CrimeNEWS

തീരമേഖലയില്‍ വീണ്ടും തൊഴില്‍ തട്ടിപ്പ്; പൂന്തുറയില്‍ വീട്ടമ്മയ്ക്ക് നഷ്ടമായത് 15 ലക്ഷം

തിരുവനന്തപുരം: ജില്ലയില്‍ തീരദേശ മേഖല കേന്ദ്രീകരിച്ച് വീണ്ടും തൊഴില്‍ തട്ടിപ്പ്. റഷ്യയില്‍ ജോലി വാഗ്ദാനം അഞ്ചുതെങ്ങ് സ്വദേശികളായ യുവാക്കളെ തട്ടിപ്പിനിരയാക്കിയ വാര്‍ത്ത ചര്‍ച്ചയായതിനു പിന്നാലെയാണ് പൂന്തുറയില്‍നിന്നു സമാനമായ വാര്‍ത്ത പുറത്തുവരുന്നത്.

ഹോങ്കോങ്ങില്‍ മക്കള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് പൂന്തുറയില്‍ ഒരു സ്ത്രീയില്‍നിന്നാണ് 15 ലക്ഷം രൂപ തട്ടിയെടുത്തത്. ജെസ് ക്ലീന്‍ എന്ന സ്ത്രീയുടെ പരാതിയില്‍ പൂന്തുറ പൊലീസ് മുട്ടത്തറ സ്വദേശികളായ രണ്ടു പേര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു. ഹോങ്കോങ്ങിലെ പ്രമുഖ സ്ഥാപനത്തിലെ ജോലിക്കുള്ള വീസയാണെന്നു പറഞ്ഞ് ഇവര്‍ക്ക് ടൂറിസ്റ്റ് വീസ നല്‍കുകയായിരുന്നു. ജെസ്സിന്റെ മക്കള്‍ ഹോങ്കോങ്ങില്‍ എത്തിയപ്പോഴാണ് അത്തരത്തിലൊരു സ്ഥാപനമില്ലെന്ന് അറിയുന്നത്. തട്ടിപ്പിന് ഇരയായ യുവാക്കള്‍ നാട്ടിലേക്കു തിരിച്ചുപോന്നു.

Signature-ad

ഹോങ്കോങ്ങില്‍ ജോലി ഒഴിവുകള്‍ ഉണ്ടെന്നു പറഞ്ഞ് ജനുവരിയില്‍ രണ്ടുപേര്‍ തന്നെ സമീപിക്കുകയായിരുന്നുവെന്ന് ജെസ് പരാതിയില്‍ പറയുന്നു. പ്രതിമാസം ഒന്നരലക്ഷം രൂപ ശമ്പളത്തിലാണ് ഒരു സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്തത്. വ്യാജ ഓഫര്‍ ലെറ്റര്‍ നല്‍കി വിശ്വാസം ആര്‍ജിച്ച ശേഷം വീസാ നടപടികള്‍ക്കായി 15 ലക്ഷം രൂപ ആവശ്യപ്പെട്ടു. ജനുവരി അവസാനം 6 ലക്ഷം രൂപ നല്‍കി. ബാക്കി തുക വീസ തയാറാകുമ്പോള്‍ നല്‍കാനാണ് പറഞ്ഞിരുന്നത്.

രണ്ടു മാസത്തിനു ശേഷം വ്യാജ വീസയും യാത്രയ്ക്കുള്ള മറ്റു രേഖകളും നല്‍കിയതിനെ തുടര്‍ന്ന് ബാക്കി തുകയും കൈമാറിയെന്നും പരാതിയില്‍ പറയുന്നു. ഹോങ്കോങ്ങില്‍ എത്തിയതിനു ശേഷമാണ് തട്ടിപ്പിനിരയായ വിവരം ഇവര്‍ അറിയുന്നത്. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Back to top button
error: