CrimeNEWS

‘കണ്ടതെയെല്ലാം നമ്പാതെ’! കോഴിക്കോട്ട് എഐ സഹായത്തോടെ സുഹൃത്തിന്റെ ‘മുഖം’ കാണിച്ച് പണം തട്ടി

കോഴിക്കോട്: നിര്‍മിത ബുദ്ധിയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് -എഐ) സഹായത്തോടെ സുഹൃത്തിന്റെ വീഡിയോ ദൃശ്യം വ്യാജമായി നിര്‍മിച്ച് വാട്‌സാപില്‍ അയച്ചു വിശ്വസിപ്പിച്ച് വയോധികനില്‍ നിന്ന് അരലക്ഷം രൂപയോളം തട്ടിയെടുത്ത സംഭവത്തില്‍ സൈബര്‍ പോലീസ് അന്വേഷണം തുടങ്ങി.

സംസ്ഥാനത്ത് ഇത്തരത്തില്‍ എഐ ഉപയോഗിച്ചു നടത്തിയ ആദ്യത്തെ സൈബര്‍ തട്ടിപ്പാണിതെന്നു കരുതുന്നു. ‘ഡീപ് ഫെയ്ക് ടെക്‌നോളജി’ ഉപയോഗിച്ച് ഇതുപോലെ യഥാര്‍ഥ വ്യക്തികളുടെ രൂപവും ശബ്ദവും വ്യാജമായി തയാറാക്കി പണം തട്ടുന്നതിനെതിരെ ജാഗ്രത പാലിക്കാന്‍ സൈബര്‍ പോലീസ് മുന്നറിയിപ്പു നല്‍കി.

Signature-ad

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കോള്‍ ഇന്ത്യാ ലിമിറ്റഡില്‍ നിന്നു വിരമിച്ച കോഴിക്കോട് പാലാഴി സ്വദേശിയാണു തട്ടിപ്പിനിരയായത്. പരിചയമില്ലാത്ത നമ്പറില്‍ നിന്നു പുലര്‍ച്ചെ 5 മണിയോടെ മൊബൈല്‍ ഫോണില്‍ പലതവണ കോള്‍ വന്നെങ്കിലും എടുത്തിരുന്നില്ല. നേരം പുലര്‍ന്നു ഫോണ്‍ പരിശോധിച്ചപ്പോള്‍ അതേ നമ്പറില്‍ നിന്നു വാട്‌സാപ്പില്‍ കണ്ടു.

മുന്‍പ് കൂടെ ജോലി ചെയ്തിരുന്ന, ഇപ്പോള്‍ ദുബായിലുള്ള, ആന്ധ്ര സ്വദേശിയായ സുഹൃത്താണെന്നാണു വാട്‌സാപ് സന്ദേശത്തില്‍ പറഞ്ഞത്. കുടുംബത്തിന്റെ സുഖവിവരങ്ങളും അന്വേഷിച്ചിരുന്നു. മെസേജ് വായിക്കുന്നതിനിടയില്‍ ഫോണില്‍ വാട്‌സാപ് കോള്‍ വന്നു. സംസാരത്തില്‍ പഴയ കാലത്തെ കാര്യങ്ങളും മറ്റും പറഞ്ഞതോടെ വയോധികന് സുഹൃത്താണെന്നു ബോധ്യപ്പെട്ടു. തുടര്‍ന്നാണ് സുഹൃത്ത് പണം ആവശ്യപ്പെട്ടത്.

തന്റെ ബന്ധു ശസ്ത്രക്രിയയ്ക്കായി മുംബൈയിലെ സ്വകാര്യ ആശുപത്രിയിലുണ്ടെന്നും, താനിപ്പോള്‍ ദുബായില്‍ നിന്ന് അടുത്ത വിമാനത്തില്‍ മുംബൈയിലേക്കു പോകാനിരിക്കുകയാണ് എന്നും സുഹൃത്ത് അറിയിച്ചു. അത്യാവശ്യമായി 40,000 രൂപ തന്റെ അക്കൗണ്ടിലേക്ക് അയയ്ക്കണമെന്നും ആവശ്യപ്പെട്ടു. തന്റെ ഭാര്യ മുംബൈയിലെ ആശുപത്രിയില്‍ രോഗിയുടെ കൂടെയാണുള്ളത്. ഭാര്യയുടെ കയ്യിലാണ് ഫോണും എടിഎം കാര്‍ഡും. അവിടെ എത്തിയാല്‍ ഉടന്‍ പണം തിരിച്ചയയ്ക്കുമെന്നും ‘സുഹൃത്ത്’ ഉറപ്പു പറഞ്ഞു.

സുഹൃത്തിന്റെ സംസാരത്തില്‍ സംശയമൊന്നും തോന്നിയില്ലെങ്കിലും അക്കൗണ്ടിലേക്കു പണം അയയ്ക്കാന്‍ വയോധികന്‍ മടിച്ചു. ഇപ്പോള്‍ ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നതിനാല്‍ ആരെയും വിശ്വസിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു. അതോടെയാണ് സുഹൃത്ത് വീഡിയോ അയച്ചു നല്‍കിയത്. പണം ആവശ്യപ്പെടുന്നതിന്റെ വീഡിയോ വാട്‌സാപ്പില്‍ അയച്ചു കിട്ടിയതോടെ അവിശ്വസിക്കാതെ ഉടന്‍ 40,000 രൂപ അയച്ചു. അല്‍പ സമയത്തിനകം സുഹൃത്ത് വീണ്ടും വാട്‌സാപ്പില്‍ വിളിച്ച് 35,000 രൂപ കൂടി ആവശ്യപ്പെട്ടതോടെ സംശയം തോന്നി.

അക്കൗണ്ട് ബാലന്‍സ് പരിശോധിക്കട്ടെയെന്നു പറഞ്ഞ് കോള്‍ കട്ട് ചെയ്യുകയായിരുന്നു. തുടര്‍ന്ന് കൈവശമുള്ള നമ്പറില്‍ ദുബായിലെ സുഹൃത്തിനെ ബന്ധപ്പെട്ടു. താന്‍ ദുബായില്‍ നിന്ന് അടുത്ത വിമാനത്തില്‍ യുഎസിലേക്കു പുറപ്പെടാന്‍ നില്‍ക്കുകയാണെന്നും, പണം ആവശ്യപ്പെട്ടു വിളിച്ചിട്ടില്ലെന്നുമായിരുന്നു മറുപടി. അതോടെ തട്ടിപ്പ് ബോധ്യപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ചയാണു തട്ടിപ്പു നടന്നത്. നാഷനല്‍ സൈബര്‍ ക്രൈം വിഭാഗത്തിനു ലഭിച്ച പരാതി കോഴിക്കോട് സൈബര്‍ പോലീസിനു കൈമാറിയതിനെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്.

വീഡിയോയില്‍ വന്ന മുഖവും സംസാരവും സുഹൃത്തിന്റേതു തന്നെയാണെന്നും, അടുത്തു നിന്നു നോക്കിയപ്പോള്‍ കണ്ണും പുരികവും ചുണ്ടും എല്ലാം ചലിച്ചിരുന്നതായും പരാതിക്കാരന്‍ പറയുന്നു. ‘ഡീപ് ഫെയ്ക് ടെക്‌നോളജി’ ഉപയോഗിച്ച് നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ സുഹൃത്തിന്റെ മുഖവും ശബ്ദവും വ്യാജമായി സൃഷ്ടിച്ചതാണെന്നാണു സൈബര്‍ പോലീസിന്റെ നിഗമനം. പരിചയക്കാരുടെ ശബ്ദം അനുകരിച്ചു ഫോണില്‍ വിളിച്ചു തട്ടിപ്പു നടത്തിയ സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും മുഖം വ്യാജമായി നിര്‍മിച്ചുള്ള തട്ടിപ്പ് കേരളത്തില്‍ ആദ്യമാണെന്നും പൊലീസ് പറയുന്നു.

 

Back to top button
error: