IndiaNEWS

കോടികളുടെ അനധികൃത ഇടപാട്; കര്‍ണാടക പട്ടികവര്‍ഗ ക്ഷേമ മന്ത്രി രാജിവച്ചു

ബംഗളൂരു: കോടികളുടെ അനധികൃത പണമിടപാട് കേസില്‍ പങ്കുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് കര്‍ണാടകയിലെ പട്ടികവര്‍ഗ ക്ഷേമവകുപ്പ് മന്ത്രി ബി.നാഗേന്ദ്ര രാജി വച്ചു. കര്‍ണാടക മഹര്‍ഷി, വാല്‍മീകി പട്ടികവര്‍ഗ വികസന കോര്‍പറേഷനുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെത്തുടര്‍ന്നാണ് സിദ്ധരാമയ്യ സര്‍ക്കാരിലെ ആദ്യ രാജി.

മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും നേരിട്ട് രാജി ആവശ്യപ്പെടുകയായിരുന്നു. ആരോപണങ്ങള്‍ മന്ത്രി നിഷേധിച്ചിട്ടുണ്ടെന്നും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാതിരിക്കാനാണ് രാജിയെന്നും അവസാന തീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കുമെന്നും ഡി.കെ.ശിവകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Signature-ad

വാല്‍മീകി കോര്‍പറേഷന്റെ അക്കൗണ്ട്‌സ് സൂപ്രണ്ട് ചന്ദ്രശേഖറിന്റെ ആത്മഹത്യയെ തുടര്‍ന്ന് പുറത്തുവന്ന കോടികളുടെ അഴിമതിക്കേസിലാണ് നാഗേന്ദ്രയുടെ പേര് ഉയര്‍ന്നുവന്നത്. ആത്മഹത്യക്കുറിപ്പില്‍, ഗോത്ര വികസന വകുപ്പിന്റെ ക്ഷേമപദ്ധതിക്കായുള്ള 187 കോടി രൂപയില്‍ 90 കോടി രൂപ ചില ഐടി കമ്പനികളുടെയും ഹൈദരാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സഹകരണ ബാങ്കിന്റെയും അക്കൗണ്ടുകളിലേക്ക് അനധികൃതമായി മാറ്റിയതായി പറയുന്നുണ്ട്. മന്ത്രിയുടെയും ചില ഉദ്യോഗസ്ഥരുടെയും പേരുകളും പറയുന്നുണ്ട്. കേസില്‍ വാല്‍മീകി കോര്‍പറേഷന്‍ എംഡി ജെജി പത്മനാഭയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Back to top button
error: