IndiaNEWS

കേന്ദ്രമന്ത്രിസഭയില്‍ സുരേഷ് ഗോപിക്ക് ഇടംകിട്ടും; രാജീവ് ചന്ദ്രശേഖര്‍ പരിഗണനയില്‍, മുരളീധരന്‍ പുറത്തേക്ക്

ന്യൂഡല്‍ഹി: 240 സീറ്റില്‍ ജയിച്ച ബി.ജെ.പി. തന്നെയാകും ആഭ്യന്തരം, വിദേശകാര്യം, പ്രതിരോധം, ധനം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ കൈവശം വെക്കുക. അമിത് ഷായടക്കം മുതിര്‍ന്ന നേതാക്കള്‍ മന്ത്രിമാരായി തുടരും. കേരളത്തില്‍ ആദ്യമായി ബി.ജെ.പിക്ക് അക്കൗണ്ട് തുറന്ന സുരേഷ് ഗോപിയെ മന്ത്രിസ്ഥാനത്തിന് പരിഗണിക്കാതിരിക്കില്ല.

വി. മുരളീധരന്റെ രാജ്യസഭാംഗത്വം അവസാനിച്ചതിനാലും ലോക്‌സഭയിലേക്ക് ആറ്റിങ്ങലില്‍ പരാജയപ്പെട്ടതിനാലും മന്ത്രിയാക്കാനിടയില്ല. തിരുവനന്തപുരത്ത് മികച്ച പോരാട്ടം കാഴ്ചവെച്ച രാജീവ് ചന്ദ്രശേഖറിന് സുപ്രധാന വകുപ്പുകള്‍ ലഭിക്കാനാണ് സാധ്യത.

Signature-ad

ബി.ജെ.പിക്കുമാത്രമായി കേവലഭൂരിപക്ഷമില്ലാതെ രൂപവത്കരിക്കാനൊരുങ്ങുന്ന മൂന്നാം മോദി സര്‍ക്കാരില്‍ സ്പീക്കറും മന്ത്രിമാരുമുള്‍പ്പെടെ പല സുപ്രധാന പദവികളിലും സഖ്യകക്ഷികള്‍ ഇടംപിടിക്കും. പതിനാറ് സീറ്റുള്ള ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി.യും 12 സീറ്റുള്ള നിതീഷ് കുമാറിന്റെ ജെ.ഡി.യുവുമായിരിക്കും വിലപേശലില്‍ മുന്നിലുണ്ടാവുക. ഇതോടൊപ്പം 15 സഖ്യകക്ഷികളും സ്ഥാനമാനങ്ങള്‍ ആവശ്യപ്പെടുന്നതില്‍ പിന്നാക്കം നില്‍ക്കില്ല.

ഏറ്റവും വലിയ സഖ്യകക്ഷിയായ ടി.ഡി.പി. മന്ത്രിസ്ഥാനങ്ങള്‍ക്കു പുറമേ സ്പീക്കര്‍ പദവിയും ചോദിക്കുന്നുണ്ടെന്നാണ് സൂചന. അതിനു വഴങ്ങിയാല്‍ മോദി സര്‍ക്കാരില്‍ ആദ്യമായി ബി.ജെ.പി. ഇതര സ്പീക്കറുണ്ടാകും. കൂടാതെ കാബിനറ്റ് ഉള്‍പ്പെടെ മൂന്ന് മന്ത്രിസ്ഥാനമെങ്കിലും ടി.ഡി.പിക്കു നല്‍കേണ്ടിവരും. എപ്പോള്‍ വേണമെങ്കിലും മറുകണ്ടം ചാടാന്‍ മടികാണിക്കാത്ത ചരിത്രമുള്ള നിതീഷിനെ പിണക്കാതിരിക്കാനും ബി.ജെ.പി. ശ്രദ്ധിക്കും. രണ്ട് കാബിനറ്റ് ഉള്‍പ്പെടെ നാല് മന്ത്രിസ്ഥാനമാണ് ജെ.ഡി.യു. ചോദിക്കുന്നത്. ഒപ്പം നിതീഷിന്റെ മുഖ്യമന്ത്രിപദവിക്ക് തടസ്സമുണ്ടാകില്ലെന്ന ഉറപ്പും ചോദിക്കും.

ഏഴ് സീറ്റുള്ള ശിവസേന ഷിന്‍േഡ വിഭാഗം, അഞ്ച് സീറ്റുള്ള ചിരാഗ് പസ്വാന്റെ എല്‍.ജെ.പി. എന്നിവയാണ് കൂടുതല്‍ അവകാശമുന്നയിക്കാവുന്ന മറ്റ് കക്ഷികള്‍. ഒരു കാബിനറ്റ് ഉള്‍പ്പെടെ രണ്ട് മന്ത്രിസ്ഥാനമാണ് ചിരാഗ് ചോദിക്കുകയെന്നാണ് അനൗദ്യോഗികമായി അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്.

രണ്ട് സീറ്റ് വീതമുള്ള ജനസേനാ പാര്‍ട്ടി, ജനതാദള്‍ എസ്., രാഷ്ട്രീയ ലോക്ദള്‍ എന്നിവയ്ക്കും മന്ത്രിസ്ഥാനങ്ങള്‍ നല്‍കേണ്ടിവരുമെന്നുറപ്പാണ്. അതുകഴിഞ്ഞാല്‍ ഓരോ അംഗങ്ങള്‍ വീതമുള്ള എട്ട് പാര്‍ട്ടികളാണ് എന്‍.ഡി.എയില്‍ ഉള്ളത്. അവര്‍ ഓരോരുത്തരും മന്ത്രിപദം ചോദിക്കാതിരിക്കില്ല. അതില്‍ ബിഹാറിലെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചാ നേതാവ് ജിതന്‍ റാം മാഞ്ചി മന്ത്രിസ്ഥാനം ചോദിച്ചുകഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

ബിഹാറില്‍ ബി.ജെ.പിയെക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് ജെ.ഡി.യു. ആണ്. ബി.ജെ.പി. 17 സീറ്റില്‍ മത്സരിച്ചു, 12 സീറ്റു നേടി. 16 ഇടത്ത് പോരാടിയാണ് ജെ.ഡി.യു. 12 മണ്ഡലങ്ങളില്‍ ജയിച്ചത്.

 

 

Back to top button
error: