LIFETRENDING

ക്രിസ്ത്യാനികൾക്ക് ഹലാൽ ഭക്ഷണം വിലക്കപ്പെട്ടതോ…? ഗീവർഗീസ് ഇടിച്ചെറിയ

ഹലാൽ എന്ന വാക്ക് ഈയിടെയായി സോഷ്യൽ മീഡിയയിലെങ്ങും ചർച്ചയാകുകയാണ്. ഹലാൽ ഭക്ഷണസാധനങ്ങൾ ക്രിസ്ത്യാനികൾക്ക് നിഷിദ്ധമായതിനാൽ അത് വാങ്ങരുത്, ഭക്ഷിക്കരുത് എന്നൊക്കെയാണ് ചിലർ പ്രചരിപ്പിക്കുന്നത്.

ഭക്ഷ്യവസ്തുക്കളെപ്പറ്റി ബൈബിൾ വചനങ്ങൾ എന്താണെന്നു നോക്കിയാൽ ഈ ആശയക്കുഴപ്പം മാറിക്കിട്ടും.എന്താണ് ഹലാൽ…? ഹലാൽ എന്ന അറബി വാക്കിന്റെ അർത്ഥം അനുവദനീയമായത് എന്നാണ്. അതായത് ഖുർആൻനിയമപ്രകാരം അനുവദനീയമായത്.

ഹലാൽ മാംസം എന്നു പറയുന്നത് ഖുർആൻ നിയമപ്രകാരം അറുക്കപ്പെട്ട മാംസവും. ഭക്ഷണത്തെപ്പറ്റി ഖുർആനിൽ പറയുന്ന വചനങ്ങളിൽ ചിലത് ഇവിടെ സൂചിപ്പിക്കാം.

അദ്ധ്യായം 2:168:

O mankind, eat whatever is lawful and wholesome on earth.

“മനുഷ്യരേ, ഭൂമിയിലുള്ളതിൽ നിയമപരമായതും ആരോഗ്യത്തിന് ഹാനികരമല്ലാത്തതും ഭക്ഷിക്കുക….”
ഇത് മുസ്‌ലിം വിശ്വാസികളോട് മാത്രമല്ല, എല്ലാ മനുഷ്യരോടും പറയുന്ന വചനമായിട്ടാണ് എഴുതിയിരിക്കുന്നത്.

അദ്ധ്യായം 2:172-173:
ഇങ്ങനെ എഴുതിയിരിക്കുന്നു:”വിശ്വാസികളെ, നിങ്ങൾ ആരാധിക്കുന്നത് ദൈവത്തെയാണെങ്കിൽ ദൈവത്തിന് നന്ദി അർപ്പിച്ചുകൊണ്ട് നിങ്ങൾക്കുവേണ്ടി നാം തന്നിരിക്കുന്ന ആരോഗ്യദായകമായവ ഭക്ഷിക്കുക. ചത്തതും മലിനവുമായ മാംസം, രക്തം, പന്നിമാംസം,
ദൈവത്തിന്റെ പേരിൽ അല്ലാതെ അർപ്പിക്കപ്പെട്ട മാംസം എന്നിവ അവിടുന്ന് നിങ്ങൾക്ക് വിലക്കിയിരിക്കുന്നു….”

എന്നാൽ അത്യാവശ്യഅവസരങ്ങളിൽ (ജീവൻ നിലനിർത്താനോ ഭീഷണിമൂലമോ) ഒരുവൻ എന്തു ഭക്ഷിച്ചാലും അത് പാപമല്ല.
ബൈബിൾ പഴയനിയമപുസ്തകങ്ങളിലും ആരോഗ്യത്തിന് ഹാനികരമല്ലാത്ത ഭക്ഷണത്തെപ്പറ്റിയും മാംസത്തെപ്പറ്റിയും വ്യക്തമായി പറയുന്നുണ്ട്.ആരോഗ്യത്തിന് ഹാനികരമായ ഭക്ഷ്യമാംസങ്ങൾ ഉപേക്ഷിക്കേണ്ടതുതന്നെയാണ്.

ഹലാൽ ഭക്ഷണത്തിനെതിരായി ചില ക്രിസ്‌തീയ വിശ്വാസികൾ തിരിയാൻ കാരണം പുതിയനിയമ പുസ്തകങ്ങളിൽ എഴുതിയിരിക്കുന്ന വചനങ്ങൾ വായിച്ചപ്പോൾ ഉണ്ടായ ആശയക്കുഴപ്പം മൂലമാകാം.

അവയിൽ ചില വചനങ്ങൾ താഴെ കൊടുക്കുന്നു.
റോമർ 14:14 :
ഒരു ഭക്ഷണവും അതിൽ തന്നെ അശുദ്ധമല്ല. എന്നാൽ ഏതെങ്കിലും വസ്തു അശുദ്ധമെന്നു കരുതുന്നവന് അത് അശുദ്ധംതന്നെ.

റോമർ 14:24:
സംശയത്തോടെ ഭക്ഷിക്കുന്നവനോ താൻ ഭക്ഷിക്കുന്നത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ അല്ലാത്തതിനാൽ കുറ്റക്കാരനാകുന്നു. വിശ്വാസത്തിൽ നിന്ന് ഉത്ഭവിക്കാത്തതെല്ലാം പാപമാണ്.

1 കോരിന്ത്യർ 8:7:ചിലർക്ക് വിഗ്രഹങ്ങളോടുള്ള പരിചയം നിമിത്തം അവയ്ക്ക് നിവേദിച്ച ഭക്ഷണം കഴിക്കുമ്പോൾ ‘ഇതു വിഗ്രഹാർപ്പിതം ആണല്ലോ’ എന്ന ചിന്ത ഉണ്ടാകുന്നു. അതിനാൽ ദുർബ്ബലചിത്തരായ അവരുടെ മനസ്സാക്ഷി മലിനപ്പെടുകയും ചെയ്യുന്നു.

1 കോരിന്ത്യർ 8:9: എന്നാൽ (ദുർബ്ബല മനസ്സാക്ഷിയിൽ ചിന്തിക്കാതെ വിഗ്രഹാർപ്പിതം ഭക്ഷിക്കാനുള്ള) നിങ്ങളുടെ സ്വാതന്ത്ര്യം ബലഹീനർക്ക് ഇടർച്ചക്ക് കാരണമാകരുത്.

1 കോരിന്ത്യർ 10:18-29 വരെയുള്ള വചനങ്ങളിൽ പ്രധാനപ്പെട്ടവ: “യാഗങ്ങൾ ഭക്ഷിക്കുന്നവൻ യാഗപീഠത്തിന് പങ്കാളികൾ അല്ലേ…?”

“വിജാതീയരുടെ ബലികൾ (നമ്മുടെ) ദൈവത്തിന് അർപ്പിച്ചതല്ല…”

“എല്ലാം അനുവദനീയമാണ്. എന്നാൽ എല്ലാം ഗുണകരമല്ല….’

കമ്പോളത്തിൽ വിൽക്കുന്നതെന്തും മനസ്സാക്ഷിക്കുത്തു കൂടാതെ ഭക്ഷിക്കുക. എന്തെന്നാൽ ഭൂമിയും അതിലുള്ള സകലവും കർത്താവിനുള്ളതാണ്.

ഒരു അവിശ്വാസി നിങ്ങളെ ഭക്ഷണത്തിന് ക്ഷണിക്കുകയും നിങ്ങൾ പോകാൻ ആഗ്രഹിക്കുമായും ചെയ്‌യുന്നുവെങ്കിൽ നിങ്ങളുടെ മുമ്പിൽ വിളമ്പുന്നതെന്തും മനസ്സാക്ഷിക്കുത്തു കൂടാതെ ഭക്ഷിക്കാം.
എന്നാൽ ഇത് നിവേദ്യമാണ് എന്ന് ആരെങ്കിലും നിങ്ങളോട് പറഞ്ഞാൽ പറഞ്ഞ ആളിനെയും അവരുടെ മനസ്സാക്ഷിയെയും വിചാരിച്ച് അത് കഴിക്കരുത്. മറ്റൊരാളുടെ മനസ്സാക്ഷി കാരണം നിങ്ങളുടെ സ്വാതന്ത്ര്യം വിധിക്കപ്പെടുന്നതെന്തിന്….?

ഈ വചനങ്ങൾ വായിക്കുമ്പോൾ മുസ്ലീങ്ങളുടെ ദൈവമായ അല്ലാഹുവിന്റെ പേരിലറക്കപ്പെട്ട ഹലാൽ മാംസഭക്ഷണം ക്രിസ്‌ത്യാനികൾ കഴിക്കുന്നതെങ്ങനെ എന്ന ചോദ്യം സ്വാഭാവികമായി ഉയരുന്നു.

അതിനുള്ള ഉത്തരം ഇതാണ്.മുസ്ലീങ്ങളുടെ ദൈവമായ അള്ളാഹു അബ്രഹാമിന്റെ ഏകദൈവം ആണെന്നും അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ഇസ്മായേലിന്റെയും ദൈവമാണെന്നും ഖുർആനിൽ പറയുന്നു.
ബൈബിളിൽ അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം യഹോവ ആണ്.

ബൈബിളിൽ യാഹോവയെന്നു പറയുന്ന അതേ അബ്രഹാമിന്റെ അതേ ദൈവത്തെ ഖുർആനിൽ അള്ളാഹു എന്നു പറയുന്നു.
അവിടെ ഇസ്മയിൽ എന്ന അബ്രഹാമിന്റെ മകന്റെ പേര് വന്നതുകൊണ്ട് അബ്രഹാമിന്റെ ദൈവം മാറുന്നില്ല.

യേശു എന്ന് മലയാളത്തിൽ പറയുന്ന കർത്താവിനെ ഇംഗ്ലീഷിൽ ജീസസ് എന്നു വിളിക്കുമ്പോൾ ആൾ ഒരാൾ തന്നെയാണല്ലോ. അതുപോലെ അല്ലാഹുവെന്ന് അറബിയിലും യാഹ്‌വെ
എന്ന് എബ്രായഭാഷയിലും
യഹോവയെന്ന് മലയാളം ബൈബിളിലും പറയുന്നത് ഒരേ ദൈവത്തെപ്പറ്റി തന്നെയാണ്.

അബ്രാഹാമിന്റെ ദൈവത്തിന് അന്നും ഇന്നും മാറ്റമില്ല. ക്രിസ്‌ത്യാനികൾക്ക് യഹോവയുടെ നാമത്തിൽ അർപ്പിക്കുന്ന ഭക്ഷണം കഴിക്കാമെങ്കിൽ അല്ലാഹുവിന്റെ നാമത്തിൽ അറക്കപ്പെട്ട ഭക്ഷണവും കഴിക്കാം.

അതുകൊണ്ട് ഹോട്ടലുകളിലും മറ്റും ഹലാൽ ബോർഡ് വെച്ചതുകൊണ്ട് അവിടെനിന്ന് ഭക്ഷണം കഴിക്കുന്നതും ഹലാൽ എന്ന മുദ്രയുള്ള ഭക്ഷണസാധനങ്ങൾ വാങ്ങുന്നതും വിലക്കപ്പെടേണ്ട കാര്യമല്ല.
അതിനുള്ള പ്രധാനകാരണങ്ങൾ വീണ്ടും പറയുന്നു.

1കോരിന്ത്യർ 10: 25 പ്രകാരം,
കമ്പോളത്തിൽ വിൽക്കുന്നതെന്തും മനസ്സാക്ഷിക്കുത്തു കൂടാതെ ഭക്ഷിക്കാം.
ബൈബിളിൽ യാഹോവയെന്നു പറയുന്ന അതേ അബ്രഹാമിന്റെ അതേ ദൈവത്തെ ഖുർആനിൽ അള്ളാഹു എന്നു പറയുന്നു.

ഇവ മനസ്സിലാക്കിയാൽ ഹലാലിന്റെ പേരിൽ ക്രിസ്‌ത്യാനികൾക്ക് ബാധകമാക്കുന്ന ഭക്ഷണവിലക്കുകൾ തള്ളിക്കളയേണ്ടതുതന്നെയല്ലേ…?ഗൾഫ് രാജ്യങ്ങളിൽ വിൽക്കുന്ന ഒട്ടുമിക്ക ഭക്ഷണവസ്തുക്കളിലും ഹലാൽ മുദ്രയുണ്ടാകും.

അവിടെ അറക്കപ്പെടുന്ന ഭക്ഷ്യമാംസം ഹലാൽ പ്രകാരവും ആണ്. അവിടെ താമസിക്കുന്ന നാനാജാതിമതസ്ഥർ വാങ്ങി ഭക്ഷിക്കുന്നതും അവയാണ്.
അതുകൊണ്ട് ചിന്തിച്ചുനോക്കുക, ഇത്തരം തെറ്റായ പ്രബോധനങ്ങൾ ഇറക്കി ക്രിസ്തീയ വിശ്വാസികളുടെ മനസ്സാക്ഷി മലിനപ്പെടുത്തുന്നത് ഉചിതമാണോ?
അല്ല എന്നു തീർച്ച…!

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button