NEWSWorld

ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ശവപ്പറമ്പായി യു.എസ്! ഒരു മരണംകൂടി, ഈ വര്‍ഷം നാലാമത്തെ കേസ്

വാഷിങ്ടണ്‍: ഇന്ത്യന്‍ വിദ്യാര്‍ഥിയെ യുഎസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒഹായോ ലിന്‍ഡര്‍ സ്‌കൂള്‍ ഓഫ് ബിസിനസ്സിലെ വിദ്യാര്‍ഥി ശ്രേയസ് റെഡ്ഡി ബെനിഗറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ വര്‍ഷം ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ സംഭവമാണിത്.

ശ്രേയസ്സിന്റെ മരണത്തില്‍ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അതിയായ ദുഃഖം രേഖപ്പെടുത്തി. ”ശ്രേയസിന്റെ ദൗര്‍ഭാഗ്യകരമായ മരണത്തില്‍ അതീവ ദുഃഖിതനാണ്. പൊലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. സംഭവത്തില്‍ എന്തെങ്കിലും തരത്തിലുള്ള ദുരൂഹത ഉള്ളതായി നിലവില്‍ സംശയിക്കുന്നില്ല. ശ്രേയസ്സിന്റെ വീട്ടുകാര്‍ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്തുനല്‍കും” – ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്തു.

Signature-ad

ഈ ആഴ്ച ആദ്യമാണ് ഇന്ത്യന്‍ വിദ്യാര്‍ഥിയായ നീല്‍ ആചാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പര്‍ഡ്യൂ സര്‍വകലാശാലയിലെ വിദ്യാര്‍ഥി ആയിരുന്നു നീല്‍. ഞായറാഴ്ചയാണ് നീലിനെ കാണാതാകുന്നത്. മകനെ കാണാനില്ലെന്ന് കാണിച്ച് നീലിന്റെ അമ്മ സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. ഇതിനു തൊട്ടുപിറകേയാണ് നീല്‍ മരിച്ചതായി സ്ഥിരീകരിക്കുന്നത്. സര്‍വകലാശാല ക്യാംപസില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഹരിയാന പഞ്ചഗുള സ്വദേശിയായ വിവേക് സെയ്‌നി കൊല്ലപ്പെട്ടതും ദിവസങ്ങള്‍ക്കു മുമ്പാണ്. ഒരു യാചകന്റെ ചുറ്റിക ആക്രമണത്തിലാണ് വിവേക് മരിച്ചത്. ജോര്‍ജിയയില്‍ എംബിഎ വിദ്യാര്‍ഥിയായിരുന്നു വിവേക്.

മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ മറ്റൊരു വിദ്യാര്‍ഥി അകുല്‍ ധവാനായിരുന്നു. ഹൈപ്പോതെര്‍മിയ മൂലമാണ് അകുല്‍ മരണപ്പെട്ടതെന്നു മൃതദേഹ പരിശോധനയില്‍ കണ്ടെത്തിയെങ്കിലും വിദ്യാര്‍ഥിയെ കാണാതായതു മുതല്‍ പൊലീസ് വേണ്ട രീതിയില്‍ അന്വേഷണം നടത്തിയില്ലെന്നു കാണിച്ച് അകുലിന്റെ മാതാപിതാക്കള്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

Back to top button
error: