കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നടന്നത് ഒന്നിലേറെ പാര്‍ട്ടികള്‍; പോലീസിന്‌ ഗുരുതര വീഴ്ച

തിരുവനന്തപുരത്ത് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നടന്നത് ഒന്നിലേറെ ഡിജെ പാര്‍ട്ടികളെന്ന് റിപ്പോര്‍ട്ട്. പൊഴിയൂര്‍ ബീച്ചിലാണ് പാര്‍ട്ടികള്‍ സംഘടിപ്പിച്ചത്. മുന്‍കൂട്ടി പ്രഖ്യാപിച്ചിട്ടായിരുന്നു ആഘോഷങ്ങളെന്നും എന്നിട്ടും തടയാന്‍ ശ്രമിക്കാഞ്ഞത് പോലീസിന്റെ അനാസ്ഥയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഘോഷങ്ങളുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് പോലീസിന്റെ ഗുരുതര വീഴ്ച വെളിവായത്.

പല പേരുകളിലായി പകലും രാത്രിയും ഒന്നിലേറെ പാര്‍ട്ടികള്‍ നടന്നതായാണ് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്. ഡിജെ പാര്‍ട്ടി മാത്രമല്ല ചെണ്ടയും മേളവുമൊക്കെയായി സാമൂഹിക അകലമോ മാസ്‌കോ ഇല്ലാതെയായിരുന്നു ആഘോഷങ്ങള്‍.

ക്രിസ്മസ് ആഘോഷിക്കാന്‍ തീരദേശക്കാര്‍ ഒത്തുകൂടിയതാണ് ഇതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ വെറുതെ ബീച്ചിലെത്തിയ നാട്ടുകാരല്ല, മുന്‍കൂട്ടി ആസൂത്രണം ചെയ്തു വന്നവരാണ് ഇവിടെയെത്തിയത്.

പാര്‍ട്ടിയില്‍ ആദ്യം പോലീസ് ആദ്യം ഇടപെട്ടിരുന്നില്ല. പിന്നീട് പാര്‍ട്ടി അവസാനിച്ച് മണിക്കൂറുകള്‍ കഴിഞ്ഞ് വിവിധ ഭാഗങ്ങളില്‍നിന്ന് പരാതി ഉയര്‍ന്നതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ലഹരി വസ്തുക്കള്‍ പാര്‍ട്ടിയില്‍ വിതരണം ചെയ്തിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version