KeralaNEWS

സംസ്ഥാനത്ത് ജയസാധ്യതയുള്ള ഏക ബിജെപി നേതാവ്; ശോഭാ സുരേന്ദ്രനെ ഒതുക്കിയതായി ആക്ഷേപം

തിരുവനന്തപുരം: സംസ്ഥാനത്ത് ജയസാധ്യതയുള്ള ഏക ബിജെപി നേതാവ് എന്ന വിശേഷണമുള്ള ശോഭ സുരേന്ദ്രനെ ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാക്കി ഒതുക്കിയെന്ന് പരക്കെ വിമർശനം.

കഴിഞ്ഞതവണ സിപിഎം കോട്ടയായ ആറ്റിങ്ങലില്‍ ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവെച്ച ശോഭയെ ഇത്തവണ ഒട്ടും ജയസാധ്യയില്ലാത്ത ആലപ്പുഴയിലേക്കാണ് പരിഗണിച്ചത്. ആറ്റിങ്ങലിലോ തിരുവനന്തപുരത്തോ ആയിരുന്നെങ്കില്‍ ജയിക്കാന്‍ കഴിയുമായിരുന്നിട്ടും സംസ്ഥാന നേതൃത്വത്തിലെ വിഭാഗീയതയാണ് ശോഭയെ ആലപ്പുഴയിലേക്ക് കെട്ടുകെട്ടിച്ചതെന്നാണ് വിവരം.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും കേന്ദ്രമന്ത്രി വി മുരളീധരനുമാണ് ശോഭയെ അപ്രധാനമായ സീറ്റിലേക്ക് മാറ്റിയതെന്നത് പരസ്യമായ രഹസ്യമാണ്. 2019ല്‍ ശോഭ വമ്ബന്‍ മുന്നേറ്റമുണ്ടാക്കിയ ആറ്റിങ്ങല്‍ മുരളീധരന് കൈക്കലാക്കാനാണ് അവരെ ആലപ്പുഴയിലേക്ക് ഒഴിവാക്കിയത്. സ്ഥാനാര്‍ത്ഥിത്വം നല്‍കിയില്ലെങ്കില്‍ പാര്‍ട്ടിക്കകത്ത് പൊട്ടിത്തെറിയുണ്ടാകുമെന്ന് ഭയന്ന് ആലപ്പുഴ നല്‍കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായത് എസ് ഗിരിജ കുമാരിയാണ്. ഗിരിജ ഒരു ലക്ഷത്തിനടുത്ത് വോട്ടുകളാണ് നേടിയത്. എന്നാല്‍, 2019ല്‍ ശോഭാ സുരേന്ദ്രന്‍ രണ്ടരലക്ഷത്തോളം വോട്ടുകള്‍ നേടി എതിര്‍ സ്ഥാനാര്‍ത്ഥികളെ ഞെട്ടിച്ചു. 14 ശതമാനത്തില്‍ അധികം വോട്ടുവിഹിതമാണ് ശോഭയിലൂടെ ബിജെപി ഈ മണ്ഡലത്തില്‍ നേടിയത്. ഇത് സിപിഎമ്മിന് കനത്ത തിരിച്ചടിയാവുകയും എ സമ്ബത്തിന്റെ തോല്‍വിക്കിടയാക്കുകയും ചെയ്തു. അടൂര്‍ പ്രകാശാണ് അട്ടിമറി ജയം നേടിയത്.

Back to top button
error: