Lead NewsNEWS

സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി

തിരുവനന്തപുരം: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന പ്രമേയത്തിന്  എം. ഉമ്മര്‍ ( ഐ.യു.എം.എല്‍) ഭരണഘടനയുടെ അനുച്ഛേദം 179(സി)യും, കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിര്‍വ്വഹണവും സംബന്ധിച്ച ചട്ടങ്ങളിലെ ചട്ടം 65 പ്രകാരവും നോട്ടീസ് നല്‍കി.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണ്ണം കടത്തിയെന്ന അതീവഗുരുതരവും രാജ്യദ്രോഹപരവുമായ കേസിലെ പ്രതികളായി എന്‍.ഐ.എ. സംശയിക്കുന്ന കുറ്റവാളികളുമായി കേരള നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനുള്ള വ്യക്തിപരമായ ബന്ധവും, സംശയകരമായ അടുപ്പവും സ്വര്‍ണ്ണക്കടത്ത് കേസിലെ ഒരു പ്രതിയുടെ വര്‍ക്ക് ഷോപ്പിന്റെ ഉദ്ഘാടനത്തിലും, അതുമായി ബന്ധപ്പെട്ട ചടങ്ങുകളിലും നിയമസഭാ സ്പീക്കറുടെ സാന്നിദ്ധ്യവും, സഭയ്ക്ക് അപകീര്‍ത്തികരവും, പവിത്രമായ നിയമസഭയുടെ അന്തസ്സിനും, ഔന്നത്ത്യത്തിനും, മാന്യതയ്ക്കും നിരക്കാത്തതുമാണെന്ന് നോട്ടീസില്‍ പറയുന്നു.  

ഡോളര്‍ കടത്തു കേസില്‍ സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേരള സമൂഹം കേട്ടത്. നിയമസഭയിലെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഇ-നിയമസഭ, സഭാ ടി.വി., ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി തുടങ്ങിയ പരിപാടികളിലെ ധൂര്‍ത്തും, അഴിമതിയും ഇന്ന് ചര്‍ച്ചാ വിഷയമാണ്. മൂമ്പ് മറ്റൊരു സ്പീക്കര്‍ക്കുമെതിരെ ഇത്തരം ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നിട്ടില്ല.  ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയുടെ അന്തസ്സും, യശസ്സും ഉയര്‍ത്തിപ്പിടിക്കുന്നതിനും അതിന്റെ ഔന്നത്ത്യം കാത്തുസൂക്ഷിക്കുന്നതിനും ബാദ്ധ്യസ്ഥനായ സ്പീക്കര്‍, അദ്ദേഹത്തിന്റെ പദവിയുടെ മഹത്വം കാത്ത് സൂക്ഷിക്കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ടതിനാല്‍ പി.ശ്രീരാമകൃഷ്ണനെ കേരള നിയമസഭാ സ്പീക്കര്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്നാണ് പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്.

Back to top button
error: