ഏറ്റുമാനൂര്‍: എംപി ഫണ്ട് നൂറു ശതമാനം വിനിയോഗിക്കാന്‍ കഴിഞ്ഞത് ഏറ്റവും വലിയ നേട്ടമായി കരുതുന്നുവെന്ന് കോട്ടയം ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്. ദേശീയ പദ്ധതികളടക്കം 4100 കോടി രൂപയുടെ വികസനമാണ് മണ്ഡലത്തില്‍ നടപ്പാക്കാനായത്. റെയില്‍വേ വികസനത്തില്‍ ഏറ്റുമാനൂരടക്കമുള്ള സ്റ്റേഷനുകള്‍ക്ക് വലിയ പ്രാധാന്യം നല്‍കാനായെന്നും തോമസ് ചാഴികാടന് പറഞ്ഞു.
എല്‍ഡിഎഫ് ഏറ്റൂമാനൂര് നിയോജക മണ്ഡലം കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി വിഎന്‍ വാസവന് കണ്വന്ഷന് ഉദ്ഘാടനം ചെയ്തു. മതത്തെ അടിസ്ഥാനമാക്കിയുള്ള പൗരത്വ സങ്കല്‍പ്പം ഭരണഘടനാ വിരുദ്ധമാണെന്ന് മന്ത്രി വിഎന്‍ വാസവന് പറഞ്ഞു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് കേരളം പറയുന്നത് വെറുവാക്കല്ലെന്നും അദ്ദേഹം പറഞ്ഞു.
നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങളാണ് കണ്‍വന്‍ഷനെത്തിയത്. കണ്‍വന്‍ഷനില്‍ സ്ഥാനാര്‍ത്ഥിക്ക് സ്വീകരണവും നല്കി. കെ.എന്‍ വേണുഗോപാല്‍, വൈക്കം വിശ്വന്, ലോപ്പസ് മാത്യു, അഡ്വ. വിബി ബിനു, അഡ്വ.കെ അനില്‍കുമാര്‍ എന്നിവരും സംസാരിച്ചു.