KeralaNEWS

പാലക്കാട് രാഹുല്‍, ചേലക്കരയില്‍ രമ്യ ഹരിദാസ്; വയനാട് ഒഴിഞ്ഞാല്‍ മുരളിയോ പ്രിയങ്കയോ? ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമായി

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ അടുത്തു തന്നെ വരാനിരിക്കുന്ന പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ത്ഥികളെക്കുറിച്ച് കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ സജീവം. വടകരയില്‍ നിന്ന് ഷാഫി പറമ്പിലും ആലത്തൂരില്‍ നിന്ന് മന്ത്രി കെ രാധാകൃഷ്ണനും ലോക്സഭയിലേക്ക് വിജയിച്ചതോടെയാണ് പാലക്കാടും ചേലക്കരയിലും ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

പാലക്കാട് ഷാഫി പറമ്പിലിന് പകരം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പരാഹുല്‍ മാങ്കൂട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും. രാഹുലിന്റെ പേരിനാണ് മുന്‍ഗണനയെന്നാണ് റിപ്പോര്‍ട്ട്. ഷാഫി പറമ്പിലും രാഹുല്‍ മാങ്കുട്ടത്തില്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനെയാണ് അനുകൂലിക്കുന്നതെന്നും വാര്‍ത്തകളുണ്ട്. ബിജെപിക്ക് ശക്തമായ വേരോട്ടമുള്ള സ്ഥലമാണ് പാലക്കാട് എന്നതും ഇരുമുന്നണികളുടെയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രധാന ഘടകമാകും.

Signature-ad

മന്ത്രി രാധാകൃഷ്ണന്‍ എംഎല്‍എ പദം രാജിവെക്കുന്നതോടെ ഒഴിവു വരുന്ന ചേലക്കരയില്‍ മുന്‍ എംപി രമ്യ ഹരിദാസിനെ മത്സരിപ്പിക്കാനും ആലോചനയുണ്ട്. രമ്യ ഹരിദാസിന്റെ പേരിനാണ് മുന്‍തൂക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുമ്പ് ആലപ്പുഴയില്‍ പരാജയപ്പെട്ട ഷാനിമോള്‍ ഉസ്മാന്‍ അരൂരില്‍ മത്സരിച്ച് വിജയിച്ചിട്ടുണ്ട്.

രാഹുല്‍ ഗാന്ധി ഒഴിഞ്ഞാല്‍ ഒഴിവു വരുന്ന വയനാട്ടില്‍ ആരു മത്സരിക്കും എന്നതും രാഷ്ട്രീയ കേരളം ശ്രദ്ധാപൂര്‍വം വീക്ഷിക്കുന്നു. രാഹുലിന് പകരം പ്രിയങ്കാഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ഉയര്‍ന്നിട്ടുണ്ട്. തൃശൂരില്‍ പരാജയപ്പെട്ടതോടെ പിണങ്ങി നില്‍ക്കുന്ന കെ മുരളീധരനെ വയനാട്ടിലേക്ക് മത്സരിപ്പിക്കണമെന്ന നിര്‍ദേശവും സജീവമായിട്ടുണ്ട്. തൃശൂരില്‍ ബലിയാടായി എന്നു പരിതപിക്കുന്ന മുരളീധരനെ അനുനയിപ്പിക്കാന്‍, വയനാട് അല്ലെങ്കില്‍ പാര്‍ട്ടിയില്‍ ഉന്നത സ്ഥാനം നല്‍കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്.

 

Back to top button
error: