IndiaNEWS

കേന്ദ്ര ബജറ്റ് 2024; മാലിദ്വീപിനുള്ള സഹായധനം വെട്ടിക്കുറച്ച്‌ ഇന്ത്യ

ന്യൂഡൽഹി: മാലിദ്വീപിനുള്ള സഹായധനത്തില്‍ കാര്യമായ കുറവ് വരുത്തി കേന്ദ്ര സർക്കാർ.
ഇരുരാജ്യങ്ങള്‍ക്ക് ഇടയിലും നിലനില്‍ക്കുന്ന നയതന്ത്ര ഭിന്നത പൂർണമായും മാറാത്ത സാഹചര്യത്തില്‍ 2024-25 സാമ്ബത്തിക വർഷത്തില്‍ മാലിദ്വീപിനുള്ള സഹായധനത്തില്‍ 22 ശതമാനം വെട്ടിക്കുറയ്ക്കാനാണ് ഇന്ത്യയുടെ തീരുമാനം.

വികസന സഹായത്തിനായി മാലദ്വീപിന് 600 കോടിയാണ് ഇന്ത്യ അനുവദിച്ചത്, വിദേശ രാജ്യങ്ങള്‍ക്ക് സർക്കാർ നല്‍കുന്ന ഏറ്റവും വലിയ മൂന്നാമത്തെ സഹായമാണിത്. 2023-24ല്‍ മാലദ്വീപിന് 770.90 കോടി രൂപയാണ് സഹായമായി നല്‍കിയത്. 2022-23 ല്‍ അനുവദിച്ച 183.16 കോടിയില്‍ നിന്ന് 300 ശതമാനത്തിലധികം വർധനവാണ് ഇക്കലയളവില്‍ ഉണ്ടായത്.

2023ലെ ബജറ്റില്‍ മാലിദ്വീപിനായി സർക്കാർ ആദ്യം 400 കോടി രൂപ അനുവദിച്ചിരുന്നു. പിന്നീട് അത് 770.90 കോടി രൂപയായി ഉയർത്തുകയായിരുന്നു. കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായി, മാലിദ്വീപിൻ്റെ പ്രധാന സഹായ പങ്കാളിയാണ് ഇന്ത്യ. ദ്വീപ് രാഷ്ട്രത്തിനുള്ള ഇന്ത്യയുടെ സഹായം പ്രതിരോധം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ മേഖലകളില്‍ വ്യാപിച്ചു കിടക്കുന്നു.

 

2024-25ല്‍ വിദേശ രാജ്യങ്ങള്‍ക്കുള്ള സഹായമായി ഇന്ത്യ 4883.56 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്, 2023-24ല്‍ ഇത് 5426.78 കോടിയായിരുന്നു.

 

അടുത്തിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ചില മാലിദ്വീപ് മന്ത്രിമാർ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളെ തുടർന്നാണ് ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്.

 

പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദർശനത്തിന്റെ നിരവധി ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പോസ്‌റ്റ് ചെയ്‌തതോടെയാണ് ഇതിന്റെ തുടക്കം. പോസ്‌റ്റ് വലിയ രീതിയില്‍ വൈറലാവുകയായിരുന്നു. പ്രധാനമന്ത്രി സ്‌നോർക്കെല്ലിംഗ് നടത്തുന്നത് ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ വലിയ രീതിയില്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു.

 

ഇതിന് പിന്നാലെയാണ് മാലിദ്വീപ് മന്ത്രിമാരും മറ്റ് ചില നേതാക്കളും അദ്ദേഹത്തിനെതിരെ അപകീർത്തികരമായ പരാമർശങ്ങള്‍ നടത്തിയത്. തുടർന്ന് ഇത് വിവാദമാവുകയും ഇന്ത്യയില്‍ നിന്നുള്ള നിരവധി യാത്രക്കാർ മാലിദ്വീപ് യാത്ര ഉപേക്ഷിക്കുകയും ചെയ്‌തിരുന്നു.

 

അതേസമയം ലക്ഷദ്വീപ് ഉള്‍പ്പടെയുള്ള ദ്വീപുകളില്‍ തുറമുഖവികസനത്തിനും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുമായി അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ അവതരിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രധനകാര്യമന്ത്രി നിര്‍മലാസീതാരാമൻ പറഞ്ഞു.

 

”ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ലക്ഷദ്വീപ് ഉള്‍പ്പടെയുള്ള ദ്വീപുകളില്‍ തുറമുഖവികസനം, വിനോദസഞ്ചാരത്തിലെ അടിസ്ഥാന സൗകര്യവികസനം, മറ്റ് സൗകര്യങ്ങള്‍ എന്നിവയ്ക്കായുള്ള പദ്ധതികള്‍ അവതരിപ്പിക്കും,” ഇടക്കാല ബജറ്റില്‍ ധനമന്ത്രി പറഞ്ഞു. മാലദ്വീപുമായുള്ള തര്‍ക്കത്തിനിടെയാണ് ധനമന്ത്രിയുടെ പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്.

Back to top button
error: