LIFELife Style

അൽപ സമയം ചെലവിട്ടാൽ അധിക പോഷണം സ്വന്തമാക്കാം; വൻപയർ കൃഷി ചെയ്യാം നമ്മുടെ തൊടിയിലും 

നിരവധി പോഷകങ്ങൾ അടങ്ങിയ വൻപയർ ആഹാരത്തിലെ ഒഴിച്ചു കൂടാനാകാത്ത പയർ വർഗമാണ്. പണ്ടു കാലത്ത് കേരളത്തിലെ കൊയ്ത്തൊഴിഞ്ഞ പാടങ്ങളില്‍ ധാരാളമായി വന്‍പയര്‍ കൃഷി ചെയ്തിരുന്നു. നിരവധി പോഷക ഗുണങ്ങളുള്ള വന്‍പയര്‍ നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ടതാണ്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ വന്‍പയറിന്റെ ഉപയോഗം സഹായിക്കും. അൽപ സമയം ചെലവഴിച്ചാൽ നമ്മുടെ തൊടിയിലും വൻപയർ കൃഷി ചെയ്യാം. രണ്ടിനം വന്‍പയറുണ്ട്- വള്ളി വീശുന്നതും, വള്ളി വീശാത്തതും. വിഗ്ന കട്ജാങ് എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന വന്‍പയര്‍ മധ്യ ആഫ്രിക്കന്‍ സ്വദേശിയാണ്.

കാലാവസ്ഥയും മണ്ണും

Signature-ad

കേരളത്തില്‍ മഴയെ മാത്രം ആശ്രയിച്ചാണ് വന്‍പയര്‍ സാധാരണ കൃഷി ചെയ്തുവരുന്നത്. ധാരാളം മഴയുള്ള പ്രദേശങ്ങളില്‍ ഇത് സമൃദ്ധമായി വളരുന്നു. തണുപ്പു പ്രദേശങ്ങളില്‍ കായ് മൂപ്പെത്താന്‍ കാലതാമസം നേരിടും. സാധാരണയായി കറുത്ത കളിമണ്ണ്, പരുത്തിക്കരിമണ്ണ്, ചരല്‍ മണ്ണ്, പൂഴിമണ്ണ് ഇവയെല്ലാം വന്‍പയര്‍ കൃഷിക്ക് യോജിച്ചതാണ്. നെല്‍വയലുകളില്‍ ഒരു ഇടക്കാലവിളയായും വന്‍പയര്‍ കൃഷി ചെയ്യാം.

ഇനങ്ങള്‍

കോഴിക്കോട് 51, കോഴിക്കോട് 78, ന്യൂ ഏറ, പുസ ദോ ഫസ് ലിബ്രൗണ്‍, കുന്നംകുളം, റെഡ്, മഞ്ചേരി എന്നിവയാണ് പ്രധാന ഇനങ്ങള്‍.

നിലമൊരുക്കലും നടീലും

കൃഷി സ്ഥലത്തേ കാടു പടലങ്ങള്‍ വെട്ടി തീയിട്ട് നശിപ്പിച്ച ശേഷം നന്നായി ഉഴുത് കട്ടകള്‍ ഉടച്ചതില്‍ ചാലു കോരിയ ശേഷം 45 സെ.മീ ഇടവിട്ട വരികളില്‍ വിത്തിടണം. വിത്ത് പാകി മൂന്ന് ദിവസത്തിനുള്ളില്‍ മുളയ്ക്കാന്‍ ആരംഭിക്കും. കളപറിക്കല്‍, ഇടയിളക്കല്‍ എന്നിവ സമയത്ത് ചെയ്യണം. പടരുന്ന ഇനമാണെങ്കില്‍ വരികളില്‍ ഇടക്കിടെ കമ്പ് നാട്ടി അതില്‍ കയറോ, മരച്ചില്ലയോ ഉപയോഗിച്ച് പടരാനുള്ള സൗകര്യമുണ്ടാക്കണം. ഹെക്റ്റര്‍ ഒന്നിന് 1.2 ടണ്‍ കാലി വളവും 3 ടണ്‍ ചാരവും അടിവളമായി നല്‍കണം.

രോഗ പ്രതിരോധം

സാധാരണ ഗതിയില്‍ വന്‍പയറിന് കീട രോഗബാധ വളരെ കുറവാണ്. എന്നാല്‍ തളിരിലകളെ തിന്നു നശിപ്പിക്കുന്ന പച്ചത്തുള്ളന്‍ ചെറുപ്രായത്തില്‍ ഇലകളെ തിന്നു നശിപ്പിക്കും. കൂടാതെ കായ്തുരന്ന് ഭക്ഷിക്കുന്ന പുഴുക്കളെയും കാണാറുണ്ട്. വേപ്പധിഷ്ടിത കീടനാശിനികള്‍ തളിക്കാം.

വിളവെടുപ്പ്

അനുകൂല കാലാവസ്ഥയില്‍ ഹെക്റ്ററിന് 400-600 കിഗ്രാം വിത്ത് ലഭിക്കും. മൂപ്പെത്തിയ കായ്കള്‍ ശേഖരിച്ച് വെയിലത്ത് ഉണക്കുമ്പോള്‍ അത് പൊട്ടി വിത്ത് പുറത്തു വരുന്നു. ലഘുവായി ഒന്ന് മെതിച്ചാല്‍ വിത്തെല്ലാം നിഷ്പ്രയാസം പുറത്തു വരും. വിത്ത് നല്ലതുപോലെ ഉണക്കി ശേഖരിക്കാം.

Back to top button
error: