KeralaNEWS

സാമ്പത്തിക പ്രതിസന്ധികളില്‍ ഉഴലുന്ന സംസ്ഥാനങ്ങളെ കൂടുതല്‍ വിഷമതകളിലേയ്ക്ക് തള്ളിവിടുന്നതാണ് കേന്ദ്ര ഗവൺമെന്റിന്റെ വാക്സിന്‍ നയം, തുറന്നടിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഗൗരവതരമായ സ്ഥിതിയാണ് രൂപപ്പെടുന്നത്

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിൽ നിന്ന്

ഇന്നും പുതുതായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം കാല്‍ ലക്ഷത്തിനു മുകളിലാണ്. ആകെ 1,30,617 പരിശോധന നടത്തിയതില്‍ 28,447 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 27. ആകെ 1,78,983 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്ത് ഗൗരവതരമായ സ്ഥിതിയാണ് രൂപപ്പെടുന്നത്. കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരും. അടുത്ത രണ്ടുദിവസങ്ങളില്‍ ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളാണ് ഉണ്ടാവുക. അതുകഴിഞ്ഞ് ഏതൊക്കെ നിയന്ത്രണങ്ങള്‍ വേണമെന്ന് തിങ്കളാഴ്ച ചേരുന്ന രാഷ്ട്രീയ പാര്‍ടികളുടെ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

ഇന്ന് രാവിലെ പത്തു മണിക്ക് പ്രധാനമന്ത്രിയുമായി വിഡിയോ കോണ്‍ഫറന്‍സ് ഉണ്ടായിരുന്നു. കോവിഡിന്‍റെ രണ്ടാം തരംഗത്തെ അതിജീവിക്കാന്‍ കേരളം നടത്തിയിട്ടുള്ള ഒരുക്കങ്ങളും നടത്തുന്ന ഇടപെടലുകളും നമ്മുടെ ആവശ്യങ്ങളും വിശദമായി ആ മീറ്റിങ്ങില്‍ അവതരിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 3.5 ലേക്ക് കുറച്ചു കൊണ്ടുവന്ന ഒരു ഘട്ടത്തിലാണ് രണ്ടാമത്തെ തരംഗം ആരംഭിച്ചത്.

ഇന്നലെ
1,35,177 പേരെ ടെസ്റ്റ് ചെയ്തപ്പോള്‍ 26,995 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 19.85 ആണ്. ടെസ്റ്റ് പെര്‍ മില്യണ്‍ 4.22 ലക്ഷമാണ്. കേസ് ഫെറാലിറ്റി റേറ്റ് 0.39 ആക്കി കുറച്ച് നിര്‍ത്താന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. കര്‍വ് ക്രഷ് ചെയ്യാന്‍ മൂന്ന് ഇടപെടലുകളോടുകൂടിയ സ്ട്രാറ്റജി ആണ് ഇപ്പോള്‍ പിന്തുടരുന്നത്. ഒന്ന്, ടെസ്റ്റിന്‍റെ എണ്ണം കൂട്ടി പരമാവധി കേസുകള്‍ കണ്ടെത്തുക. രണ്ട്, കോവിഡ് ആശുപത്രികള്‍, ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍, ഹോം ഐസൊലേഷന്‍ എന്നിവയിലൂടെ ചികിത്സ പരമാവധി ലഭ്യമാക്കുക. മൂന്ന്, പ്രത്യേകമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും അവയുടെ മേല്‍നോട്ടവും കാര്യക്ഷമമാക്കി സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഒഴിവാക്കുകയും സമ്പദ്ഘടന മുന്നോട്ടുപോകുന്നു എന്നുറപ്പാക്കുകയും ചെയ്യുക.

പരമാവധി ആളുകള്‍ക്ക് വാക്സിനേഷന്‍ നല്‍കിഹേര്‍ഡ് ഇമ്യൂണിറ്റി വികസിപ്പിക്കുന്നതാണ് ഈ മഹാവ്യാധിക്കെതിരായുള്ള ഏറ്റവും മികച്ച പ്രതിരോധം എന്നാണ് സംസ്ഥാനം കണക്കാക്കുന്നത്. ആ നിലയ്ക്ക് മെയ് ഒന്ന് മുതല്‍ 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാനുള്ള കേന്ദ്രത്തിന്‍റെ തീരുമാനത്തെ കേരളം സ്വാഗതം ചെയ്യുന്നു. അത് കാര്യക്ഷമമാക്കുന്നതിന് ഘട്ടം ഘട്ടമായി വാക്സിന്‍ നല്‍കാനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതാണ് ഉചിതം. വിവിധ പ്രായക്കാര്‍ക്ക് വിവിധ സമയങ്ങള്‍ അനുവദിക്കാം. പ്രായഭേദമെന്യേ മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്ക് മുന്‍ഗണനയും നല്‍കാം.

താങ്ങാവുന്ന വിലക്ക് വാക്സിന്‍ ലഭിക്കാതിരുന്നത് കോവിഡിനെ അതിജീവിക്കുക എന്ന നമ്മുടെ ലക്ഷ്യ സാക്ഷാല്‍കാരത്തിന് വലിയ വെല്ലുവിളി ഉയര്‍ത്താം എന്ന ആശങ്ക യോഗത്തില്‍ അറിയിച്ചു.
ഇതിനോടകം 55.09 ലക്ഷം പേര്‍ക്ക് വാക്സിന്‍റെ ഒന്നാമത്തെ ഡോസും 8.37 ലക്ഷം പേര്‍ക്ക് രണ്ടാമത്തെ ഡോസും സംസ്ഥാനത്ത് ലഭ്യമാക്കിയിട്ടുണ്ട്.
ഇവിടെ വയോധികരുടെയും മറ്റ് രോഗങ്ങളുള്ളവരുടെയും വലിയ സംഖ്യ ഉണ്ട്. 45 വയസ്സിലധികമുള്ള 1.13 കോടിആളുകളുണ്ട്. ഇപ്പോഴുള്ള 4 ലക്ഷം ഡോസിന്‍റെ സ്റ്റോക്ക് 2 ദിവസം കൊണ്ട് തീരും. ഇതുകൊണ്ടൊക്കെ തന്നെ 50 ലക്ഷം ഡോസിനായുള്ള കേരളത്തിന്‍റെ ആവശ്യം ന്യായമായ ഒന്നാണ്. അത് എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

ഈ മഹാമാരിയുടെ ഘട്ടത്തില്‍ സംസ്ഥാനങ്ങള്‍ അനുഭവിക്കുന്ന സാമ്പത്തിക പരാധീനത പരിഗണിച്ച് എല്ലാ സംസ്ഥാനങ്ങള്‍ക്കും സൗജന്യമായി വാക്സിന്‍ ലഭ്യമാക്കി ദേശീയ തലത്തില്‍ തന്നെ ഹേര്‍ഡ് ഇമ്മ്യൂണിറ്റി വികസിപ്പിച്ചെടുക്കണം എന്നതാണ് കേരളത്തിന്‍റെ നിലപാട്. 400 രൂപയ്ക്ക് വാക്സിന്‍ പൊതുവിപണിയില്‍ നിന്ന് വാങ്ങണം എന്നുണ്ടെങ്കില്‍ ഏകദേശം 1,300 കോടി രൂപ ഇപ്പോള്‍ ചെലവ് വരും. ഇത് സംസ്ഥാനത്തിനുമേല്‍ അധിക സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കും. കാരണം, ഈ മഹാമാരിയുടെ ഘട്ടത്തില്‍ ഇപ്പോള്‍ തന്നെ അടിയന്തര ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കി ആളുകളുടെ ജീവന്‍ സംരക്ഷിക്കാന്‍ സംസ്ഥാനത്തിന് വലിയ തോതില്‍ പണം ചെലവഴിക്കേണ്ടി വരുന്നുണ്ട് എന്നതും പ്രധാന മന്ത്രിയുമായുള്ള വിഡിയോ കോണ്‍ഫറന്‍സില്‍ ചൂണ്ടിക്കാട്ടി. ക്രഷ് ദി കേര്‍വ് എന്ന സംസ്ഥാനത്തിന്‍റെ ലക്ഷ്യത്തിന് കേന്ദ്രത്തിന്‍റെ എല്ലാ സഹകരങ്ങളും അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്.

നേരത്തേ ചൂണ്ടിക്കാണിച്ചതുപോലെ സ്ഥിതിഗതികള്‍ ഗൗരവതരമാണ്. ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങാതിരിക്കാന്‍ പൊലീസിന്‍റെ നേതൃത്വത്തില്‍ പ്രധാന ജങ്ഷനുകളിലും തിരക്കുള്ള സ്ഥലങ്ങളിലും അനൗണ്‍സ്മെന്‍റുകള്‍ നടത്തുന്നുണ്ട്. പൊലീസും സെക്ടറല്‍ മജിസ്ട്രേറ്റുമാരും ആരോഗ്യ പ്രവര്‍ത്തകരും നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി എല്ലാവരും പാലിക്കണം. വ്യാപാര സ്ഥാപനങ്ങളിലും മാര്‍ക്കറ്റുകളിലും തിരക്കുണ്ടാകാതെയിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സജ്ജമാക്കിയിട്ടുണ്ട്. സ്ഥാപനങ്ങളില്‍ സ്ഥലവിസ്തൃതിയുടെ പകുതി ആളുകളെ മാത്രമേ ഒരേ സമയം ഉള്ളില്‍ പ്രവേശിപ്പിക്കാവൂ. ബാക്കിയുള്ളവര്‍ സാമൂഹിക അകലംപാലിച്ച് ക്യൂ നില്‍ക്കണം.

സ്ഥാപനങ്ങളിലേക്ക് കടക്കുമ്പോള്‍ നിര്‍ബന്ധമായും ശരീര ഊഷ്മാവ് പരിശോധിക്കുകയും കൈകള്‍ സാനിറ്റൈസ് ചെയ്യുകയും വേണം. ഇതിനായി സ്ഥാപനങ്ങള്‍ പ്രത്യേക ജീവനക്കാരെ നിയോഗിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടകളിലെത്തുന്നവരുടെ പേരും മറ്റു വിവരങ്ങളും എഴുതി സൂക്ഷിക്കുന്നതിനുള്ള രജിസ്റ്റര്‍ നിര്‍ബന്ധമാക്കണം. സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തില്‍ ഇക്കാര്യം ഉറപ്പാക്കാന്‍ പ്രത്യേക പരിശോധനകള്‍ ആരംഭിച്ചു.

കോവിഡ് പോസിറ്റീവ് ആയ വിവരം മറച്ചുവെച്ച് സമൂഹത്തില്‍ ഇടപെടലുകള്‍ നടത്തുന്ന സംഭവങ്ങളും ചിലയിടത്ത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത് അപകടം ക്ഷണിച്ചുവരുത്തും.
ഉയര്‍ന്ന രോഗവ്യാപനമുള്ള എറണാകുളം ജില്ലയില്‍ പ്രതിരോധത്തിന് കൂടുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 6 ഡൊമിസീലിയറി കെയര്‍ സെന്‍ററുകള്‍, 2 സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 11 ഫസ്റ്റ് ലൈന്‍, സെക്കന്‍റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററു കള്‍, 9 ആശുപത്രികള്‍ എന്നിവിടങ്ങളിലായി ചികിത്സാ സൗകര്യങ്ങള്‍ വിപുലപ്പെടുത്തി.

തൃശൂര്‍ പൂരം മാതൃകാപരമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പൊതുജനങ്ങളെ പങ്കെടുപ്പിക്കാതെ നടക്കുകയാണ്. അതിരപ്പള്ളി ട്രൈബല്‍ മേഖലയില്‍ കോവിഡ് പോസിറ്റീവ് നിരക്ക് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

നാളെയും മറ്റന്നാളും സംസ്ഥാനത്ത് അവശ്യ സര്‍വീസുകള്‍ മാത്രമേ പ്രവര്‍ത്തിക്കൂ എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ കൂടി വിശദീകരിക്കുകയാണ്.
നാളെയും മറ്റന്നാളും എല്ലാവരും വീട്ടിൽത്തന്നെ ഇരിക്കാൻ തയ്യാറാകണം. ഈ ദിവസങ്ങള്‍ നമ്മുടെ കുടുംബത്തിനുവേണ്ടി നമുക്ക് മാറ്റിവെയ്ക്കാം. അനാവശ്യമായ യാത്രകളും പരിപാടികളുമൊന്നും ഈ ദിസങ്ങളില്‍ അനുവദനീയമല്ല. നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ നടത്താം. ഹാളുകള്‍ക്കുളളില്‍ പരമാവധി 75 പേര്‍ക്കും തുറസായ സ്ഥലങ്ങളില്‍ 150 പേര്‍ക്കും മാത്രമായിരിക്കും പ്രവേശനം. മരണാനന്തരചടങ്ങുകള്‍ക്ക് പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാം. ചടങ്ങുകളില്‍ ആകെ പങ്കെടുക്കാവുന്നവരുടെ എണ്ണമാണ് ഇത്. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ യാത്ര ചെയ്യുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡും ക്ഷണക്കത്തും കരുതണം.

ദീര്‍ഘദൂര യാത്ര പൊതുവെ ഒഴിവാക്കേണ്ടതാണ്. വിവാഹം, മരണം മുതലായ ചടങ്ങുകള്‍, ഏറ്റവും അടുത്ത ബന്ധുവായ രോഗിയെ സന്ദര്‍ശിക്കല്‍, മരുന്ന്, ഭക്ഷണം എന്നിവയ്ക്കായി യാത്ര ചെയ്യാന്‍ അനുവാദമുണ്ട്. എന്നാല്‍, ഇവര്‍ സ്വന്തമായി തയ്യാറാക്കിയ സത്യപ്രസ്താവന കൈയ്യില്‍ കരുതണം. ഇതിന് പ്രത്യേക മാതൃക ഇല്ല.

ശനി, ഞായര്‍ ദിവസങ്ങളില്‍ ട്രെയിന്‍, വിമാന സര്‍വീസുകള്‍ പതിവുപോലെ ഉണ്ടായിരിക്കും. പൊലീസ് പരിശോധനാ സമയത്ത് യാത്രക്കാര്‍ക്ക് ടിക്കറ്റ് അഥവാ ബോര്‍ഡിങ് പാസും തിരിച്ചറിയല്‍ കാര്‍ഡും കാണിക്കാവുന്നതാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഹോട്ടലുകള്‍ക്കും റെസ്റ്റോറന്‍റുകള്‍ക്കും ഹോം ഡെലിവറി നടത്താം. വളരെ അത്യാവശ്യഘട്ടങ്ങളില്‍ പൊതുജനത്തിന് ഹോട്ടലുകളില്‍ പോയി ഭക്ഷണം വാങ്ങാവുന്നതാണ്. ഇതിനായി സത്യപ്രസ്താവന കയ്യില്‍ കരുതണം. ടെലികോം, ഐടി, ആശുപത്രികള്‍, മാധ്യമസ്ഥാപനങ്ങള്‍, പാല്‍, പത്രവിതരണം, ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. വീടുകളില്‍ മത്സ്യം എത്തിച്ച് വില്‍പ്പന നടത്തുന്നതിന് തടസമില്ല. എന്നാല്‍, വില്‍പ്പനക്കാര്‍ മാസ്ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.

നാളത്തെ ഹയര്‍സെക്കന്‍ററി പരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും. അതുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കും കുട്ടികള്‍ക്കും യാത്ര ചെയ്യാന്‍ അനുവാദമുണ്ട്. പരീക്ഷാകേന്ദ്രങ്ങളില്‍ കുട്ടികളെ എത്തിക്കുന്ന രക്ഷകര്‍ത്താക്കള്‍ അവിടെ കൂട്ടംകൂടി നില്‍ക്കാതെ ഉടന്‍ മടങ്ങണം. പരീക്ഷ തീരുന്ന സമയത്ത് കുട്ടികളെ വിളിക്കാന്‍ തിരിച്ചെത്തിയാല്‍ മതി. പരീക്ഷാകേന്ദ്രത്തിന് മുന്നില്‍ കുട്ടികളും രക്ഷകര്‍ത്താക്കളും തിരക്കുണ്ടാക്കാതെ സാമൂഹിക അകലം പാലിക്കേണ്ടതാണ്. യാത്രാസൗകര്യങ്ങള്‍ക്ക് വേണ്ട ഇടപെടല്‍ നടത്താന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

വായു മാര്‍ഗം കോവിഡ് പകരാന്‍ സാധ്യതകള്‍ കൂടിയിരിക്കുന്നു എന്ന് ലാന്‍സറ്റ് ജേര്‍ണലില്‍ പ്രസീദ്ധീകരിച്ച പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നു. തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ പുറത്തു വരുന്ന മൈക്രോ ഡ്രോപ്ലെറ്റ്സ് വായുവില്‍ തങ്ങി നില്‍ക്കുകയും അല്‍പ ദൂരം സഞ്ചരിക്കുകയും ചെയ്തേക്കാം. അത്തരത്തില്‍ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് വായു വഴി കോവിഡ് പകരുന്നു.

മാസ്കുകള്‍ കര്‍ശനമായി ധരിക്കേണ്ടതിന്‍റെ പ്രാധാന്യം ഈ പ്രശ്നം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്നു. മാസ്ക് ധരിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ രോഗം പകരാനുള്ള സാധ്യത വളരെ കൂടുതലാകും. മാസ്കുകളുടെ ശരിയായ രീതിയിലുള്ള ഉപയോഗം നമ്മള്‍ കര്‍ശനമായി പിന്തുടരണം. അടഞ്ഞ സ്ഥലങ്ങളില്‍ കൂടിയിരിക്കുക, അടുത്തിടപഴകുക, ഒരുപാടാളുകള്‍ കൂട്ടം കൂടുക എന്നിവയും വായുമാര്‍ഗം രോഗം പടരുന്നതിൽ വളരെ പ്രധാന കാരണങ്ങളാണ്.

കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ രോഗലക്ഷണങ്ങള്‍ കണ്ട ഉടനെത്തന്നെ ടെസ്റ്റിങ്ങിനു വിധേയമാകാന്‍ എല്ലാവരും തയ്യാറകണം. സാധാരണ പനിയോ ജലദോഷമോ ആണെന്നു കരുതി കാത്തുനിന്ന് സമയം കളയരുത്. വ്യാപനം രൂക്ഷമായിരിക്കുന്നതിനാല്‍ ആ ലക്ഷണങ്ങള്‍ കോവിഡിന്‍റേതാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
എത്രയും പെട്ടെന്ന് തൊട്ടടുത്ത ടെസ്റ്റിങ് സെന്‍ററില്‍ ചെന്ന് പരിശോധന നടത്തുകയും, ഫലം പോസിറ്റീവ് ആണെങ്കില്‍ അവശ്യമായ ചികിത്സയും മുന്‍കരുതലും സ്വീകരിക്കുകയും വേണം. ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്തു കഴിഞ്ഞവര്‍ രോഗലക്ഷണമുണ്ടെങ്കിലും ഇല്ലെങ്കിലും നിര്‍ബന്ധമായും ഐസോലേഷനില്‍ കഴിയേണ്ടതാണ്.

ഇന്ന് ചേര്‍ന്ന അവലോകന യോഗത്തില്‍ പ്രധാനപ്പെട്ട ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ പരമാവധി സൗകര്യം നല്‍കും. മറ്റു രോഗങ്ങളുള്ളവര്‍, വയോജനങ്ങള്‍ എന്നിവര്‍ക്കായി പ്രത്യേക കൗണ്ടറുകള്‍ തുടങ്ങുന്നത് ആലോചിക്കും. ആദിവാസി മേഖലകളില്‍ വാക്സിനേഷന് പ്രത്യേക സൗകര്യം നല്‍കും.
സിഎംഡിആര്‍എഫ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച പുതിയ വാക്സിന്‍ നയം സംസ്ഥാനങ്ങള്‍ക്കു മേല്‍ വലിയ ഭാരം അടിച്ചേല്‍പ്പിക്കുന്നതാണ്. ഇക്കാര്യം പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സില്‍ വ്യക്തമായി പറഞ്ഞിരുന്നു.

വാക്സിന്‍ വില നിശ്ചയിക്കാനുള്ള അധികാരം കമ്പനികള്‍ക്ക് കൈമാറിയതാണ് പ്രശ്നം. കേന്ദ്ര സര്‍ക്കാരിനു 150 രൂപയ്ക്ക് നല്‍കുന്ന വാക്സിന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപയ്ക്കാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാനങ്ങള്‍ക്ക് ക്വാട്ട നിശ്ചയിക്കാത്തതിനാല്‍ വാക്സിനു വേണ്ടിയുള്ള മത്സരവും ഉടലെടുക്കും. ലക്ഷക്കണക്കിനു മനുഷ്യരെ നിത്യേന രോഗികളാക്കുന്ന മഹാമാരിയെ നേരിടുമ്പോള്‍ ഒട്ടും ആശാസ്യമായ അവസ്ഥയല്ല ഇത്. സാമ്പത്തിക പ്രതിസന്ധികളില്‍ ഉഴലുന്ന സംസ്ഥാനങ്ങളെ കൂടുതല്‍ വിഷമകതകളിലേയ്ക്ക് തള്ളിവിടുന്നതാണ് കേന്ദ്ര ഗവൺമെന്റിന്റെ വാക്സിന്‍ നയം.
കയ്യില്‍ പണമുള്ളവര്‍ മാത്രം വാക്സിന്‍ സ്വീകരിച്ചോട്ടെ എന്ന നിലപാട് നമുക്ക് സ്വീകരിക്കാനാകില്ല. സ്വതന്ത്ര ഇന്ത്യയില്‍ ഇത്ര കാലം തുടര്‍ന്നു വന്ന സൗജന്യവും സാര്‍വത്രികവുമായ വാക്സിനേഷന്‍ എന്ന നയം നടപ്പിലാക്കാന്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം. ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കുക തന്നെ ചെയ്യും.

ഈ മഹാമാരിയെ തടയാന്‍ നമുക്ക് മുന്‍പിലുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് വാക്സിനേഷന്‍. ഭൂരിഭാഗം പേരും വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ മാത്രമേ, സമൂഹത്തിനും പ്രതിരോധം ആര്‍ജ്ജിക്കാന്‍ സാധിക്കൂ. ജനങ്ങളുടെ ജീവന്‍ കാക്കുന്നതിനോടൊപ്പം, നമ്മുടെ സാമ്പത്തിക വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും വാക്സിനേഷന്‍ എത്രയും പെട്ടെന്ന് പരമാവധി ആളുകളിലേക്ക് എത്തണം. അതിനായി പ്രതിബദ്ധതയോടെ സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കും. ഇക്കാര്യത്തില്‍ സര്‍ക്കാരിനേറ്റവും വലിയ പിന്തുണയായി മാറുന്നത് ജനങ്ങള്‍ തന്നെയാണ്. ഇന്നലെ നിങ്ങളുടെ ചോദ്യത്തിനുത്തരമായി ഇക്കാര്യത്തിൽ യുവാക്കൾ അടക്കമുള്ളവരുടെ ആവേശകരമായ പ്രതികരണത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. വാക്സിനുകള്‍ വാങ്ങുന്നതിലേയ്ക്കായി സിഎംഡിആര്‍എഫിലേക്ക് സംഭാവനകള്‍ ഇന്നലെ മുതല്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇന്നുമാത്രം ഒരുകോടിയിലധികം രൂപയാണ് ഇങ്ങനെ എത്തിയത്.

പ്രതിസന്ധി ഘട്ടങ്ങളില്‍, തങ്ങളുടെ സഹോദരങ്ങളുടെ സുരക്ഷയ്ക്കും നാടിന്‍റെ നന്മയ്ക്കും വേണ്ടി ഒത്തൊരുമിക്കുന്ന കേരള ജനത ഈ ലോകത്തിനു തന്നെ മാതൃകയായി മാറിയിരിക്കുന്നു. കേരളീയന്‍ എന്ന നിലയില്‍ അഭിമാനം തോന്നുന്ന മറ്റൊരു സന്ദര്‍ഭമാണിത്. ആരുടെയും ആഹ്വാനമനുസരിച്ചല്ല, ജനങ്ങള്‍ സ്വയമേവ മുന്നോട്ടുവന്നാണ് സംഭാവനകള്‍ നല്‍കുന്നത്. ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍നിന്നും വാക്സിന്‍ വാങ്ങാനുള്ള സംഭാവന എത്തുകയാണ്. ഇത്തരത്തില്‍ വാക്സിന്‍ വാങ്ങുന്നതിനായി ജനങ്ങള്‍ നല്‍കുന്ന തുക സംഭരിക്കുന്നതിന് സിഎംഡിആര്‍എഫില്‍ പ്രത്യേക അക്കൗണ്ട് ഉണ്ടാകും. ആ തുക വാക്സിനേഷനു വേണ്ടി മാത്രം ചെലവഴിക്കും. ഇപ്പോള്‍ വാക്സിനേഷന്‍ സ്വീകരിച്ചവരാണ് സംഭാവന അയക്കുന്നത്. എല്ലാവരും ഇതിന് സന്നദ്ധരാകണം. ഈ മുന്നേറ്റത്തില്‍ കൂടുതല്‍ ആളുകള്‍ പങ്കാളികളാകണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. വ്യക്തികള്‍ മാത്രമല്ല, സംഘടനകളും സ്ഥാപനങ്ങളും ഈ ലക്ഷ്യത്തിനായി കൈകോര്‍ക്കണം.

വാക്സിനേഷന്‍ ശക്തമായി നടപ്പിലാക്കി എത്രയും പെട്ടെന്ന് ഈ മഹാമാരിയില്‍ നിന്നും മുക്തമാവുക എന്ന ലക്ഷ്യം നമുക്ക് സഫലീകരിക്കണം. സാമ്പത്തികമായ വേര്‍തിരിവുകളെ മറികടന്ന് വാക്സിന്‍ ഏറ്റവും സാധാരണക്കാരനും ലഭ്യമാക്കണം. അതിനായി നമുക്കൊരുമിച്ചു നില്‍ക്കാം.

ആവര്‍ത്തിച്ച് നടത്താനുള്ള ഒരു അഭ്യര്‍ത്ഥന എല്ലാവരും അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമേ പുറത്തിറങ്ങാവൂ എന്നതാണ്. നിര്‍ണായകമായ ഒരു ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഓരോ നിമിഷവും ജാഗ്രതയോടെ ഇരിക്കേണ്ടതുണ്ട്. ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയവര്‍ റിസര്‍ട്ട് കിട്ടുന്നതുവരെ നിര്‍ബന്ധമായും ക്വാറന്‍റൈനില്‍ കഴിയണം.
രോഗം പടരുന്നതിന്‍റെ വേഗവും രീതിയും മാറിയിട്ടുണ്ട് എന്നതും ഓര്‍മ വേണം. അതിനനുസരിച്ച് സൗകര്യങ്ങളൊരുക്കാനുള്ള ശ്രമത്തിലാണ് നമ്മള്‍ ഓരോരുത്തരും എന്നു കാണണം. ഇക്കാര്യം മാധ്യമങ്ങളോടും കൂടി പറയുകയാണ്. സമൂഹത്തെ അപകടത്തില്‍നിന്ന് രക്ഷിക്കുകയാണ് എല്ലാവരുടെയും കടമ. ദുരിതാശ്വാസനിധി കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആടിനെ വിറ്റ് കിട്ടിയ 5510 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ പോര്‍ട്ട് കൊല്ലം സ്വദേശിനി സുബൈദ ഒരു വര്‍ഷത്തിനുശേഷം വാക്സിന്‍ വിതരണത്തിനും തന്‍റെ സംഭാവന നല്‍കി. ആടിനെ വിറ്റ് കിട്ടിയ 5000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിനായി ജില്ലാ കലക്ടര്‍ക്ക് കൈമാറി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker