IndiaNEWS

ഇ.ഡിയെ വിമര്‍ശിച്ച്‌ സുപ്രീം കോടതി;’ആപ്‌’ എം.പിക്കു ജാമ്യം

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇ.ഡി) അറസ്‌റ്റ് ചെയ്‌ത ആം ആദ്‌മി പാര്‍ട്ടി (ആപ്‌) രാജ്യസഭാംഗം സഞ്‌ജയ്‌ സിങ്ങിന്‌ ഒടുവില്‍ ജാമ്യം.

അറസ്‌റ്റിലായി വിചാരണയില്ലാതെ ആറു മാസം ജയിലില്‍ കഴിഞ്ഞശേഷമാണു സുപ്രീം കോടതി ജാമ്യം അനുവദിച്ചത്‌.
സഞ്‌ജയ്‌ സിങ്ങിനു ജാമ്യം അനുവദിച്ച കോടതി, ഇ.ഡിയെ രൂക്ഷമായി വിമര്‍ശിച്ചു. കേസില്‍ സഞ്‌ജയ്‌ സിങ്ങിനെതിരേ ഇ.ഡിക്ക്‌ ഒന്നും കണ്ടെത്താനായിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.

ജസ്‌റ്റിസുമാരായ സഞ്‌ജീവ്‌ ഖന്ന, ദീപാങ്കര്‍ ദത്ത, പ്രസന്ന ബി. വരാലെ എന്നിവരടങ്ങുന്ന ബെഞ്ചാണ്‌ ജാമ്യ ഹര്‍ജി പരിഗണിച്ചത്‌.

Signature-ad

മദ്യവില്‍പ്പന ലൈസന്‍സ്‌ അനുവദിച്ചതിന്‌ എ.എ.പി. കൈക്കൂലിയായി സ്വീകരിച്ചതായി ആരോപിക്കപ്പെടുന്ന പണത്തേക്കുറിച്ച്‌ ഒരു തുമ്ബും ഇല്ലെന്നും കോടതി ഇ.ഡിയോടു പറഞ്ഞു.

സഞ്‌ജയ്‌ സിങ്ങിനു ജാമ്യം ലഭിച്ചതിനു പിന്നാലെ, സത്യം വിജയിച്ചെന്ന്‌ ആം ആദ്‌മി പാര്‍ട്ടി നേതാവും ഡല്‍ഹി മന്ത്രിയുമായ അതിഷി മര്‍ലേന സാമൂഹികമാധ്യമമായ എക്‌സില്‍ കുറിച്ചു. മദ്യനയത്തിലൂടെ ലഭിച്ചതെന്ന്‌ ആരോപിക്കുന്ന പണം എവിടെയെന്നാണ്‌ രണ്ടു വര്‍ഷമായി ഇ.ഡി. അന്വേഷിച്ചുകൊണ്ടിരുന്നത്‌.
അതേപ്പറ്റി കോടതി ചോദിച്ചപ്പോള്‍ ഇ.ഡിക്ക്‌ ഉത്തരമില്ലായിരുന്നു. ഭീഷണിപ്പെടുത്തിയും സമ്മര്‍ദം ചെലുത്തിയും ആം ആദ്‌മി പാര്‍ട്ടി നേതാക്കള്‍ക്കെതിരേ ഹാജരാക്കിയ മാപ്പുസാക്ഷികളുടെ മൊഴിയിലും കോടതിക്കു സംശയമുണ്ട്‌. കള്ളസാക്ഷികളുടെ അടിത്തറയിലാണ്‌ കേസെന്നു സഞ്‌ജയ്‌ സിങ്ങിനു ജാമ്യം ലഭിച്ചതിലൂടെ രാജ്യത്തിനു ബോധ്യമായെന്നും അതിഷി പറഞ്ഞു.

മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ ഒക്‌ടോബറിലാണ്‌ സഞ്‌ജയ്‌ സിങ്‌ അറസ്‌റ്റിലായത്‌. സിങ്ങിനെതിരേ മാപ്പുസാക്ഷി ദിനേശ്‌ അറോറയുടെ മൊഴിയുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇ.ഡിയുടെ നടപടി. അറസ്‌റ്റിലായതു മുതല്‍ സഞ്‌ജയ്‌ സിങ്‌ തിഹാര്‍ ജയിലിലായിരുന്നു.

Back to top button
error: