മുംബൈ: ഉപമുഖ്യമന്ത്രി അജിത് പവാര്‍ ഉള്‍പ്പെട്ട മഹാരാഷ്ട്ര സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് (എം.എസ്.സി.ബി) തട്ടിപ്പുകേസ് അന്വേഷണം മഹാരാഷ്ട്ര പോലീസിന്റെ സാമ്പത്തികകുറ്റാന്വേഷണവിഭാഗം അവസാനിപ്പിച്ചു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.
ഇത് രണ്ടാംതവണയാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കേസ് അവസാനിപ്പിച്ചതായി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ഒന്നരവര്‍ഷമായി നടക്കുന്ന അന്വേഷണത്തില്‍ അജിത് പവാറിനും മറ്റു 70 പേര്‍ക്കുമെതിരേ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
25,000 കോടിയുടെ വായ്പത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസാണിത്. 2020 ഒക്ടോബറിലാണ് കേസ് അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ദേവേന്ദ്ര ഫഡ്നവിസ് സര്‍ക്കാരിന്റെ കാലത്തെടുത്ത കേസ് ഉദ്ധവ് താക്കറെ സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് ഏക്‌നാഥ്ഷിന്ദേ സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ കേസന്വേഷണം പുനരുജ്ജീവിപ്പിച്ചു. അജിത് പവാര്‍ ബി.ജെ.പി. ചേരിയിലേക്ക് മാറിയതോടെയാണ് വീണ്ടും കേസ് അവസാനിപ്പിച്ചത്.
വിവിധ പഞ്ചസാര സഹകരണസംഘങ്ങള്‍ക്ക് ക്രമംവിട്ട് വായ്പയനുവദിച്ചതുമായി ബന്ധപ്പെട്ടാണ് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള ബാങ്ക് ഭരണസമിതിക്കുനേരേ ആരോപണമുയര്‍ന്നത്.