IndiaNEWS

ഒരു കിലോ കടത്തിയാല്‍ ലാഭം ഒമ്പത് ലക്ഷം! സ്വര്‍ണക്കടത്തുകാരുടെ കടയ്ക്കുവെട്ടി കേന്ദ്രം

ന്യൂഡല്‍ഹി: വിമാനത്താവളങ്ങള്‍ വഴി കടത്താന്‍ ശ്രമിക്കുന്ന സ്വര്‍ണം ഏറ്റവും അധികം പിടികൂടുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഓരോ തവണയും വിദേശത്ത് നിന്ന് സ്വര്‍ണം എത്തിച്ച് ലാഭമായി കൊയ്തിരുന്നത് ലക്ഷങ്ങളാണ്. ഉയര്‍ന്ന ലാഭം കിട്ടുമെന്നതിനാലാണ് എത്ര തവണ പിടിക്കപ്പെട്ടാലും സ്വര്‍ണക്കടത്ത് മേഖലയിലേക്ക് കൂടുതല്‍ യുവതി യുവാക്കള്‍ എത്തിയിരുന്നത്. എന്നാല്‍ ഈ മേഖലയെ വേരോടെ അറുത്ത് മാറ്റാന്‍ പോകുന്ന തീരുമാനമാണ് കേന്ദ്ര സര്‍ക്കാര്‍ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച സ്വര്‍ണ ഇറക്കുമതിയുടെ കസ്റ്റംസ് തീരുവ ആറ് ശതമാനമായി ചുരുക്കിയത്.

ബഡ്ജറ്റില്‍ പ്രഖ്യാപനമുണ്ടായി കഷ്ടിച്ച് ഒരുമണിക്കൂര്‍ കഴിയും മുമ്പുതന്നെ സ്വര്‍ണത്തിന് വിലക്കുറവ് ദൃശ്യമായിത്തുടങ്ങി. പവന് 2000 രൂപയുടെ ഇടിവാണ് ഉണ്ടായത്. വരുംദിവസങ്ങളില്‍ 5000 രൂപവരെ കുറയാന്‍ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് 22 കാരറ്റ് ഒരുപവന്‍ സ്വര്‍ണത്തിന്റെ വില 51,960 രൂപയാണ്. ഒരുഗ്രാമിന് 6,495 രൂപയും. വരും ദിവസങ്ങളിലും ബഡ്ജറ്റ് പ്രഖ്യാപനത്തിന്റെ ആഫ്റ്റര്‍ ഇഫക്ട് സ്വര്‍ണവിപണിയില്‍ കാണാം.

Signature-ad

ജ്വല്ലറികളില്‍ പോയി ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ ജിഎസ്ടി, പണിക്കൂലി തുടങ്ങിയവ കൂടി ചേര്‍ത്ത് എന്തായാലും 60,000 രൂപയെങ്കിലും കുറഞ്ഞത് നല്‍കേണ്ടി വരുന്ന സ്ഥിതിയാണ് ഇന്നലെ വരെയും സംസ്ഥാനത്ത് ഉണ്ടായിരുന്നത്. സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതിനുള്ള നികുതി നിലവില്‍ 15 ശതമാനമായിരുന്നു. ഇത് 10 ശതമാനമായി കുറയ്ക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അതിലും വലിയ സഹായമാണ് ഈ മേഖലയിലുള്ളവര്‍ക്ക് ചെയ്തിരിക്കുന്നത്.

നികുതി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ധനമന്ത്രി നിര്‍മല സീതാരാമന് നിവേദനം സമര്‍പ്പിക്കുകയും ചെയ്തിരുന്നു ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷന്‍.11 ശതമാനത്തില്‍ നിന്ന് മുമ്പ് 15 ശതമാനമായി നികുതി വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ തിരികെ പത്ത് ശതമാനത്തിലേക്ക് പോകാനുള്ള സാദ്ധ്യത കുറവാണെന്നാണ് സ്വര്‍ണവുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ കരുതിയിരുന്നത്. 12 ശതമാനമായി ഇറക്കുമതി നികുതി കുറച്ചാല്‍ പോലും അത് കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും വലിയ നേട്ടമാണ് എന്ന് കരുതിയിരുന്നിടത്താണ് ആറ് ശതമാനം മാത്രമാക്കിയത്.

അംഗീകൃത സ്വര്‍ണവ്യാപാരികളുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കണമെന്നത്. സ്വര്‍ണ കള്ളക്കടത്ത് തടയാനുള്ള ഏറ്റവും നല്ല മാര്‍ഗം എന്ന നിലയിലാണ് വ്യാപാരികള്‍ ഇതിനെ ചൂണ്ടിക്കാണിച്ചത്. നിലവില്‍ ഒരുകിലോ സ്വര്‍ണം കള്ളക്കടത്തായി കൊണ്ടുവരുമ്പോള്‍ ഏതാണ്ട് ഒമ്പതുലക്ഷം രൂപയിലധികമാണ് കടത്തുകാര്‍ക്ക് ലാഭമായി കിട്ടുന്നത്. സ്വര്‍ണത്തിന്റെ വില കൂടുന്നതിനനുസരിച്ച് അവര്‍ക്കുള്ള ലാഭവും കൂടും. സ്വര്‍ണക്കടത്ത് കൂടാനുള്ള കാരണവും മറ്റൊന്നല്ല.

എന്നാല്‍, കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കുന്നതോടെ സ്വര്‍ണത്തിന്റെ വില കാര്യമായി കുറയും. ഒപ്പം ഇറക്കുമതി കൂടുകയും ചെയ്യും. കൂടുതല്‍ ലാഭം കിട്ടാത്ത സാഹചര്യത്തില്‍ കള്ളക്കടത്ത് കുറയുകയും ചെയ്യും. കസ്റ്റംസ് ഡ്യൂട്ടി കുറയുന്നതോടെ ജ്വവലറികള്‍ വന്‍തോതില്‍ സ്വര്‍ണം സൂക്ഷിക്കുകയും ചെയ്യും.

 

 

Back to top button
error: