വാഗമണ്ണിന്റെ താഴ്‌വാരവും മുതുകോരമലയും ഉള്‍പ്പെടെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ചുറ്റുമുണ്ടായിട്ടും അര്‍ഹിക്കുന്ന സ്മാരകമൊരുങ്ങിയില്ല മർഫി സായിപ്പിന്.റബർ പാൽ വിറ്റ് കോടീശ്വരൻമാരായ പലർക്കും മർഫി സായിപ്പിനെ ഇന്ന് അറിയുകയുമില്ല.ഓർമ്മയുള്ള ആരെങ്കിലും കൂട്ടിക്കല്‍ പഞ്ചായത്ത് സ്ഥാപിച്ച ‘മര്‍ഫി സായിപ്പിന്റെ ശവകുടീര’മെന്ന ബോര്‍ഡ് കണ്ട് ചെന്നാൽ നിരാശരായി മടങ്ങേണ്ടിയും വരും.
ഏന്തയാര്‍ സെന്റ് ജോസഫ് പള്ളിയുടെ ഉടമസ്ഥതയിലുള്ള സെമിത്തേരിയോട് ചേര്‍ന്നാണ് മർഫി സായിപ്പിന്റെ കല്ലറ.കല്ലറയിരിക്കുന്ന ആറു സെന്റ് പാട്ടത്തിനെടുത്ത റബര്‍ ബോര്‍ഡ് മ്യൂസിയം പണിയുമെന്ന് പ്രഖ്യാപിച്ചെങ്കിലും 2014ല്‍ ചുറ്റുമതില്‍ കെട്ടി ഫലകം സ്ഥാപിക്കുക മാത്രമേ ചെയ്തുള്ളൂ.
1897ല്‍ തേയിലയും ഏലവും കൃഷിചെയ്യാന്‍ ഇന്ത്യയില്‍ എത്തിയ അയര്‍ലന്‍ഡുകാരന്‍ ജോണ്‍ ജോസഫ് മര്‍ഫി 1902 ലാണ് റബര്‍ കേരളത്തിലെത്തിച്ചത്.നേര്യമംഗലം മാങ്കുളത്താണ് ആദ്യമായി റബര്‍ചെടി കേരളത്തിന്റെ മണ്ണില്‍ തൊട്ടത്.പക്ഷേ, കൃഷി പരാജയപ്പെട്ടു.1904ല്‍ ഏന്തയാറില്‍ കൃഷി തുടങ്ങി. വന്‍മരങ്ങള്‍ വെട്ടിനിരത്തി കൂട്ടിക്കല്‍ മുതല്‍ ഇളംകാട് വരെ റബര്‍ കൃഷിചെയ്ത മര്‍ഫിയെ മലയോര മണ്ണ് തുണച്ചു.കോട്ടയത്തിന്റെ സമ്ബത്തിന്റെ അടിത്തറയായി അതു മാറുകയായിരുന്നു.
റബർ തൊഴിലാളികളുടെ ചികിത്സയ്ക്കും അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനും ഏന്തയാറില്‍ ആശുപത്രിയും സ്കൂളുകളും ആരംഭിച്ചതും മര്‍ഫി സായിപ്പാണ്.1957 മേയ് ഒന്‍പതിന് നാഗര്‍കോവിലിലെ ആശുപത്രിയിലാണ് മര്‍ഫി സായിപ്പ് അന്തരിച്ചത്.അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് ഏന്തയാറിലെ തൊഴിലാളികളുടെ ശ്മശാനത്തില്‍ അന്ത്യവിശ്രമമൊരുക്കിയതും.മേയ് 9ന് മര്‍ഫിയുടെ ഓര്‍മകള്‍ക്ക് 65 വയസ് തികയുകയാണ്.റബർ ബോർഡിന്റെ എസി മുറികളിലിരുന്ന് ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നവർക്ക് ഇത് വല്ലതും അറിയാമോ,ആവോ !