IndiaNEWS

ഘടകകക്ഷികളെ ഒറ്റക്കെട്ടായി നയിക്കാന്‍ യോഗ്യന്‍; രാഹുല്‍ പ്രതിപക്ഷ നേതാവാകണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: യുഡിഎഫും ഇന്ത്യാ സഖ്യവും ലോക്സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതിനുപിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോട് പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് നേതാക്കള്‍. പ്രവര്‍ത്തക സമിതി യോഗത്തില്‍ നേതാക്കള്‍ ആവശ്യം ഉന്നയിക്കും. രാഹുല്‍ ഗാന്ധി തയ്യാറായില്ലെങ്കില്‍ മറ്റുപേരുകള്‍ പരിഗണിക്കും.

ഇന്ത്യാ സഖ്യത്തിന്റെ മുഖമെന്ന നിലയില്‍ രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്നാണ് ഘടകകക്ഷികളുടെയും അഭിപ്രായം. അദ്ദേഹം പ്രതിപക്ഷ നേതാവായാല്‍ ഘടകക്ഷികളെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാനാകുമെന്നാണ് നേതാക്കള്‍ പറയുന്നത്. ഭാവി പരിപാടികളെക്കുറിച്ച് പാര്‍ട്ടിയിലെയും ഘടകകക്ഷികളിലെയും നേതാക്കളുമായി രാഹുല്‍ ഗാന്ധി ആശയവിനിമയം നടത്തുന്നുണ്ട്. ആര് പ്രതിപക്ഷ നേതാവാകണമെന്ന വിഷയത്തില്‍ ഇന്ത്യാ സഖ്യം കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലും തീരുമാനമായില്ല.

Signature-ad

സര്‍ക്കാരുണ്ടാക്കാന്‍ തല്‍ക്കാലം ശ്രമിക്കേണ്ടെന്നാണ് യോഗം തീരുമാനിച്ചത്. ഭരണം നിലനിര്‍ത്താന്‍ ടിഡിപി, ജെഡിയു ഉള്‍പ്പെടെയുള്ള കക്ഷികളെ ആശ്രയിക്കേണ്ടതിനാല്‍ ബിജെപി സര്‍ക്കാര്‍ ആടിയുലയുമെന്നാണ് കണക്കുകൂട്ടല്‍. സര്‍ക്കാരിനെ വീഴ്ത്താന്‍ ഭാവിയില്‍ അവസരം ലഭിച്ചാല്‍ അതുപയോഗിക്കും.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ 233 സീറ്റ് നേടിയ ഇന്ത്യാ സഖ്യം കേവല ഭൂരിപക്ഷത്തില്‍ നിന്ന് 39 സീറ്റ് അകലെയാണ്. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള ഉചിത സമയത്തിനായി ക്ഷമയോടെ കാത്തിരിക്കാനും അതുവരെ ശക്തമായ പ്രതിപക്ഷമായി നിലകൊള്ളാനും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ 20 കക്ഷികളില്‍ നിന്നുള്ള 33 നേതാക്കള്‍ പങ്കെടുത്തു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ശിവസേന (ഉദ്ധവ് വിഭാഗം) നേതാവ് ഉദ്ധവ് താക്കറെയും പ്രതിനിധികളെയാണ് അയച്ചത്.

 

Back to top button
error: