തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ കേരളാ സർക്കിൾ പരിധിയിലെ 1250 ക്ലറിക്കൽ ജീവനക്കാരെ മാർക്കറ്റിങ്ങ് ജോലിയിലേക്ക് മാറ്റിയ മാനേജ്മെൻറ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. തൊഴിലാളി സംഘടനകളുമായി ഒരു കൂടിയാലോചന പോലുമില്ലാതെയാണ് കേരളത്തിൽ ഇത്രയേറെ ക്ലറിക്കൽ ജീവനക്കാരെ മാർക്കറ്റിങ്ങിലേക്ക് മാറ്റിയതെന്ന് തൊഴിലാളി സംഘടനകൾ ആരോപിക്കുന്നു. മാനേജ്മെൻറ് നടപടിക്കെതിരെ തൊഴിലാളി സംഘടനകൾ പ്രതിഷേധത്തിലാണ്. വരും ദിവസങ്ങളിൽ 1200 ഓളം പേർ മാർക്കറ്റിങ്ങ് ജോലിയിലേക്ക് മാറും. ഇതോടെ സംസ്ഥാനത്തെ എസ്ബിഐ ശാഖകളുടെ പ്രവർത്തനം താളം തെറ്റുമെന്നാണ് തൊളിലാളി സംഘടനകളുടെ ആരോപണം.
ജീവനക്കാരുടെ കുറവും കമ്പ്യൂട്ടർ സാങ്കേതിക പ്രശ്നങ്ങളും കാരണം വീർപ്പുമുട്ടുന്ന ജോലിഭാരവും തിരക്കുമാണ് എല്ലാ എസ്ബിഐ ശാഖകളും നേരിടുന്നത്. ഇതിനിടയിൽ ഇത്രയേറെ തൊഴിലാളികളെ നിലവിൽ ഉള്ള സ്ഥാനങ്ങളിൽ നിന്ന് മാർക്കറ്റിങ്ങിലേക്ക് മാറ്റിയാൽ പ്രതിസന്ധി വീണ്ടും ശക്തമാകുമെന്നും ഇവർ അവകാശപ്പെടുന്നു. ക്രിസ്മസ് – പുതുവത്സരാഘോഷങ്ങൾക്കിടയ്ക്ക് ഇത്രയേറെ തൊഴിലാളികളിലുണ്ടാവുന്ന കുറവ് പ്രതിസന്ധി വീണ്ടും രൂക്ഷമാക്കുമെന്നും എസ്ബിഎസ്യു നേതാക്കൾ പറയുന്നു. ഡിസംബർ 20 നും 23 നും ഇത് സംബന്ധിച്ച് എസ്ബിഎസ്യുവിൻറെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ എസ്ബിഐ ശാഖകൾക്ക് മുന്നിൽ നടന്നിരുന്നു.
തൊഴിലാളി സംഘടനകൾ ഈ വിഷയത്തിൽ സമരമുഖത്താണെന്ന് സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ (കേരള സർക്കിൾ) ജനറൽ സെക്രട്ടറി ഫിലിപ്പ് കോശി പറഞ്ഞു. ഇത് സംബന്ധിച്ച് മാനേജുമെൻറുമായി ചർച്ചകൾ നടക്കുകയാണ്. എസ്ബിഐയിൽ കേരളാ സെക്ടറിൽ മാത്രം ഏതാണ്ട് 8500 തോളം തൊഴിലാളികളാണ് ഉള്ളത്. ഇതിൽ 5000 ത്തോളം ആളുകളാണ് ഉള്ളത്. എസ്ബിഐയുടെ മാൻ പവർ പ്ലാനിങ്ങിൻറെ ഭാഗമായാണ് ബ്രാഞ്ചുകളിൽ അധികമായുണ്ടെന്ന് കണ്ടെത്തിയ 1250 പേരെ ഒറ്റയടിക്ക് മാർക്കറ്റിങ്ങിലേക്ക് മാറ്റാൻ മാനേജ്മെൻറ് തീരുമാനിച്ചത്.
എന്നാൽ ഒറ്റയടിക്ക് ഇത്രയേറെ പേരെ ബ്രാഞ്ചുകളിൽ നിന്ന് പിൻവലിച്ചാൽ ബ്രാഞ്ചുകളുടെ ദൈനംദിന പ്രവർത്തികൾ ഏങ്ങനെ മുന്നോട്ട് പോകുമെന്നതാണ് തങ്ങളുടെ ആശങ്കയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാനേജ്മെൻറിൻറെ തീരുമാനത്തിന് സംഘടന എതിരല്ല. മറിച്ച് ഒറ്റയടിക്ക് ഇത്രയേറെ പേരെ മാറ്റിയാൽ അത് ബ്രാഞ്ചുകളുടെ പ്രവർത്തനത്തെ തകിടം മറിക്കുമെന്നതിനെയാണ് തങ്ങൾ ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാനേജ്മെൻറുമായി ചർച്ചകൾ നടക്കുകയാണെന്നും ഇക്കാര്യത്തിൽ ഒരു ഏകകണ്ഠമായ തീരുമാനമുണ്ടായില്ലെങ്കിൽ കേന്ദ്രകമ്മറ്റിയുമായി ചർച്ച ചെയ്ത് കൂടുതൽ സമര പരിപാടികളിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.