IndiaNEWS

നദ്ദ ബിജെപി അദ്ധ്യക്ഷ സ്ഥാനം ഒഴിയുമെന്ന് സൂചന; പിന്‍ഗാമി ചൗഹാന്‍?

ന്യൂഡല്‍ഹി: ബിജെപി ദേശീയ അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് ജെ.പി നദ്ദ മാറുമെന്ന് സൂചന. അദ്ദേഹത്തിന് പകരം മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അദ്ധ്യക്ഷനായേക്കുമെന്നാണ് വിവരം. നദ്ദയെ രാജ്യസഭാ നേതാവാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി എന്‍ഡിഎ നിയുക്ത എംപിമാരുടെ യോഗത്തിന് മുന്നോടിയായി, ബിജെപി എംപിമാരുടെ യോഗം ഇന്ന് വൈകുന്നേരം ഡല്‍ഹിയില്‍ നടക്കും.

എന്‍ഡിഎ സഖ്യകക്ഷികളുടെ പിന്തുണ ഉറപ്പാക്കിയ നരേന്ദ്രമോദി ശനിയാഴ്ച വൈകുന്നേരം മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. കഴിഞ്ഞ ദിവസം വൈകിട്ട് നാലിന് പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന എന്‍ഡിഎ യോഗം അദ്ദേഹത്തെ നേതാവായി ഏകകണ്ഠമായി തിരഞ്ഞെടുക്കുകയായിരുന്നു.

Signature-ad

മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അയല്‍ രാജ്യങ്ങളിലെ രാഷ്ട്രതലവന്മാരെ ക്ഷണിച്ചിട്ടുണ്ട്. ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗയെയും, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയെയും ചടങ്ങിലേക്ക് ക്ഷണിച്ചു. നരേന്ദ്രമോദിയുമായുളള ഫോണ്‍ സംഭാഷണത്തിനിടെ ലഭിച്ച ക്ഷണം വിക്രമസിംഗേ സ്വീകരിച്ചതായാണ് വിവരം. ഭൂട്ടാന്‍ രാജാവുമായും നേപ്പാള്‍,മൗറീഷ്യസ് രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരുമായും അദ്ദേഹം ഫോണില്‍ സംസാരിച്ചിട്ടുണ്ട്. എന്നാല്‍, ഇവരെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചോ എന്ന് വ്യക്തമല്ല.

2014ല്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയും മാലദ്വീപ് പ്രസിഡന്റുമടക്കം എല്ലാ രാഷ്ട്ര തലവന്മാരും നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തിരുന്നു. 2019ലും അദ്ദേഹം രണ്ടാമതായി പ്രധാനമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തപ്പോഴും അയല്‍ രാജ്യങ്ങളില്‍ നിന്നടക്കം എട്ട് രാഷ്ട്രതലവന്മാര്‍ പങ്കെടുത്തു.

Back to top button
error: