IndiaNEWS

കൊല്‍ക്കത്ത- അഗര്‍ത്തല യാത്ര 31 ല്‍ നിന്ന് 10 മണിക്കൂറാകും; ബംഗ്ലാദേശ് വഴി ബൈപ്പാസ് പദ്ധതിയുമായി ഇന്ത്യ

അഗര്‍ത്തല: കൊല്‍ക്കത്ത അഗര്‍ത്തല ട്രെയിന്‍ യാത്രാസമയം 31 മണിക്കൂറില്‍നിന്ന് വെറും 10 മണിക്കൂറായി കുറയുന്ന പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്. കൊല്‍ക്കത്തയില്‍നിന്ന് ബംഗ്ലാദേശിലെ ധാക്ക വഴി അഗര്‍ത്തയിലേക്കുള്ള യാത്ര ആരംഭിക്കുന്നതോടെയാണ് യാത്രാ സമയം 10 മണിക്കൂറായി കുറയുക. നിലവില്‍ കൊല്‍ക്കത്തയില്‍നിന്ന് സിലിഗുരി – ഗുവാഹത്തി വഴി യാത്ര ചെയ്താണ് അഗര്‍ത്തയിലേക്ക് എത്താനാവുക. എന്നാല്‍ ബംഗ്ലാദേശിലൂടെയുള്ള പാത യാത്രയ്ക്കായി തുറന്നാല്‍ കൊല്‍ക്കത്ത – ധാക്ക – അഖൗറ വഴി അഗര്‍ത്തലയിലേക്ക് നേരിട്ട് എത്താനാകും.

നിലവില്‍ കൊല്‍ക്കത്തയില്‍ നിന്ന് 1600 കിലോമീറ്റര്‍ സഞ്ചരിച്ച് വേണം അഗര്‍ത്തലയിലേക്ക് എത്താന്‍. എന്നാല്‍, ധാക്ക വഴിയുള്ള ദൂരം 550 കിലോമീറ്റര്‍ മാത്രമാണ്. ത്രിപുരയിലെ അഗര്‍ത്തല നഗരത്തെയും ബംഗ്ലാദേശിലെ അഖൗറയെയും ബന്ധിപ്പിക്കുന്ന ബോര്‍ഡര്‍ റെയില്‍ ലിങ്കിന്റെ ഉദ്ഘാടനമാണ് ഇരുരാജ്യങ്ങളിലെയും പ്രധാന മന്ത്രിമാര്‍ സംയുക്തമായി നിര്‍വഹിച്ചത്. 15 കിലോമീറ്ററാണ് ഈ പാതയുടെ ദൈര്‍ഘ്യം.

Signature-ad

2010 ലായിരുന്നു അഗര്‍ത്തല – അഖൗറ റെയില്‍വേ പ്രൊജക്ട് ആദ്യം ചര്‍ച്ചയാകുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയും ബംഗ്ലാദേശും പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാ പത്രത്തില്‍ ഒപ്പിട്ടു. വര്‍ഷങ്ങള്‍ക്കിപ്പുറം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ഓണ്‍ലൈനായി ഇന്നലെ ഉദ്ഘാടനവും നിര്‍വഹിച്ചു. 15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍പാതയുടെ അഞ്ച് കിലോമീറ്റര്‍ ഇന്ത്യയിലൂടെയാണ്. ഒരു വലിയ പാലവും മൂന്ന് ചെറിയ പാലങ്ങളും പാതയിലുണ്ട്.

ത്രിപുരയിലെയും മറ്റ് നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്കൊപ്പം പശ്ചിമബംഗാളിലെ ജനങ്ങള്‍ക്കും ഏറെ സഹായകമാകുന്ന പദ്ധതിയാണ് കൊല്‍ക്കത്ത – ധാക്ക – അഗര്‍ത്തല പാത. നിലവില്‍ ബംഗ്ലാദേശിനെ ചുറ്റിവേണം കൊല്‍ക്കത്തയിലുള്ളവര്‍ക്ക് ത്രിപുരയിലേക്കും തിരിച്ചും യാത്ര ചെയ്യാന്‍.

ബംഗ്ലാദേശുമായി 856 കിലോമീറ്റര്‍ അതിര്‍ത്തിയാണ് ത്രിപുര പങ്കിടുന്നത്. സംസ്ഥാനത്തെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന ഒരു റൂട്ട് മാത്രമാണ് ഇന്ന് നിലവിലുള്ളത്. അസമിലൂടെയും പശ്ചിമ ബംഗാളിലെ സിലിഗുരിയിലെ മേഖലയിലൂടെയുമാണ് ഇത് കടന്നുപോകുന്നത്. റെയില്‍ കണക്റ്റിവിറ്റിയും ഈ വഴിയിലൂടെ മാത്രമാണ് നിലവിലുള്ളത്.

ധാക്കയിലൂടെയുള്ള പുതിയ ട്രെയിന്‍ സര്‍വീസ് യാഥാര്‍ഥ്യമായാല്‍ യാത്രാസമയത്തില്‍ 20 മണിക്കൂറോളമാണ് ലാഭിക്കാന്‍ കഴിയുക. നിലവില്‍ യാത്ര ദൈര്‍ഘ്യം കാരണം ത്രിപുരയിലേക്കും കൊല്‍ക്കത്തയിലേക്കും യാത്ര ചെയ്യാന്‍ മടിക്കുന്നവര്‍ക്കും ബംഗ്ലാദേശില്‍നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരുപോലെ സഹായകരമാകുന്ന പദ്ധതിയാണിത്. ചരക്ക് നീക്കത്തിനും ഈ പാത ഏറെ സഹായകരമാകും. നിലവില്‍ ഗുഡ്‌സ് ട്രെയിനുകള്‍ക്കാണ് പുതിയ പാതയിലൂടെ സഞ്ചാര അനുമതിയുള്ളത്.

 

 

Back to top button
error: