NEWSWorld

ഭീതിപടര്‍ത്തി വീണ്ടും കോവിഡ്; ബ്രിട്ടനില്‍ അതിവേഗം പടര്‍ന്ന് ‘എരിസ്’ വകഭേദം

ലണ്ടന്‍: ബ്രിട്ടനില്‍ ഭീതിപടര്‍ത്തി കൊവിഡിന്റെ പുതിയ വകഭേദം അതിവേഗം വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. എരിസ് (ഇ.ജി 5.1) എന്ന പേരില്‍ അറിയപ്പെടുന്ന വകഭേദമാണ് യുകെയില്‍ പടരുന്നത്. ജൂലൈ അവസാനമാണ് എരിസിനെ കൊവിഡ് വകഭേദമായി തിരിച്ചറിഞ്ഞത്. നിലവില്‍ ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പത്തിലൊന്ന് കൊവിഡ് കേസുകളും എരിസ് വകഭേദമാണെന്നാണ് റിപ്പോര്‍ട്ട്.

കോവിഡ് വ്യാപനം രൂക്ഷമായതോടെ ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. റെസ്പിറേറ്ററി ഡാറ്റാമാര്‍ട്ട് സിസ്റ്റം വഴി റിപ്പോര്‍ട്ട് ചെയ്ത 4396 സാമ്പിളുകളില്‍ 5.4 ശതമാനം പേര്‍ക്കും കൊവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് രോഗികളുടെ ആശുപത്രി പ്രവേശന നിരക്കും ഉയര്‍ന്നിട്ടുണ്ട്.

ഒമിക്രോണിന്റെ വകഭേദം എന്ന നിലയില്‍ ജലദോഷം, തലവേദന, ക്ഷീണം (മിതമായതോ കഠിനമോ ആയതോ), തുമ്മല്‍, തൊണ്ടവേദന എന്നിവയുള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളാണ് എരിസിനുമുള്ളത്. മോശം കാലാവസ്ഥയും കുറയുന്ന പ്രതിരോധ ശക്തിയുമാണ് എരിസ് വകഭേദം പടര്‍ന്നുപിടിക്കാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പുതിയ വേരിയന്റും കോവിഡ് കേസുകളുടെ വര്‍ധനയും കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗബ്രിയേസസ് പറഞ്ഞു. തിരക്കേറിയ സ്ഥലങ്ങളിലേക്ക് പോകുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നും കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്നും ഡബ്ല്യുഎച്ച്ഒ തലവന്‍ പറഞ്ഞു.

ഭൂരിഭാഗം ആളുകളും കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് മാസങ്ങള്‍ കഴിഞ്ഞതിനാല്‍ എരിസ് വകേഭദവും മറ്റും കൂടുതലായി വ്യാപിക്കുമോയെന്ന ആശങ്ക ഉയരുന്നുണ്ട്. ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ കോവിഡ് വ്യാപനം ഉണ്ടായാല്‍ സ്ഥിതി കൂടുതല്‍ വഷളായേക്കും പ്രത്യേകിച്ചും സ്‌കൂളും ജോലിസ്ഥലങ്ങളും പോലുള്ള സ്ഥലങ്ങളില്‍.

Back to top button
error: