചെറിയ അവസരം പോലും വലിയ ഇടതുപക്ഷ വിരുദ്ധതയാക്കുന്ന കേമത്തമാണ് ഇന്ന് ബുദ്ധിജീവിതത്തിന്റെ ഉറച്ചമണ്ണ്. ‘ഏത് പാതാളത്തിന്റെ വക്കത്താണ് ഇരിപ്പ്’ എന്നറിയായ്കയാണ് ഇവർക്ക് ശാന്തി !
പറഞ്ഞുവരുന്നത് ഇതാണ്: പള്ളിയും പട്ടക്കാരും സവർണ്ണരും മുൻനിരയിൽ ദൃശ്യമല്ലാത്ത, എന്നാൽ ലിബറലുകളും സംഘപരിവാറും മാധ്യമങ്ങളും സവർണ്ണബോധത്തിൽ കാൽപൂണ്ടുപോയ പുരോഗമനനാട്യക്കാരും മുൻനിരയിൽ നിൽക്കുന്ന ഒരു വിമോചനസമരം തന്നെയാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. ദിനേന പ്രത്യക്ഷമാകുന്ന ചെറിയ നുണകൾ മുതൽ എല്ലാം പ്രത്യക്ഷവൽക്കരിക്കുന്നത് മറവിലെ ഒളിവിമോചന സമരത്തെത്തന്നെ.

എൻ.ബി: ശരി, ഇടതുപക്ഷം തകരട്ടെ, പകരം നിങ്ങളുടെ ഓപ്ഷൻ എന്താണ്…?

(കവിയും മാധ്യമ നിരൂപകനുമാണ് അനിൽ തിരുവോത്ത്. ടെലിവിഷൻ നിരൂപണത്തിന് രണ്ട് തവണ സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്.)

Back to top button
error: