CrimeNEWS

ഓടയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; ഹെല്‍മറ്റുണ്ടായിരുന്നിട്ടും തലയ്ക്ക് ഗുരുതര പരിക്ക്, ദുരൂഹത

കോട്ടയം: പുതുപ്പള്ളി ചാലുങ്കല്‍പ്പടിയില്‍ ഓടയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബവും ബന്ധുക്കളും. കുറിച്ചി ഇത്തിത്താനം ചേക്കേപ്പറമ്പില്‍ രഘൂത്തമന്റെ മകന്‍ വിഷ്ണു രാജ്(30) ആണ് മരിച്ചത്. പരുമലയില്‍ ജോലിചെയ്യുന്ന വിഷ്ണുരാജിന്റെ മൃതദേഹം പുതുപ്പള്ളി ഭാഗത്ത് കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ബൈക്കില്‍ സഞ്ചരിച്ചിരുന്ന വിഷ്ണു ഹെല്‍മെറ്റ് ധരിച്ചിരുന്നു. എന്നിട്ടും തലയ്ക്ക് ഗുരുതര പരിക്കേറ്റതും സംശയമുളവാക്കുന്നു.

ചാലുങ്കപ്പടിയിലെ വളവിലാണ് വിഷ്ണു സഞ്ചരിച്ച ബുള്ളറ്റ് മറിഞ്ഞ നിലയില്‍ കണ്ടെത്തിയത്. രാവിലെ നടക്കാന്‍ ഇറങ്ങിയ യാത്രക്കാരാണ് അപകട വിവരമറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ നടത്തിയ പരിശോധനയില്‍ ഓടയ്ക്കുള്ളില്‍ നിന്നും വിഷ്ണുരാജിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് കോട്ടയം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Signature-ad

വിഷ്ണുരാജിന്റെ ബുള്ളറ്റിന്റെ പിന്‍ഭാഗത്ത് ക്രാഷ് ഗാര്‍ഡുകള്‍ ചളുങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. മറ്റേതെങ്കിലും വാഹനം ഇടിച്ച് ഓടയില്‍ വീണതാണോയെന്ന് പരിശോധിക്കുമെന്ന് ഈസ്റ്റ് പൊലീസ് അറിയിച്ചു. തലക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പുറമേ മുറിവുകളൊന്നുമില്ലെങ്കിലും തലയോട്ടി തകരുന്നതിന് കാരണമായ ക്ഷതം ഏറ്റിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രി പിആര്‍ഒയായ വിഷ്ണു ഡിവൈഎഫ്‌ഐ ഇത്തിത്താനം മേഖലാ കമ്മിറ്റിയംഗവും പീച്ചങ്കേരി യൂണിറ്റ് സെക്രട്ടറിയുമായിരുന്നു. ആശുപത്രിയില്‍നിന്നു രാത്രി 9 മണിയോടെ വീട്ടിലേക്കു പുറപ്പെട്ടതാണ്. ചങ്ങനാശേരി വഴിയാണു ദിവസവും വീട്ടിലേക്കു പോയിരുന്നത്. എന്നാല്‍, പുതുപ്പള്ളി ഭാഗത്തേക്കു പോയത് എന്തിനാണെന്നു വ്യക്തമായിട്ടില്ല.

മൃതദേഹം ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: അര്‍ച്ചന (ചെങ്ങളം).

 

 

Back to top button
error: