Social MediaTRENDING

ബിരുദം വേണ്ട, ശമ്പളം 60 ലക്ഷം; പണി നിസാരം, ഹോഗ്‌വാർട്ട്സ് എക്സ്പ്രസിന്‍റെ റൂട്ടില്‍ ട്രെയിന്‍ ഡ്രൈവര്‍ !

സ്‌കോട്ട്‌ലൻഡില്‍ ഒരു ട്രെയിൻ ഡ്രൈവറുടെ ഒഴിവുണ്ട്. ഈ ട്രെയിന്‍ ഓടുന്നത് പക്ഷേ, അതി മനോഹരമായ ഒരു പ്രദേശത്ത് കൂടിയാണ്. വെസ്റ്റ് ഹൈലാൻഡ് ലൈനിലെ ഗ്ലെൻഫിന്നൻ വയഡക്‌റ്റിലൂടെയാണ് ആ യാത്ര. ഫോർട്ട് വില്യം റൂട്ട് ( Fort William route) എന്ന് അറിയപ്പെടുന്ന ഈ റൂട്ടില്‍ ട്രെയിന്‍ ഓടിക്കുന്നവര്‍ക്ക് പക്ഷേ, ലഭിക്കുന്ന ശമ്പളം കേട്ട് തലകറങ്ങരുത്. ഒന്നും രണ്ടുമല്ല, അറുപത് ലക്ഷം രൂപയാണ് ഈ റൂട്ടിലെ ഡ്രൈവര്‍ക്ക് ലഭിക്കുന്ന ശമ്പളം. കാരണം ഈ റൂട്ട്, ഹാരി പോട്ടർ സിനിമകളിലെ ഹോഗ്‌വാർട്ട്സ് എക്സ്പ്രസിന്‍റെ പ്രശസ്തമായ റൂട്ടാണെന്നത് തന്നെ. ഈ റൂട്ടിലൂടെ ട്രെയിന്‍ ഓടിക്കുന്നതില്‍ ട്രെയിന്‍ ഡ്രൈവര്‍ക്ക് നിര്‍ണ്ണായകമായ സ്ഥാനമുണ്ടെന്നതാണ് ഈ ജോലിയ്ക്ക് ഇത്രയും വലിയ ശമ്പളം വാഗ്ദാനം ചെയ്യുന്നതിന് പിന്നിലുള്ള കാര്യം.

ജോലിക്ക് അപേക്ഷിക്കുന്നവര്‍ക്ക് കുറഞ്ഞത് 20 വയസ്സ് പ്രായമുണ്ടായിരിക്കണം, എന്നാല്‍ ഔപചാരിക ബിരുദം ആവശ്യമില്ല. ബിരുദമില്ലെങ്കിലും ഒഴിവിലേക്കായി നടത്തുന്ന വിവിധ പരീക്ഷകള്‍ ഉദ്യോഗാര്‍ത്ഥി വിജയിക്കണമെന്നത് നിര്‍ബന്ധം. മത്സരാര്‍ത്ഥികളില്‍ നിന്ന് ഉത്സാഹം, പോസിറ്റിവിറ്റി, സംഭാഷണ വൈദഗ്ദ്ധ്യം, ശ്രദ്ധ, പ്രശ്നപരിഹാര കഴിവുകൾ തുടങ്ങിയ ഗുണങ്ങളുടെ പ്രാധാന്യം നോക്കിയാകും തെരഞ്ഞെടുപ്പെന്ന് സ്കോട്ട് റെയിൽവേയുടെ അറിയിപ്പില്‍ പറയുന്നു. പരീക്ഷകളില്‍ സൈക്കോമെട്രിക്ക് വിലയിരുത്തല്‍, യോഗ്യത അടിസ്ഥാനമാക്കിയുള്ള അഭിമുഖം, മെഡിക്കല്‍ പരിശോധന. മയക്കുമരുന്ന് / മദ്യം എന്നിവയുടെ ഉപയോഗം തുടങ്ങിയവയും ഉള്‍പ്പെടുന്നു. ജോലിയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍ 32 ലക്ഷം രൂപയുടെ (32,968 പൗണ്ട്) നഷ്ടപരിഹാര പാക്കേജ് പ്രതിവര്‍ഷം മുതല്‍ ലഭിക്കും. 9 മാസത്തിന് ശേഷം 58 മുതൽ 60 ലക്ഷം വരെ (58,028 പൗണ്ട്) വർദ്ധനവും ഉണ്ടായിരിക്കും. മറ്റ് അധിക അലവൻസുകൾ പ്രത്യേകം നൽകുമെന്നും അറിയിപ്പില്‍ പറയുന്നു.

സാമ്പത്തിക നഷ്ടപരിഹാരത്തോടൊപ്പം മനോഹരമായ സ്ഥലങ്ങളിൽ പോസ്റ്റിംഗും ലഭിക്കും. ഒപ്പം അതിമനോഹരമായ സ്ഥലങ്ങളിലൂടെ കറങ്ങാം. അതായത് ചുരിക്കി പറഞ്ഞാല്‍ എന്തുകൊണ്ടും ഇതൊരു സ്വപ്ന ജോലിയാണെന്ന് കണ്ണുമടച്ച് പറയാമെന്നത് തന്നെ. “സാഹസികതയുമായി പൂർണ്ണമായും മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് ഈ ജോലി ഒരു സമ്പൂർണ സ്വപ്ന ടിക്കറ്റാണ്. വിജയിച്ച സ്ഥാനാർത്ഥി സ്കോട്ട്ലൻഡിലെ ഏറ്റവും പ്രശസ്തമായ ട്രെയിൻ റൂട്ടുകളിലൊന്നിൽ ഡ്രൈവിംഗ് സീറ്റിലായിരിക്കുമെന്ന് മാത്രമല്ല, പാക്കേജ് ഉയർന്ന മത്സരാധിഷ്ഠിത ശമ്പളവും ആഴത്തിലുള്ള പരിശീലനവും പെട്ടെന്നുള്ള കരിയർ പുരോഗതിയും വാഗ്ദാനം ചെയ്യുന്നു. ഇത് ഒരു ഫസ്റ്റ് ക്ലാസ് അവസരമാണ്. ” HiJOBS-ന്‍റെ വാണിജ്യ ഡയറക്ടറും സ്ഥാപകയുമായ ലോറ സോണ്ടേഴ്‌സ് പറയുന്നു.

Back to top button
error: