എറണാകുളം: ആലുവ ഹൈവേ മോഷണ കേസിന്റെ സൂത്രധാരന്‍ പിടിയില്‍. തോക്കുചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ കേസില്‍ ക്വട്ടേഷന്‍ നല്കിയ പാലക്കാട് സ്വദേശിയാണ് അറസ്റ്റിലായത്. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. മാര്‍ച്ച് 31ന് കന്പനിപ്പടി ഭാഗത്ത് വച്ചാണ് പൊന്നാനി സ്വദേശി സജീറിനെ ഏഴംഗ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വാഹനമുള്‍പ്പെടെ തട്ടിക്കൊണ്ടുപോയത്. മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം സജീറിനെ കളമശേരിയില്‍ ഇറക്കി വിട്ടു. പിന്നീട് ഫോണും കാറുമായി സംഘം കടന്നു കളയുകയായിരുന്നു.
കാറിലുണ്ടായിരുന്ന ഹാന്‍സ് തട്ടിയെടുക്കാനായി ക്വട്ടേഷന്‍ സംഘത്തെ അയച്ച പാലക്കാട് സ്വദേശി മുഹീബാണ് ഇപ്പോള്‍ പിടിയിലായത്. ഹാന്‍സും കാറും തട്ടിയെടുത്ത് മറച്ചു വില്‍ക്കുകയിരുന്നു മുജീബിന്റെ ലക്ഷ്യം. എറണാകുളം, ആലപ്പുഴ ജില്ലകളിലെ പ്രധാന ഹാന്‍സ് മൊത്ത വിതരണക്കാരനാണ് ഇയാള്‍. സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന മുജീബിനെ കളമശേരിയില്‍ നിന്നുമാണ് പിടികൂടിയത്.
ഇയാളുടെ കാറിലും വീട്ടിലുമായി സൂക്ഷിച്ച അഞ്ച് ചാക്ക് ഹാന്‍സ് പോലീസ് പിടികൂടി. കാറും കസ്റ്റഡിയിലെടുത്തു. ഇയാള്‍ ഇതിന് മുന്‍പും സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് സൂചന. സംഭവവുമിയ ബന്ധപ്പെട്ട് ക്വട്ടേഷന്‍ സംഘത്തിലെ അന്‍സാബ്, അരുണ്‍ അജിത് എന്നിവരെ കൊല്ലത്തുനിന്നും അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചതായി റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് പറഞ്ഞു.