KeralaNEWS

കന്യാസ്ത്രീകളെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും: അമിത് ഷാ

തൃപ്പൂണിത്തുറ: യു.പിയില്‍ ട്രെയിന്‍ യാത്രക്കിടെ കന്യാസ്ത്രീകളെയും പുതുതായി ക്രിസ്തുമതം സ്വീകരിച്ചവരെയും കൈയ്യേറ്റം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തിന് പിന്നാലെ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ.

അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ 19നാണ് കേസിനാസ്പദമായ സംഭവം.ഡല്‍ഹി നിസാമുദ്ദീന്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് ഒഡിഷയിലെ റൂര്‍ക്കലയിലേക്കുള്ള യാത്രക്കിടെ ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വെച്ചാണ് തിരുഹൃദയ സന്യാസിനീ സമൂഹത്തിന്റെ ഡല്‍ഹി പ്രോവിന്‍സിലെ നാല് സന്യാസിനിമാര്‍ കൈയേറ്റത്തിനിരയായത്.

ഒരു മലയാളിയടക്കം നാലു കന്യാസ്ത്രീകളെ പിന്തുടര്‍ന്ന് ബജ്‌റംഗ്ദളുകാര്‍ അതിക്രമം കാട്ടിയത്. ഇവരില്‍നിന്ന് രക്ഷപ്പെടാന്‍ കന്യാസ്ത്രീകള്‍ക്ക് സഭാവസ്ത്രം മാറേണ്ടി വന്നു. തീര്‍ഥയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന ബജ്റംഗ്ദളുകാര്‍ അകാരണമായി അവര്‍ക്കു നേരെ പ്രശ്‌നമുണ്ടാക്കുകയായിരുന്നു. സന്യാസാര്‍ഥിനിമാരായ രണ്ടുപേരെ മതം മാറ്റാന്‍ കൊണ്ടു പോയതാണ് എന്നായിരുന്നു അവരുടെ പ്രധാന ആരോപണം. തങ്ങള്‍ ജന്മനാ ക്രൈസ്തവരാണ് എന്ന അവരുടെ വാക്കുകള്‍ ബജ്റംഗ്ദളുകാര്‍ മുഖവിലയ്ക്കെടുത്തില്ല.

രണ്ടുപേര്‍ സാധാരണ വസ്ത്രവും മറ്റു രണ്ടുപേര്‍ സന്യാസ വസ്ത്രവുമാണ് ധരിച്ചിരുന്നത്. തേര്‍ഡ് എ.സിയിലെ യാത്രക്കിടെ ഝാന്‍സി എത്താറായപ്പോള്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ അകാരണമായി പ്രശ്‌നമുണ്ടാക്കുകയായിരുന്നു. സംഘ്പരിവാര്‍ അതിക്രമത്തിനിരയായ കന്യാസ്ത്രീകള്‍ക്കെതിരെ, വിവാദമായ മതംമാറ്റ നിരോധന നിയമപ്രകാരം കേസെടുക്കാനും ശ്രമം നടന്നു. ലൗജിഹാദിന്റെ പേരില്‍ യോഗി ആദിത്യ നാഥ് സര്‍ക്കാര്‍ കൊണ്ടുവന്ന മതംമാറ്റ നിരോധന നിയമം ചുമത്താനാണ് പൊലീസും ബജ്‌റംഗ്ദളുകാരും ശ്രമിച്ചത്.

ഝാന്‍സി സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ യു.പി പൊലീസുദ്യോഗസ്ഥര്‍ എത്തി നാലുപേരോടും ലഗേജ് എടുത്ത് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. അവധിക്ക് നാട്ടില്‍ പോവുകയാണെന്നും വനിതാ പൊലീസ് ഇല്ലാതെ പുറത്തിറങ്ങില്ല എന്നും കന്യാസ്ത്രീകള്‍ പറഞ്ഞു. എന്നാല്‍ ആ ആവശ്യവും അംഗീകരിക്കാതെ ബലപ്രയോഗത്തിലൂടെ പൊലീസ് അവരെ ട്രെയിനില്‍ നിന്ന് പുറത്തിറക്കി. തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ ആധാര്‍കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ പലതും കാണിച്ചിട്ടും എല്ലാം വ്യാജമാണെന്ന് പറഞ്ഞ് അക്രമികളും അവരുടെ പക്ഷത്തു നിന്ന പൊലീസുദ്യോഗസ്ഥരും തള്ളിക്കളഞ്ഞു.

ട്രെയിനില്‍നിന്ന് ഇവരെ പുറത്തിറക്കി ആര്‍പ്പുവിളികളോടെ അവരെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. ഈ സമയം പൊലീസ് സ്റ്റേഷന് പുറത്ത് വലിയ ശബ്ദത്തില്‍ മുദ്രാവാക്യം വിളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു നൂറുകണക്കിന് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍. പിന്നീട് ഉന്നത തലത്തിലുള്ള ഇടപെടലിനു ശേഷം രാത്രി 11 മണിക്കാണ് പോലീസ് സ്റ്റേഷനില്‍ നിന്ന് ഇവരെ വിട്ടയച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker