കർണാടകയിൽ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രിയായി ഇന്ന് ഉച്ചയ്ക്ക് സത്യപ്രതിജ്ഞ ചെയ്തു. രണ്ടാം തവണയാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. മുമ്പ് 2013 മുതൽ 2018 വരെ സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയായിരുന്നു. അദ്ദേഹത്തിന്റെ ചില വിശേഷങ്ങൾ അറിയാം.
1. ബാല്യകാലം
മുതിർന്ന കോൺഗ്രസ് നേതാക്കളിൽ ഒരാളായ സിദ്ധരാമയ്യ, രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് തൊട്ടുമുമ്പ് 1947 ഓഗസ്റ്റ് മൂന്നിന് മൈസൂരിലാണ് ജനിച്ചത്. സിദ്ധരാമയ്യയുടെ പിതാവ് സിദ്ധരാമയ്യ ഗൗഡ മൈസൂർ ജില്ലയിലെ ടി നരസിപുരയ്ക്കടുത്തുള്ള വരുണ ഹോബ്ലിയിലെ കൃഷിക്കാരനായിരുന്നു. അമ്മ ബോറമ്മ വീട്ടമ്മയും
2. വിദ്യാഭ്യാസം
സിദ്ധരാമയ്യയ്ക്ക് പത്താം വയസുവരെ ഔപചാരികമായ സ്‌കൂൾ വിദ്യാഭ്യാസം ലഭിച്ചില്ല. അതിനുശേഷം ഗ്രാമത്തിലെ സ്കൂളിൽ പഠിച്ചു. പിന്നീട് മൈസൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എസ്.സിയും എൽ.എൽ.ബിയും നേടി. കുറുബ ഗൗഡ സമുദായംഗമായ സിദ്ധരാമയ്യ അഞ്ച് സഹോദരങ്ങളിൽ രണ്ടാമനാണ്. മൈസൂരിലെ പ്രശസ്ത അഭിഭാഷകനായ ചിക്കബോറയ്യയുടെ കീഴിൽ ജൂനിയറായിരുന്ന സിദ്ധരാമയ്യ, പിന്നീട് കുറച്ചുകാലം നിയമം പഠിപ്പിച്ചു.
3. ആദ്യ മത്സരം
സിദ്ധരാമയ്യ 1983-ൽ ആദ്യമായി കർണാടക നിയമസഭയിലേക്ക് സ്വതന്ത്രനായി തിരഞ്ഞെടുക്കപ്പെട്ടു. 1994ൽ ജനതാദൾ സർക്കാരിൽ കർണാടക ഉപമുഖ്യമന്ത്രി. എച്ച്.ഡി ദേവഗൗഡയുമായുള്ള തർക്കത്തെ തുടർന്ന് ജനതാദൾ സെക്യുലർ വിട്ട് 2008ൽ കോൺഗ്രസുമായി ചേർന്നു.
2013 മുതൽ 2018 വരെ അദ്ദേഹം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. ഇതുവരെ 12 തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച അദ്ദേഹം 9 തവണ വിജയിച്ചു. സ്‌കൂളിൽ പോകുന്ന വിദ്യാർഥികൾക്ക് ഏഴ് കിലോ അരിയും 150 ഗ്രാം പാലും ഇന്ദിരാ കാന്റീനും നൽകുന്ന ‘വളന്ന ഭാഗ്യ യോജന’ ഉൾപ്പെടെ പാവപ്പെട്ടവർക്കായി അദ്ദേഹം നടപ്പിലാക്കിയ നിരവധി പദ്ധതികൾ മുഖ്യമന്ത്രി എന്ന നിലയിൽ പരക്കെ പ്രശംസിക്കപ്പെട്ടു.
4. രണ്ട് ആൺമക്കളിൽ ഒരാൾ മരിച്ചു
സിദ്ധരാമയ്യയുടെ ഭാര്യ പാർവതി. ഇരുവർക്കും രണ്ട് ആൺമക്കൾ ജനിച്ചു. രാഷ്ട്രീയത്തിൽ അച്ഛന്റെ പിൻഗാമിയായി കണ്ടിരുന്ന മൂത്ത മകൻ രാകേഷ് 2016ൽ 38-ാം വയസിൽ മരിച്ചു. ഒന്നിലധികം അവയവങ്ങൾ തകരാറിലായതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് സൂചന. രണ്ടാമത്തെ മകൻ യതീന്ദ്ര 2018ൽ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ യതീന്ദ്രയ്ക്ക് ടിക്കറ്റ് കിട്ടിയില്ല.
5. ആസ്തി
സിദ്ധരാമയ്യക്ക് ഡി.കെ ശിവകുമാറിനേക്കാൾ ആസ്തി കുറവാണ്. കർണാടകയിലെ ഏറ്റവും ധനികനായ എംഎൽഎ ഡികെ ശിവകുമാറാണ്. 1,413 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആകെ ആസ്തി. മറുവശത്ത് സിദ്ധരാമയ്യയുടെ സ്വത്ത് 51 കോടി 90 ലക്ഷം രൂപയാണ്.
6. 13 കേസുകൾ:
സിദ്ധരാമയ്യ ആകെ 13 കേസുകളാണ് നേരിടുന്നത്. സർക്കാർ വസ്‌തുക്കൾ നശിപ്പിക്കൽ, തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തൽ, കൈക്കൂലി തുടങ്ങിയ ആരോപണങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
7. ഉപമുഖ്യമന്ത്രി
2004-ലാണ് സംഭവം. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അധികാരത്തിൽ തിരിച്ചെത്താനായില്ല. എസ്.എം കൃഷ്ണയുടെ നേതൃത്വത്തിൽ കോൺഗ്രസ് രണ്ടാം സ്ഥാനത്തായി. ജെ.ഡി.എസ് 58 സീറ്റുകൾ നേടി കിംഗ് മേക്കറായി. കേന്ദ്രത്തിൽ ഭരണം നഷ്ടപ്പെട്ടതിനാൽ കർണാടകയിൽ ഏതു വിധേനയും അധികാരത്തിലെത്താനുള്ള ശ്രമത്തിലായിരുന്നു ബിജെപി. ജെഡിഎസുമായും ചർച്ചകൾ ആരംഭിച്ചെങ്കിലും വിജയിച്ചില്ല. ഇതിന് പിന്നാലെ സെക്യുലർ പാർട്ടിയുമായി മാത്രമേ സഖ്യമുണ്ടാകൂവെന്ന് ജെ.ഡി.എസ് പ്രസ്താവന ഇറക്കി.
സർക്കാർ രൂപീകരിക്കാനുള്ള ശ്രമത്തിൽ ബിജെപി പിന്നോക്കം പോയി. ഒടുവിൽ, ധാരണ പ്രകാരം കോൺഗ്രസിലെ ധരം സിംഗ് മുഖ്യമന്ത്രിയും ജെഡിഎസ് ക്വാട്ടയിൽ നിന്ന് സിദ്ധരാമയ്യ ഉപമുഖ്യമന്ത്രിയുമായി. എന്നാൽ, പുത്രമോഹത്തിൽ കുടുങ്ങിയ ദേവഗൗഡയെ നേരിടാൻ സിദ്ധരാമയ്യയ്ക്ക് കഴിഞ്ഞില്ല. 2006ൽ ജെഡിഎസും ബിജെപിയും സഖ്യമുണ്ടാക്കി എച്ച്ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി. ഒരു വർഷത്തിനുശേഷം മുഖ്യമന്ത്രിയാകാൻ യെദ്യൂരപ്പയ്ക്ക് കഴിഞ്ഞു. ഇതിനിടെ സിദ്ധരാമയ്യ ജെഡിഎസുമായി വേർപിരിഞ്ഞു.
8. ദേവഗൗഡക്കെതിരെ വിജയം
2005ൽ ബിജെപിയെ പിന്തുണയ്ക്കാനുള്ള തന്ത്രത്തെ സിദ്ധരാമയ്യ എതിർക്കുകയും ദേവഗൗഡയ്‌ക്കെതിരെ പോരാട്ടം തുറക്കുകയും ചെയ്തു. സിദ്ധരാമയ്യയെ ദേവഗൗഡ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ സിദ്ധരാമയ്യ നിയമസഭാംഗത്വവും രാജിവച്ചു. ദേവഗൗഡയുടെ ശക്തികേന്ദ്രമായ മൈസൂരിലെ ചാമുണ്ഡേശ്വരിയിൽ നിന്നുള്ള എംഎൽഎയായിരുന്നു സിദ്ധരാമയ്യ. രാജിവെച്ചതിന് പിന്നാലെ സിദ്ധരാമയ്യ കോൺഗ്രസ് ടിക്കറ്റിൽ മത്സരരംഗത്തിറങ്ങി. ജെഡിഎസിലെ എം ശിവബാസപ്പയായിരുന്നു എതിർ സ്ഥാനാർഥി. ശിവബസപ്പയെ പിന്തുണച്ച് ദേവഗൗഡയും മകൻ കുമാരസ്വാമിയും യെദ്യൂരപ്പയും പ്രചാരണം നടത്തിയെങ്കിലും സിദ്ധരാമയ്യ അവരെയെല്ലാം പരാജയപ്പെടുത്തി.
9. ആദ്യമായി മുഖ്യമന്ത്രി സ്ഥാനത്തേക്ക്
2013ൽ കർണാടകയിൽ കേവല ഭൂരിപക്ഷത്തോടെ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസിൽ മൂന്ന് പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. ആദ്യം സിദ്ധരാമയ്യ, രണ്ടാമത് മല്ലികാർജുൻ ഖാർഗെ, മൂന്നാമത് ജി പരമേശ്വര. ആ സമയത്ത് കോൺഗ്രസ് ഹൈക്കമാൻഡ് മധുസൂദൻ മിസ്ത്രി, ജിതേന്ദ്ര സിങ്, ലൂയിസിഞ്ഞോ ഫലീറോ എന്നിവരെ നിരീക്ഷകരായി ബെംഗളൂരുവിലേക്ക് അയച്ചു. രഹസ്യ വോട്ടെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയ സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയായി.
10. ടിപ്പു സുൽത്താന്റെ ജന്മവാർഷികം ഗംഭീരമായി ആഘോഷിച്ചു:
സിദ്ധരാമയ്യയുടെ ഭരണകാലത്ത് മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താന്റെ ജന്മവാർഷികം വിപുലമായി ആഘോഷിച്ചു.