NEWS

കേരളത്തിൽ നിന്നും പോത്തന്നൂർ ഭാഗത്തേക്ക് ട്രെയിൻ ഓടാൻ തുടങ്ങിയിട്ട് 160 വർഷങ്ങൾ; ഐലന്റ് എക്സ്പ്രസ് ഓടാൻ തുടങ്ങിയിട്ട് 158 വർഷങ്ങളും!

കേരളത്തിൽനിന്നും കോയമ്പത്തൂരിനടുത്തുള്ള പോത്തനൂരിലേക്ക് ട്രെയിൻ ഓടാൻ തുടങ്ങിയിട്ട് ഇന്നലെ(ഏപ്രിൽ 14) 160 വർഷങ്ങളായി.ഇപ്പോൾ ബംഗളൂരൂ-കന്യാകുമാരി റൂട്ടിൽ സർവീസ് നടത്തുന്ന ഐലന്റ് എക്സ്പ്രസ് ഓടാൻ തുടങ്ങിയിട്ട് 158 വർഷങ്ങളും.വിശ്വസിക്കുമോ? അതിലേക്ക് കടക്കുന്നതിന് മുൻപ് മറ്റുചില കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ട്.


1853 ഏപ്രിൽ16 ആം തീയതിയാണ് ഇന്ത്യയിലെ ആദ്യത്തെ യാത്രാതീവണ്ടി ഓടിത്തുടങ്ങിയത്.മഹാരാഷ്ട്രയിലെ ബോറിബന്ദർ,ബോംബെതാനെ എന്നീ സ്ഥലങ്ങളിലൂടെയാണ് ഈ തീവണ്ടി ഓടിയത്.1854 ഓഗസ്റ്റ് 15-ന് ബംഗാളിലെ ഹൗറയിൽ നിന്ന് ഹൂഗ്ലിയിലേക്കും യാത്രാവണ്ടി ഓടാൻ തുടങ്ങി.1856-ൽ മദ്രാസ് റെയിൽ‌വേ കമ്പനി മദ്രാസിലും ആദ്യത്തെ തീവണ്ടിപ്പാത തുറന്നു.ഇത് റോയപുരം മുതൽ ചിന്നാമപ്പേട്ട വരെ ആയിരുന്നു.

കേരളത്തിൽ സ്ഥാപിക്കപ്പെട്ട ആദ്യത്തെ റെയിൽപ്പാത ബേപ്പൂർ മുതൽ തിരൂർ വരെ 30.5 കി. മീ. നീളത്തിൽ 1861, മാർച്ച്, 12ന് പ്രവർത്തനം തുടങ്ങി.തിരൂരിൽ നിന്ന് കുറ്റിപ്പുറത്തേക്ക് ആ വർഷം മെയ് ഒന്നിനും, കുറ്റിപ്പുറത്തുനിന്ന് പട്ടാമ്പിയിലേക്ക് അടുത്ത വർഷം സെപ്തംബർ 23 നും, പട്ടാമ്പിയിൽ നിന്നു കോയമ്പത്തൂരിനടുത്തുള്ള പോത്തനൂർക്ക് 1862 ഏപ്രിൽ 14 നും തീവണ്ടികൾ ഓടിത്തുടങ്ങി.അതായത് 160 വർഷങ്ങൾ!
ചരിത്രത്തിൻ്റെ പാളത്തിലൂടെ ചൂളം വിളിച്ചോടുന്ന ഐലൻറ് എക്സ്പ്രസ് 
.
ബാംഗ്ലൂർ സിറ്റി റയിൽവേ സ്‌റ്റേഷനിൽ നിന്നുള്ള ഈ രാത്രി വണ്ടി ഓട്ടം തുടങ്ങിയിട്ട് ഒന്നര നൂറ്റാണ്ടിലേറെ ആയി എന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ ?
കേരളത്തിൽ ഇരുമ്പുപാളങ്ങളിലൂടെ തീവണ്ടിയോടിയ അതേ കാലഘട്ടത്തിൽ തന്നെ ബാംഗ്ലൂരിൽ നിന്നും കോയമ്പത്തൂരിലേക്ക് യാത്രയാരംഭിച്ച തീവണ്ടിയാണ് പിന്നീട് ഐലൻറ് എക്സ്പ്രസ് എന്ന പേരിൽ ജനകീയമായ തീവണ്ടി സർവ്വീസായത്.
ആദ്യ യാത്ര 1864 ൽ….. ഒറ്റത്തീവണ്ടി ആയിട്ടല്ല
ബാംഗ്ലൂരിൽ നിന്നും പുറപ്പെടുന്ന ബാംഗ്ലൂർ മദ്രാസ് മെയിൽ തീവണ്ടിയിൽ ഏതാനും കോച്ചുകൾ മാത്രം …….. അവ ജോലാർപേട്ടയിൽ വച്ച് മദ്രാസിൽ നിന്നുള  നീലഗിരി എക്പ്രസിൽ കൂട്ടിച്ചേർത്ത് കോയമ്പത്തൂരിലെത്തും ……… തിരിച്ചുള്ള യാത്രയും അങ്ങനെ തന്നെ. നീണ്ട കാലം അങ്ങനെ ഓടിയ ആ സർവ്വീസ് 1940 കളിൽ ബാംഗ്ലൂർ – കൊച്ചി ഹാർബർ ടെർമിനസ് (വെല്ലിംഗ്ടൺ ഐലൻ്റ്)  ആയി സർവ്വീസാരംഭിച്ചതോടെയാണ് ഐലൻറ് എക്പ്രസ്  എന്ന് പേരു വീഴുന്നത് ………25/ 26 എന്ന നമ്പരുകളിൽ
അന്നും വണ്ടി പൂർണമായും കൊച്ചിയിലേക്കില്ല ബാംഗ്ലൂരിൽ നിന്നും പുറപ്പെട്ട്  കോയമ്പത്തൂരിൽ ഏതാനും കോച്ചുകൾ  സർവ്വീസവസാനിപ്പിക്കും ബാക്കി  കൊച്ചിയിലേക്കുള്ള കോച്ചുകൾ 19/20 നമ്പർ മദ്രാസ് മെയിൽ  തീവണ്ടിയിൽ  കൊച്ചിയിലേക്ക് വരികയും തിരിച്ച് പോവുകയും ചെയ്യും.പിന്നീട് ഇന്ത്യ സ്വതന്ത്രയായി , കേരളമടക്കം സംസ്ഥാനങ്ങൾ രൂപീകൃതമായ ശേഷം 1960 കളിൽ ബാംഗ്ലൂരിൽ നിന്നും കൊച്ചിയിലേക്ക് ഒരു പൂർണ തീവണ്ടിയായി ഐലൻറ് എക്സ്പ്രസ് യാത്രയാരംഭിച്ചു ……… അക്കാലത്ത് എറണാകുളം ജംഗ്ഷനിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള പാത മീറ്റർ ഗേജ് ആയതിനാൽ യാത്ര അപ്പോഴും ഐലൻറ് വരെ മാത്രമായിരുന്നു.
ജയന്തിയും മദ്രസ് മെയിലും പോലെ തന്നെ അക്കാലത്ത് മലയാളിയുടെ “നാടുവിടൽ തീവണ്ടി ” ആയിരുന്നു ഐലൻറ് എക്സ്പ്രസും ……….
ഓരോ യാത്രയിലും ടിക്കറ്റെടുക്കാതെ ടിക്കറ്റ് പരിശോധകൻ്റെ കണ്ണിൽ പെടാതിരിക്കാൻ ടോയ്ലറ്റിലും സീറ്റിനടിയിലുമൊക്കെയായി യാത്ര ചെയ്ത ജീവിതങ്ങൾ എത്രയാവും ?…….
തീവണ്ടിപ്പാളങ്ങളിലെ ഇരുമ്പു ചക്രങ്ങളുടെ കറക്കത്തിനൊപ്പം കാലചക്രത്തിൻ്റെയും കറക്കത്തിനൊടുവിൽ 1976 ൽ എറണാകുളം – കൊല്ലം – തിരുവനന്തപുരം പാത ബ്രോഡ്ഗേജിലേക്ക് മാറിയതോടെ ഐലൻറ് എക്സ്പ്രസ് അതിൻ്റെ പേരിനു നിദാനമായ വെല്ലിംഗ്ടൺ ഐലൻറിനോട് മൊഴിചൊല്ലി.തീവണ്ടി നമ്പർ 6325/ 6326 ആയി
ബ്രിട്ടിഷ് ഓർമകൾ സമ്മാനിക്കുന്ന മറ്റൊരു ഐലൻറായ കൊല്ലത്തെ മൺറോ ഐലൻറ് ( മൺറോ തുരത്ത് ) ന് മുകളിലൂടെ തിരുവനന്തപുരം ലക്ഷ്യമാക്കി കുതിക്കാനാരംഭിച്ചു.
കൃത്യം ഒരു വ്യാഴവട്ടം പിന്നിട്ട 1988 ജൂലായ് 8 തീയതി  ചെറിയ ചാറ്റൽ മഴ പൊഴിയുന്ന ഉച്ചയ്ക്ക് ഏകദേശം ഒന്നേകാലോടെ  ബാംഗ്ലൂരിൽ നിന്നും തിരുവനന്തപുരം ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞുകൊണ്ടിരുന്ന ഐലൻറ്   എക്സ്പ്രസിൻ്റെ മെറൂൺ ചായം പൂശിയ കോച്ചുകൾ കൊല്ലത്തെ പെരുമൺ പാലത്തിൽ നിന്നും അഷ്ടമുടിക്കായലിലേക്ക് കൊഴിഞ്ഞു വീണു  ………
പതിനാല് കോച്ചുകളിൽ മുന്നിലെ പാഴ്സൽ വാനും ഒരു രണ്ടാം ക്ലാസ് കോച്ചും കഴിഞ്ഞുള്ള ഒമ്പത് കോച്ചുകൾ കായലിലേക്ക് വീണു അതിനുള്ളിലെ ജീവനുകളും ….! ഫസ്റ്റ് ക്ലാസ് കോച്ച് ത്രിശങ്കു സ്വർഗത്തിലെപ്പോലെ പാലത്തിനും വെള്ളത്തിനുമിടയിൽ തൂങ്ങി നിന്നു ………..
കേരളം കണ്ട ഏറ്റവും വലിയ തീവണ്ടി ദുരന്തം ……….
ഇന്നത്തെയത്ര വാർത്താ മാധ്യമങ്ങളില്ലാത്ത അക്കാലത്ത് ദുരന്തത്തെപ്പറ്റി ആദ്യമറിയിച്ചത് റേഡിയോ ആയിരുന്നു ……..
പിറ്റേന്ന് പുറത്തിറങ്ങിയ പത്രങ്ങളിലെ ഏതാണ്ട് മുഴുവൻ വാർത്താ ഭാഗവും ആ തീവണ്ടി കൊണ്ടുപോയി ………
കായലിൽ കണ്ണീരൊഴുകിയ ദിനം………
ഔദ്യോഗികമായി സ്ഥിരീകരിച്ച മരണം 105. ……..
പരിക്കേറ്റവർ ഇരുനൂറിലേറെ ……..
ടിക്കറ്റില്ലാതെയോ മറ്റോ ഉണ്ടായിരുന്നവർ ഇന്നും പെരുമണിൻ്റെ കായൽ ചെളിയിൽ നിത്യനിദ്രയിലുണ്ടാകുമോ?……...
അറിയില്ല …….. –
 1964ലെ ധനുഷ്കോടി തീവണ്ടി ദുരന്തത്തിന് ശേഷം കാറ്റ് തീവണ്ടിയെ വലിച്ചെറിഞ്ഞ ദിനം കൂടിയായിരുന്നു അത്! കായൽക്കരയിലെ തേങ്ങയും മടലും പൊഴിഞ്ഞു വീഴാത്തത്ര രഹസ്യവും ശക്തവുമായ കാറ്റായിരുന്നത്രേ കാരണം …….. !!
ഏതാനും ദിവസത്തെ അറ്റകുറ്റപ്പണികൾക്ക് ശേഷം വീണ്ടും തീവണ്ടിയോടിയ പാതയിൽ പിന്നെ ഐലൻറ് എക്പ്രസ് ഓടിയത് നാഗർകോവിലിലേക്കാണ് ……….
ഏതാനും വർഷങ്ങൾക്ക് ശേഷം ഇന്ത്യയുടെ തെക്കേ മുനമ്പിലേക്ക് ഓടിയെത്തി ബാംഗ്ലൂർ – കന്യാകുമാരി എക്സ്പ്രസായി ഐലന്റ് എക്സ്പ്രസ് മാറി.സൗത്ത് വെസ്‌റ്റേൺ റെയിൽവേ ഡിവിഷൻ്റെ വണ്ടിയായി 16525/16526 നമ്പറുകളിൽ ഐലൻ്റ് എക്സ്പ്രസ് ഇന്നും കുതിപ്പു തുടരുന്നു  –
മരത്തിൽ നിർമിച്ച കോച്ചും ആവി എഞ്ചിനുമുള്ള റേക്കിൽ നിന്നും ആധുനിക LBH കോച്ചും ഇലക്ട്രിക് എൻജിനുമുള്ള റേക്കുമായി ………..
കൂടുതൽ വിവരങ്ങൾ

1902-ൽ ഷൊർണൂർ-എറണാകുളം റെയിൽപ്പാത തുടങ്ങിയത് നാരോ ഗേജ് ആയിട്ടായിരുന്നു.1930-35 കാലത്ത് ഇത് ബ്രോഡ് ഗേജ് ആക്കി കൊച്ചിയുമായി ബന്ധിപ്പിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽത്തന്നെ ഷൊർണൂർ- നിലമ്പൂർ റെയിൽപ്പാതയും നിലവിൽ വന്നിരുന്നു.

 

Signature-ad

തിരുവിതാംകൂറിൽ കൊല്ലം ചെങ്കോട്ട റെയിൽപ്പാത 1890-ൽ ആണ് പണിതുടങ്ങിയത്.1904-ൽ ഈ പാതയിൽ വണ്ടികൾ ഓടിത്തുടങ്ങി. ഇത് തുടങ്ങിയത് മീറ്റർ ഗേജ് പാതയായിട്ടാണ്. പിന്നീട് 1931 നവംബർ 4-ന് തിരുവനന്തപുരം സ്റ്റേഷൻ വരെ ഈ പാത നിലവിൽ വന്നു. എറണാകുളം – കോട്ടയം പാത 1956-ലും, കോട്ടയം – കൊല്ലം പാത 1958-ലും നിലവിൽ വന്നു. 1976-ൽ എറണാകുളം – തിരുവനന്തപുരം റെയിൽപ്പാത ബ്രോഡ്ഗേജ് ആക്കി മാറ്റി.ഏറണാകുളം – ആലപ്പുഴ – കായംകുളം പാത 1992-ഓടേ ആണ് യാഥാർത്ഥ്യമായത്. മദ്രാസ് – എറണാകുളം പാത 1986-ഓടെ ഇരട്ടിപ്പിച്ചു. തൃശ്ശൂർ – ഗുരുവായൂർ റെയിൽപ്പാത 1994-ൽ ആണ് പണിതീർന്നത്. 2000-ത്തോടെ കായംകുളം- തിരുവനന്തപുരം പാത ഇരട്ടിപ്പിച്ചു.

 

 

കേരളത്തിൽ ആദ്യത്തെ ട്രെയിൻ സർവീസ് ആരംഭിച്ച വർഷം?
Ans : 1861 (തിരൂർ-ബേപ്പൂർ)
*കേരളത്തിലെ ഏറ്റവും വലിയ റെയിൽവെ സ്റ്റേഷൻ?
Ans : ഷൊർണ്ണൂർ (പാലക്കാട്)
*കേരളത്തിലെ റെയിൽവെ ഡിവിഷനുകൾ?
Ans : തിരുവനന്തപുരം, പാലക്കാട്
*റെയിൽവെ സർവ്വീസ് ഇല്ലാത്ത കേരളത്തിലെ ജില്ലകൾ?
Ans : ഇടുക്കി,വയനാട്
*ഒരു റെയിൽവെ സ്റ്റേഷനുകളുള്ള ജില്ല?
Ans : പത്തനംതിട്ട (തിരുവല്ല  റെയിൽവെ  സ്റ്റേഷൻ)
*ഏറ്റവും കൂടുതൽ റെയിൽവെ സ്റ്റേഷനുകളുള്ള ജില്ല?
Ans : തിരുവനന്തപുരം (20)
*കേരളത്തിൽ ഇലക്ട്രിക് ട്രെയിൻ ആരംഭിച്ച വർഷം?
Ans : 2000
*ഇന്ത്യൻ റെയിൽവെയുടെ സാധാരണ ട്രെയിനുകളുടെ നിറം?
Ans : നീല
*രാജധാനി എക്സ്പ്രസിന്റെ നിറം?
Ans : ചുവപ്പ്‍
*ശതാബ്ദി എക്സ്പ്രസിന്റെ നിറം?
Ans : നീല,മഞ്ഞ
*ഗരീബ് എക്സ്പ്രസിന്റെ നിറം?
Ans : പച്ച,മഞ്ഞ
*കേരളത്തിൽ നിന്നും ആരംഭിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവ്വീസ്?
Ans : തിരുവനന്തപുരം – ഗുവാഹത്തി എക്സ്പ്രസ്
*കേരളത്തിലൂടെ കടന്നുപോകുന്നവയിൽ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവ്വീസ്?
Ans : വിവേക് എക്സ്പ്രസ് (ദിബ്രുഗഢ് കന്യാകുമാരി)
*കേരളത്തിലെ ആദ്യ ഇലക്ട്രിക് ട്രെയിൻ?
Ans : എറണാകുളം-ഷൊർണൂർ
*കേരളത്തിൽ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന ദിവസേനയുള്ള ട്രെയിൻ സർവ്വീസ്?
Ans : കേരള എക്സ്പ്രസ് (തിരുവനന്തപുരം-ന്യൂഡൽഹി)
*എറണാകുളം – ആലപ്പുഴ തീരദേശ റെയിൽവെ പാത ആരംഭിച്ച വർഷം?
Ans : 1989
*കേരളത്തിലെ അവസാന മീറ്റർ ഗേജ്?
Ans : കൊല്ലം – ചെങ്കോട്ട (2010 ൽ അവസാന യാത്ര നടത്തി)

Back to top button
error: