LIFEMovie

പ്രേക്ഷകര്‍ കാത്തിരുന്ന രാജ്‍കുമാര്‍ റാവു ചിത്രം ‘ശ്രീ’യുടെ റിലീസ് പ്രഖ്യാപിച്ചു; പ്രധാനപ്പെട്ട ഒരു കഥാപാത്രമായി ജ്യോതികയും

ന്നിനൊന്ന് വ്യത്യസ്‍തയുള്ള കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന ബോളിവുഡ് നടനാണ് രാജ്‍കുമാര്‍ റാവു. അതുകൊണ്ടുതന്നെ രാജ്‍കുമാര്‍ റാവു നായകനാകുന്ന ചിത്രങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കാറുമുണ്ട്. രാജ്‍കുമാര്‍ റാവുവിന്റെ ‘ശ്രീ’ എന്ന ചിത്രം അത്തരത്തില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഒന്നാണ്. ഇപ്പോഴിതാ ‘ശ്രീ’യുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

വ്യവസായി ശ്രീകാന്ത് ബൊള്ളയുടെ ജീവിതകഥ പറയുന്ന ചിത്രമായ ‘ശ്രീ’ സെപ്റ്റംബര്‍ 15ന് ആണ് റിലീസ് ചെയ്യുക. തുഷാര്‍ ഹിരാനന്ദാനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമിഴ് നടി ജ്യോതികയും പ്രധാനപ്പെട്ട ഒരു കഥാപാത്രമായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ശ്രീകാന്ത് ബൊള്ളായി ചിത്രത്തില്‍ രാജ്‍കുമാര്‍ റാവു അഭിനയിക്കുന്നു. സുമിത് പുരോഹിത്, ജഗദീപ് സിന്ദു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്.

ജന്മനാ കാഴ്‍ച വൈകല്യമുള്ള ചെറുപ്പക്കാരൻ തന്റെ കഠിനപ്രയത്‍നം കൊണ്ട് വിജയം സ്വന്തമാക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ആന്ധ്രയിലെ കൃഷ്‍ണ ജില്ലയില്‍ മച്ചിലി പട്ടണത്തിനടുത്ത സീതാരാമപുരത്തെ സാധാരണ കര്‍ഷ കുടുംബത്തില്‍ നിന്ന് ലോകം അംഗീകരിക്കുന്ന വ്യവസായിയായി മാറിയ കഥയാണ് ശ്രീകാന്ത് ബൊള്ളയുടേത്. അമേരിക്കയില്‍ നിന്ന് ബിരുദമെടുത്ത ശ്രീകാന്ത് ബൊള്ള നാട്ടിലെത്തി വ്യവസായം തുടങ്ങുകയായിരുന്നു.

കടലാസും കവുങ്ങിൻ പാളയും ഉപയോഗിച്ചുള്ള പ്ലേറ്റുകളും കപ്പുകളും മറ്റ് പരിസ്ഥിതി സൗഹൃദ ഉത്‍പന്നങ്ങളുടെയും നിര്‍മാണമായിരുന്നു തുടങ്ങിയത്. ‘ബൊള്ളന്റ് ഇൻഡസ്‍ട്രീസ്’ എന്ന ഒരു കമ്പനി ശ്രീകാന്ത് ബൊള്ള 2012ല്‍ സ്ഥാപിച്ചു. തിരുമല- തിരുപ്പതി ദേവസ്ഥാനമടക്കം ശ്രീകാന്ത് ബൊള്ളയുടെ ഉത്‍പന്നങ്ങള്‍ വാങ്ങി. ടാറ്റാ ഗ്രൂപ്പ് മുൻ ചെയര്‍മാൻ രത്തൻ ടാറ്റാ മൂലധനം നിക്ഷേപം നടത്തിയതോടെ ശ്രീകാന്ത് ബൊള്ള വ്യവസായ രംഗത്ത് ശ്രദ്ധേയനായി. ചുരുങ്ങിയ കാലംകൊണ്ട് തന്നെ ശ്രീകാന്ത് ബൊള്ള വിസ്‍മയകരമായ വളര്‍ച്ചയാണ് വ്യവസായ രംഗത്ത് സ്വന്തമാക്കിയത്. ശ്രീകാന്ത് ബൊള്ളയുടെ ജീവിതം സിനിമയാകുമ്പോള്‍ എങ്ങനെയായിരിക്കും എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകര്‍.

ജ്യോതിക ഏറ്റവും ഒടുവില്‍ അഭിനയിച്ച് പൂര്‍ത്തിയാക്കിയത് ‘കാതല്‍’ എന്ന മലയാള ചിത്രമാണ്. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. മമ്മൂട്ടിയും ജ്യോതികയും ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിക്കുന്നുവെന്ന പ്രത്യേകതകൊണ്ടുതന്നെ പ്രേക്ഷകരുടെ സജീവശ്രദ്ധയിലുള്ള ചിത്രമാണ് ‘കാതല്‍’.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: