KeralaNEWS

ട്രെയിനുകളില്‍ ഇതരസംസ്ഥാനക്കാരുടെ വിളയാട്ടം;കാണാത്തമട്ടില്‍ ആര്‍പിഎഫ്

ആലുവ: ട്രെയിനുകളില്‍ റിസര്‍വേഷന്‍ കോച്ചുകളില്‍പ്പോലും ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്ന ഇതരസംസ്ഥാന തൊഴി ലാളികള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചു നിരന്തരം യാത്രക്കാര്‍ പരാതിപ്പെടുമ്ബോഴും ശാശ്വത പരിഹാരം കാണാൻ റയിൽവേക്കായിട്ടില്ല.
ട്രെയിനുകളില്‍ മോശം പെരുമാറ്റവും അതിക്രമവും അടുത്തിടെ വര്‍ധിച്ചുവരികയും ചെയ്യുന്നു. ഇതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ടിടിഇയുടെ മരണം.
മാരകലഹരിവസ്തുക്കള്‍വരെ ഉപയോഗിച്ചെത്തുന്ന ഇതരസംസ്ഥാനയാത്രക്കാര്‍ ട്രെയിനുകളില്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ലെന്നു ദീര്‍ഘദൂര യാത്രക്കാര്‍ പറയുന്നു.

റിസർവ് ചെയ്ത സീറ്റുകള്‍ ഇതരസംസ്ഥാനക്കാർ കൈയടക്കുന്ന നിരവധി സംഭവങ്ങള്‍ റിപ്പോർട്ടു ചെയ്തിട്ടും റെയില്‍വേ ഇതുവരെ ശക്തമായ നടപടി സ്വീകരിച്ചിട്ടില്ല. ഉത്തരേന്ത്യയിലേക്ക് സർവീസ് നടത്തുന്ന മരുസാഗർ എക്സപ്രസ് പോലെയുള്ള ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ സാധനങ്ങള്‍ കുത്തിനിറച്ച്‌ ടിക്കറ്റില്ലാതെ കേരളത്തിലേക്കു യാത്ര ചെയ്യുന്നതു പതിവാണ്. സംഘടിത ശക്തിയായതിനാല്‍ ടിടിഇമാരും ഇതു കണ്ടില്ലെന്നു നടിക്കുന്നു.

ഇന്നലെ ട്രെയിനില്‍ നിന്ന് അക്രമി തള്ളിയിട്ടുകൊന്ന ടിടിഇ വിനോദ് കണ്ണൻ വെറുമൊരു റെയില്‍വേ ഉദ്യോഗസ്ഥൻ മാത്രമായിരുന്നില്ല, സഹപ്രവർത്തകർക്കിടയില്‍ ഒരു സെലിബ്രിറ്റി കൂടിയായിരുന്നു. തിരക്കിട്ട റെയില്‍വേ ജോലിക്കിടയിലും തന്‍റെ സ്വപ്നങ്ങള്‍ക്കു നിറംപകർന്ന കലാകാരൻ. ഗ്യാങ്സ്റ്ററില്‍ മമ്മുട്ടിയുടെ ഗുണ്ടാസംഘത്തിലെ പ്രധാനി, മോഹൻലാല്‍ – പ്രിയൻ ചിത്രമായ ഒപ്പത്തില്‍ ഡിവൈഎസ്പി തുടങ്ങി ജോസഫ്, പുലിമുരുകൻ, ആന്‍റണി, വില്ലാളിവീരൻ, മംഗ്ലീഷ്, ഹൗ ഓള്‍ഡ് ആർ യു, അച്ഛാ ദിൻ, എന്നും എപ്പോഴും, വിശ്വാസം അതല്ലേ എല്ലാം, രാജമ്മ@യാഹു, പെരുച്ചാഴി, വിക്രമാദിത്യൻ എന്നീ സിനിമകളില്‍ ഒരുപിടി ശ്രദ്ധേയമായ വേഷങ്ങളിലൂടെ തന്‍റെ കഴിവുകള്‍ പ്രകടിപ്പിച്ച ആളായിരുന്നു അദ്ദേഹം.

എറണാകുളം വരാപ്പുഴ മഞ്ഞുമ്മല്‍ സ്വദേശി കെ. വിനോദ് (45) എറണാകുളം സൗത്ത് സ്റ്റേഷനിലെ ടി.ടി.ഇയാണ്. എറണാകുളം -പട്‌ന ട്രെയിൻ ചൊവ്വാഴ്ച വൈകീട്ട് 7.30ഓടെ തൃശൂർ വെളപ്പായയിലെത്തിയപ്പോഴാണ് ഇദ്ദേഹത്തെ ട്രെയിനില്‍നിന്ന് തള്ളിയിട്ടത്. സംഭവത്തില്‍ പ്രതി ഒഡിഷ സ്വദേശി രജനീകാന്തിനെ പാലക്കാട് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

എസ് 11 കോച്ചില്‍ ടിക്കറ്റ് പരിശോധന നടത്തവേ വാതിലിന് സമീപം നിന്ന രജനീകാന്തിനോട് വിനോദ് ടിക്കറ്റ് ആവശ്യപ്പെട്ടു. റിസർവേഷൻ ടിക്കറ്റ് ഇല്ലെന്ന് കണ്ട് ചോദിച്ചപ്പോള്‍ പ്രകോപിതനായ രജനീകാന്ത് ചവിട്ടി തള്ളിയിടുകയായിരുന്നുവെന്നാണ് വിവരം. സമീപത്തെ ട്രാക്കിലേക്ക് തലയടിച്ച്‌ വീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിൻ കയറിയിറങ്ങുകയും ചെയ്തു.

തുടർന്നും ട്രെയിനില്‍ യാത്ര ചെയ്ത പ്രതിയെ കോച്ചിലെ മറ്റു യാത്രക്കാര്‍  കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചതിനെ തുടര്‍ന്ന് പാലക്കാട് വെച്ചാണ് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി കുന്നംകുളത്ത് ഹോട്ടലില്‍ തൊഴിലാളിയാണെന്നാണ് വിവരം. തൃശൂരില്‍നിന്നാണ് ഇയാൾ ട്രെയിനിൽ കയറിയത്. മദ്യപിച്ച്‌ ലക്കുകെട്ട നിലയിലായിരുന്ന ഇയാള്‍ യാത്രക്കാരോടും മോശമായി പെരുമാറിയതായി പറയുന്നു.

Back to top button
error: