FeatureNEWS

മുഖ്യമന്ത്രിയെ “ചെത്തുകാരൻ്റെ മകൻ ” എന്ന് ജാതീയമായി അധിക്ഷേപിക്കുമ്പോൾ ചിലത് പറയാതെ വയ്യ.കേരളത്തിൽ എന്നല്ല, ഇന്ത്യയിൽ പോലും ഇത്രയധികം ജാതീയമായി അധിക്ഷേപിക്കപ്പെട്ടിട്ട് അതിജീവിച്ച ഒരു സമൂഹം ഈഴവരോളം പോരില്ല.
“മദ്രാസിൽ പോയി ഡോക്ടർ ബിരുദമൊക്കെ നേടിയെങ്കിൽ സ്വർണത്തിൽ ഒരു ചെത്തു കുടം ഉണ്ടാക്കി തെങ്ങിൽക്കയറിക്കോ….” എന്ന് അധിക്ഷേപിച്ച തിരുവിതാം കൂറിലെ പൊന്നുതമ്പുരാന്മാരുടെ അളിഞ്ഞ ഫ്യൂഡൽ മനസ്സുകൾ ഇന്നും ഇവിടെയുണ്ട്. അതും പോരാതെ ” പന്നി പെറും പോലെ പെറ്റു കൂട്ടുന്നു ” എന്ന് അധിക്ഷേപിച്ച കടുക്കനിട്ട ആചാര്യന്മാരും ഇവിടെയുണ്ട്.!!
“കൊട്ടിക്കലാശം തീർന്നു …. ” എന്ന് കായിക്കരയിൽ ലോകകവിതയിലെ ഒരു മഹാ ജ്യോതിസ് അണഞ്ഞപ്പോൾ ആഹ്ളാദിച്ച മഹാകവിത്വങ്ങളുണ്ട്.
ഇതിനെയെല്ലാം അതിജീവിച്ചാണ് വേലിക്കകത്തും പുറത്തും ഉള്ള പലരും അർഹതപ്പെട്ടയിടങ്ങളിൽ എത്തിയിട്ടുള്ളത്. രക്തസാക്ഷിത്വത്തിൻ്റെ പിൻബലമൊന്നുമല്ല, ഇതാ, ഇങ്ങനെയൊരു മനുഷ്യൻ (അതെ, പച്ചമനുഷ്യൻ ) വന്നു പിറന്ന സമുദായമായ തുകൊണ്ടു മാത്രം നേടിയെടുത്ത അതിജീവന മികവാണത്.
.
രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടുന്നതിന്റെ മൂന്ന് കൊല്ലം മുന്നേ ചെത്തുകാരൻ തീയൻ കോരന്റെ പെണ്ണുമ്പിള്ള പതിനാലാമതായി പെറ്റിട്ടയാളാണ് വിജയൻ. മുൻപ് കല്യാണി പെറ്റതിൽ പതിനൊന്ന് പേരും പരുന്തുംകാലേൽ പോയപ്പോ വെള്ളം തോർന്ന് കിട്ടിയ മൂന്ന് പേരിൽ ഏറ്റോം ഇളയവൻ. എന്ന് പറഞ്ഞാ, അയാൾ ജനിച്ച ചുറ്റുപാടിൽ ശരീരം നിവർന്ന് രണ്ട് കാലേൽ നിൽക്കാനുണ്ടായിരുന്ന സാധ്യത 3/14 അഥവാ 21%.
നാലിലൊന്ന് പോലും സർവൈവൽ സാധ്യതയില്ലാതെ കണ്ണൂരിലെ കുഗ്രാമത്തിലത്രയും പിന്നാക്ക കുടുംബത്തിൽ ജനിച്ച്, അരപ്പട്ടിണിയേം അക്കാലത്ത് വന്നാൽ 50% മരണമുറപ്പുള്ള വസൂരിയേം ജയിച്ച്, നെയ്ത്തുശാലയിലും ബീഡിതെറുക്കാനും പണിക്ക് പോയി, ശാരദവിലാസം സ്കൂളിൽ പഠിച്ച്, ബ്രണ്ണൻ കോളേജിൽ നിന്ന് അക്കാലഘട്ടത്തിൽ സാമ്പത്തികശാസ്ത്രത്തിൽ പഠനം പൂർത്തിയാക്കാൻ അയാൾക്കുണ്ടായിരുന്ന ചാൻസ് പിന്നെയും കുറയും. അപ്രോക്സിമേറ്റ്ലി ഒന്നോ രണ്ടോ ശതമാനം.
എണ്ണം പറഞ്ഞ പാർട്ടിക്കുടുംബങ്ങളും നേതാക്കളും കഴിവുള്ള ചെറുപ്പക്കാരും കോമ്പീറ്റ് ചെയ്യുന്ന കണ്ണൂര് പോലൊരിടത്ത്, ഗോഡ്ഫാദറോ പാരമ്പര്യമോയില്ലാതെ 1970ൽ അത്ര ചുവപ്പല്ലാത്ത കൂത്തുപറമ്പിൽ നിയമസഭ കാൻഡിഡേറ്റാവാനും എതിരാളികളുടെ സിറ്റിംഗ് സീറ്റ് പിടിച്ച്, ഭൂരിപക്ഷം ഓരോ വട്ടവും ഇരട്ടിപ്പിച്ച്, മന്ത്രിയായി, പാർട്ടി സെക്രട്ടറിയായി, അഞ്ചാണ്ട് കൂടുമ്പോ മാറി മാറി ഭരിക്കുന്ന മുന്നണിയിൽ നിന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി ഇന്നിപ്പോ നിൽക്കുന്നിടത്ത് എത്തിപ്പെടാനുള്ള ആ പോസിബിളിറ്റിയെ അളക്കാൻ മാത്തമാറ്റിക്കൽ ടൂളുകൊണ്ടാവില്ല. ഇനി അളന്നാൽ അതിന് പൂജ്യം കഴിഞ്ഞുള്ള ദശാംശത്തിന് ശേഷം ഒരുപാട് പൂജ്യങ്ങളിടേണ്ടിവരും. അങ്ങനെയൊരാളാണിന്ന് കേരളത്തിന്റെ ഭരണനേതൃത്വത്തിൽ അനിഷേധ്യനായി ചിരിച്ചിരിക്കുന്നത്.
അതാണങ്ങേരുടെ ജനുസ്, വെട്ടിയിട്ടാലും മുറിക്കൂടുന്ന മനസ്, ഉൾക്കരുത്ത്.നേതാക്കൾ ജനിച്ച കുടുംബത്തിന്റെ കൊണത്തിൽ മാത്രം ഊറ്റം കൊള്ളാൻ വിധിക്കപ്പെട്ട, എതിർ നിൽക്കുന്നവരുടെ പിന്നാക്കാവസ്ഥകളെ പരിഹസിച്ച്, ജാതീയമായധിക്ഷേപിക്കുന്ന കോൺഗ്രസുകാർക്കും ബിജെപിക്കാർക്കും ഇതിനേക്കാൾ ക്ലിയറായി ഇത് പറഞ്ഞ് കൊടുക്കുന്നതെങ്ങനെയന്ന് കോരന്റെ മകന്റെ രാഷ്ട്രീയത്തിലും പാടവത്തിലും ആശയാദർശത്തിലും വിശ്വസിച്ച് , അതിൽ അഭിമാനിക്കുന്ന ഒരാൾക്ക് അറിയാത്തോണ്ടാണ്.
ക്ഷമിക്കണം, ഇതൊക്കെ പറയേണ്ടി വരുന്നത് കൊറോണയെക്കാളും വലിയ വൈറസുകളും പേറി ചിലർ ഇവിടെ ജീവിക്കുന്നതു കൊണ്ടാണ്. ഒരു മഹാമാരിയും ഒരു ദുരന്തവും നമ്മെ ഒന്നും പഠിപ്പിക്കുന്നില്ലെന്നോർക്കുമ്പോൾ സങ്കടം മാത്രം!
രാജേന്ദ്രൻ
വൈക്കം

Back to top button
error: