IndiaNEWS

ശൈശവ വിവാഹ പ്രതിരോധിക്കാന്‍ അസം; പെണ്‍കുട്ടികള്‍ക്ക് പ്രതിമാസം 2500 രൂപ വരെ സ്‌റ്റൈപന്‍ഡ്

ഗുവാഹത്തി: ശൈശവ വിവാഹങ്ങള്‍ക്ക് തടയിടുക എന്ന ലക്ഷ്യത്തോടെ പെണ്‍കുട്ടികള്‍ക്ക് ധനസഹായവുമായി അസം സര്‍ക്കാര്‍. സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളിലെ ഹയര്‍സെക്കന്‍ഡറി മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള പെണ്‍കുട്ടികള്‍ക്ക് പ്രതിമാസ സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള പദ്ധതിക്കാണ് അസം സര്‍ക്കാര്‍ വ്യാഴാഴ്ച തുടക്കം കുറിച്ചത്.

‘നിജുത് മൊയ്ന’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ശൈശവ വിവാഹങ്ങള്‍ തടയുന്നതിനുള്ള ക്രിയാത്മക ചുവടുവെപ്പാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. ബാല വിവാഹവുമായി ബന്ധപ്പെട്ട് 4,000 ത്തിലധികം പേരെ അറസ്റ്റ് ചെയ്ത് ഒരു വര്‍ഷത്തിനു ശേഷമാണ് പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നത്. പദ്ധതി സാര്‍വത്രികമാകുമെന്നും ഇത് പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കാത്തവര്‍ക്ക് സ്വമേധയാ ഇതില്‍ നിന്ന് ഒഴിവാകാമെന്നും ഹിമന്ത പറഞ്ഞു. പദ്ധതി പ്രകാരം അധ്യയന വര്‍ഷത്തിലെ 10 മാസത്തേക്ക് വിദ്യാര്‍ഥിനികള്‍ക്ക് സാമ്പത്തിക സഹായം നല്‍കും. ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ ഒരു വിദ്യാര്‍ഥിക്ക് 10 മാസത്തേക്ക് എല്ലാ മാസവും 1000 രൂപ വീതം ലഭിക്കും. ബിരുദതലത്തിലുള്ള ഒരു വിദ്യാര്‍ഥിക്ക് പ്രതിമാസ തുക 1,250 രൂപയും ബിരുദാനന്തര തലത്തിലുള്ള വിദ്യാര്‍ഥിക്ക് 10 മാസത്തേക്ക് എല്ലാ മാസവും 2,500 രൂപയും ലഭിക്കും.

Signature-ad

തുടക്കത്തില്‍ പദ്ധതിയുടെ പ്രയോജനം ആദ്യവര്‍ഷം മാത്രമായിരിക്കും ലഭിക്കുക. തുടര്‍ന്ന് നിബന്ധനകള്‍ക്ക് വിധേയമായി പദ്ധതിയില്‍ തുടരാം. വിദ്യാര്‍ഥിനിയുടെ ഹാജര്‍ നില, സ്വഭാവം എന്നിവ പരിഗണിച്ചുകൊണ്ടായിരിക്കും പദ്ധതി പ്രകാരം ധനസഹായം ലഭിക്കുക. വിവാഹിതരായ പെണ്‍കുട്ടികള്‍ക്കും മന്ത്രിമാരുടെയും എംഎല്‍എമാരുടെയും എംപിമാരുടെയും പെണ്‍മക്കള്‍ക്കും പദ്ധതി ബാധകമല്ല. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് സ്‌കൂട്ടറുകള്‍ സ്വീകരിച്ചവര്‍ക്കും ധനസഹായം ലഭിക്കില്ല.

” 2019-21ലെ ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം അസമില്‍ 31.8 ശതമാനം പെണ്‍കുട്ടികള്‍ 20-24 വയസിനിടയില്‍ അമ്മമാരായി. ഇവരുടെ വിവാഹം 18 വയസിനു മുന്‍പ് നടന്നുവെന്നാണ് ഇതിനര്‍ഥം. 30 ശതമാനം പെണ്‍കുട്ടികളും 18നും 21നും വയസിനിടയില്‍ വിവാഹിതരാകുന്നു. തല്‍ഫലമായി അവര്‍ക്ക് പോഷകാഹാരവും വിദ്യാഭ്യാസവും നിഷേധിക്കപ്പെടുകയും ഗാര്‍ഹിക പീഡനത്തിന് ഇരയാകുകയും ചെയ്യുന്നു” ഹിമന്ത പറഞ്ഞു. ശൈശവ വിവാഹം ഏറ്റവും കൂടുതല്‍ നടക്കുന്നത് സെന്‍ട്രല്‍, ലോവര്‍ അസമിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Back to top button
error: