NEWS

25 കോടിയുടെ ഓണം ബംബർ വിജയിക്ക് ലഭിക്കുക 12.88 കോടി രൂപ മാത്രം!

തിരുവനന്തപുരം: ഓണം ബംബർ ഒന്നാം സമ്മാനമായ 25 കോടി ലഭിച്ച വ്യക്തിക്ക് യഥാര്‍ത്ഥത്തില്‍ ലഭിക്കുക 12.88 കോടി രൂപ മാത്രമാണ്.
25 കോടിയുടെ സമ്മാനത്തുകയില്‍ നിന്ന് ഏജന്റ് കമ്മീഷനും ടാക്‌സും കഴിച്ച്‌ 15.75 കോടി സമ്മാനര്‍ഹന് ലഭിക്കും എന്നാണ് ഇത്തവണത്തെ ഓണം ബമ്ബറിനെ കുറിച്ചുള്ള എല്ലാ മാധ്യമ വാര്‍ത്തകളും. സമ്മാനം ലഭിച്ച വ്യക്തിയും അങ്ങിനെ തന്നെയാണ് കരുതുന്നത് എന്ന് ഒരു ഇന്റര്‍വ്യൂ കണ്ടപ്പോള്‍ മനസിലായി. 25 കോടിയുടെ 10% ഏജന്റ് കമ്മീഷന്‍ കഴിച്ചാല്‍ 22.5 കോടി. അതിന്റെ 30% TDS (6.75 കോടി) കുറച്ചാല്‍ 15.75 കോടി. ഇത്രയും തുക സമ്മാനം ലഭിച്ചയാളുടെ ബാങ്ക് അക്കൗണ്ടില്‍ വരും എന്നത് വസ്തുതയാണ്. എന്നാല്‍ ടാക്‌സ് അവിടെ കഴിഞ്ഞിട്ടില്ല.

അഞ്ച് കോടിക്ക് മുകളില്‍ വരുമാനം ഉള്ളവര്‍ ടാക്സിന്റെ 37% സര്‍ചാര്‍ജ് അടക്കണം. അതായത് 6.75 കോടിയുടെ 37%. 24975000 രൂപ. അവിടേയും തീര്‍ന്നില്ല. ടാക്‌സും സെസ് ചാര്‍ജും ചേര്‍ന്ന തുകയുടെ 4% ഹെല്‍ത്ത് & എഡ്യൂക്കേഷന്‍ സെസ് അടക്കണം. അതായത് 67500000 + 24975000 = 92475000 രൂപയുടെ 4 ശതമാനം. അതായത് 3699000 രൂപ.

ചുരുക്കി പറഞ്ഞാല്‍ 25 കോടി സമ്മാനം ലഭിച്ചയാള്‍ക്ക് 10% ഏജന്റ് കമ്മീഷന്‍ കഴിഞ്ഞു കിട്ടുന്ന തുകയ്ക്ക് ആകെയുള്ള നികുതി ബാധ്യത ഒന്‍പത് കോടി അറുപത്തിയൊന്ന് ലക്ഷത്തി എഴുപതിനാലായിരം (96174000) രൂപയാണ്. അതില്‍ ലോട്ടറി വകുപ്പ് മുന്‍കൂട്ടി കട്ട് ചെയ്യുന്നത് 6.75 കോടി രൂപ മാത്രമാണ്. ബാക്കി തുക, അതായത് സര്‍ചാര്‍ജും സെസ്സും ചേര്‍ന്ന പണം ലഭിച്ചയാള്‍ അടക്കേണ്ടതാണ്. എപ്പോഴെങ്കിലും അടച്ചാല്‍ പോര. ഒക്ടോബറില്‍ പണം അക്കൗണ്ടില്‍ കിട്ടുകയാണെങ്കില്‍ ഡിസംബറിന് മുന്‍പ് 28674000 രൂപ അടക്കേണ്ടതുണ്ട്. വൈകുന്ന ഓരോ മാസവും ആ തുകയുടെ 1% പെനാലിറ്റിയും വരും. ലോട്ടറി അടിച്ച പലരും ഇപ്പറഞ്ഞ തുക അടക്കാറില്ല. വര്‍ഷാവസാനം റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന നേരത്ത് ഈ തുകയും പെനാലിറ്റിയും ചേര്‍ത്ത് അടക്കേണ്ടി വരും. കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവരോട് ആരും പറഞ്ഞു കൊടുക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ലോട്ടറി വകുപ്പിന് 30% TDS കട്ട് ചെയ്യാന്‍ മാത്രമേ അധികാരമുള്ളു. ബാക്കി തുക സമ്മാനം ലഭിച്ചയാള്‍ സ്വയം അടക്കേണ്ടതാണ്.

ഇന്ന് 25 കോടി സമ്മാനം ലഭിച്ച വ്യക്തിക്ക് യഥാര്‍ത്ഥത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുക 12.88 കോടി രൂപ മാത്രമാണ്.ഗൂഗിളില്‍ ഇന്‍കം ടാക്‌സ് കാല്‍ക്കുലേറ്റര്‍ എന്ന് സെര്‍ച്ച്‌ ചെയ്താല്‍ ലഭിക്കുന്ന ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഒഫീഷ്യല്‍ പേജില്‍ തുക അടിച്ചു കൊടുത്ത് എത്രയാണ് ആകെ നികുതി ബാധ്യത വരിക എന്ന് ആര്‍ക്കും ബോധ്യപ്പെടാവുന്നതെയുള്ളൂ.

 

 

തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനാണ് 25 കോടിയുടെ ഇത്തവണത്തെ ഓണം ബംബർ ഒന്നാം സമ്മാനം ലഭിച്ചത്.

Back to top button
error: