പാലക്കാട് : ഏപ്രിൽ മൂന്നിനാഘോഷിക്കുന്ന നെന്മാറ-വല്ലങ്ങി വേലയ്ക്ക് സുരക്ഷയൊരുക്കുന്നത് അഞ്ച് ഡിവൈ.എസ്.പി.മാരും 13 സി.ഐ.മാരും ഉൾപ്പെടെ 1,130 പോലീസുകാർ.കഴിഞ്ഞവർഷത്തേക്കാൾ 220 പോലീസുകാരാണ് ഇത്തവണ കൂടുതലായുള്ളത്.രണ്ട് പോലീസ് കൺട്രോൾ റൂമുകൾക്ക് പുറമേ വാച്ച് ടവർ കൂടി ഇത്തവണ സജ്ജമാക്കും.
നെന്മാറ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഏഴ് ഡോക്ടർമാരുടെ മുഴുവൻസമയ സേവനവും ഏഴ് ആംബുലൻസും ഇതോടൊപ്പം സജ്ജമാക്കുന്നുണ്ട്. അഗ്നിരക്ഷാസേനയുടെ നാല് യൂണിറ്റ് വാഹനങ്ങളും കെ.എസ്.ഇ.ബി.യുടെ മൂന്ന് പ്രത്യേക യൂണിറ്റുകളും പ്രവർത്തിക്കും.വേലയുടെ ഭാഗമായി തുടർച്ചയായി മൂന്നുദിവസവും മുഴുവൻസമയ ജലവിതരണവും ഏർപ്പെടുത്തും.ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ നാല് ടാങ്കർലോറികളിലും ജലവിതരണമുണ്ടാകും. എട്ടിടങ്ങളിൽ പൊതുടാപ്പുകൾ സ്ഥാപിച്ച് കുടിവെള്ളവിതരണം നടത്തും.