Breaking NewsNEWS

ഹിജാബ് വിലക്കില്‍ സുപ്രീം കോടതിയുടെ ഭിന്ന വിധി; ‘പന്ത്’ ചീഫ് ജസ്റ്റിസിന്റെ കോര്‍ട്ടില്‍

ന്യൂഡല്‍ഹി: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിയ നടപടിയില്‍ സുപ്രീം കോടതിയില്‍ ഭിന്ന വിധി. ഹിജാബ് വിലക്കിയ കര്‍ണാടക ഹൈക്കോടതി വിധി ശരിവച്ച് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത വിധിപറഞ്ഞപ്പോള്‍ എല്ലാ അപ്പീലുകളും അംഗീകരിച്ച് ഹൈക്കോടതി വിധി തള്ളിയാണ് ജസ്റ്റിസ് സുധാന്‍ഷു ധുലിയ വിധി പറഞ്ഞത്. ഇതോടെ കേസ് ചീഫ് ജസ്റ്റിസിനു മുന്നിലെത്തും. വിശാല ബെഞ്ചിനു വിടണോ അതോ രണ്ട് അംഗങ്ങളുള്ള മറ്റൊരു ബെഞ്ചിനു വിടണോ എന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കും.

കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ 25 ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. ഹര്‍ജിക്കാര്‍ക്കുവേണ്ടി അഭിഭാഷകരായ ദുഷ്യന്‍ ദവെ, ഹുഫേസ അഹമ്മദി, സഞ്ജയ് ഹെഡ്ഡെ, രാജീവ് ധവാന്‍, ദേവദത്ത് കാമത്ത്, സല്‍മാന്‍ ഖുര്‍ഷിദ്, പ്രശാന്ത് ഭൂഷന്‍, ഹാരിസ് ബീരാന്‍, സുല്‍ഫിക്കര്‍ അലി തുടങ്ങിയവര്‍ ഹാജരായി. കര്‍ണാടക സര്‍ക്കാരിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം.നടരാജ്, അഡ്വക്കേറ്റ് ജനറല്‍ പി.കെ. നവദഗി എന്നിവര്‍ ഹാജരായി. വാദം കേള്‍ക്കല്‍ 10 ദിവസം നീണ്ടുനിന്നു.

ഹിജാബ് ധരിക്കുന്നത് ഭരണഘടനയുടെ 25 ാം അനുച്ഛേദ പ്രകാരം മതസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. എന്നാല്‍, 2021 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിച്ചിരുന്നില്ലെന്നും പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിവച്ച സമൂഹമാധ്യമ പ്രചാരണം ആണ് ഹിജാബ് വിവാദത്തിനു കാരണമെന്നും കര്‍ണാടക സര്‍ക്കാര്‍ വാദിച്ചു. ഹിജാബ് ധരിക്കല്‍ ഇസ്ലാം മതത്തില്‍ അനിവാര്യമല്ലെന്ന് കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു. ഇത് 25 ാം അനുച്ഛേദ പ്രകാരം മതസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും അതു മൗലികാവകാശ ലംഘനമായി കണക്കാക്കാന്‍ കഴിയില്ലെന്നും വിധിയില്‍ പറയുന്നു.

Back to top button
error: