CrimeNEWS

ബഹ്റൈനില്‍ മയക്കുമരുന്ന് കൈവശം വെച്ച അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍

മനാമ: ബഹ്റൈനില്‍ മയക്കുമരുന്ന് കൈവശം വെച്ച അഞ്ച് പ്രവാസികള്‍ അറസ്റ്റിലായി. രണ്ട് വ്യത്യസ്‍ത സന്ദര്‍ഭങ്ങളിലായാണ് ഇവര്‍ അറസ്റ്റിലായതെന്നും പിടിച്ചെടുത്ത മയക്കുമരുന്നിന് 16,000 ബഹ്റൈനി ദിനാര്‍ (33 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) വില വരുമെന്നും അധികൃതര്‍ അറിയിച്ചു.

25നും 42നും ഇടയില്‍ പ്രായമുള്ളവരാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. എന്നാല്‍ ഇവരെല്ലാം ഏഷ്യക്കാരാണെന്നതല്ലാതെ ഇവരുടെ രാജ്യം ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. മയക്കുമരുന്ന് കൈവശം വെച്ചിരിക്കുന്നതുമായി ബന്ധപ്പെട്ട് ആന്റി നര്‍ക്കോട്ടിക്സ് വിഭാഗം ഡയറക്ടറേറ്റിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

മയക്കുമരുന്ന് സംബന്ധിച്ച വിവരം ലഭിച്ചപ്പോള്‍ ഉടന്‍ തന്നെ നടപടികള്‍ സ്വീകരിച്ചതായി ഡയറക്ടറേറ്റ് അറിയിച്ചു. പ്രതികളെ എത്രയും വേഗം തിരിച്ചറിയാനും ഇവരുടെ കൈവശമുണ്ടായിരുന്ന 16,150 ദിനാറിന്റെ മയക്കുമരുന്ന് പിടിച്ചെടുക്കാനും സാധിച്ചതായി നര്‍ക്കോട്ടിക്സ് വിഭാഗം ഡയറക്ടറേറ്റ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവനയില്‍ അറിയിച്ചു. രണ്ട് വ്യത്യസ്‍ത സംഭവങ്ങളിലായി പിടിയിലായ എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Back to top button
error: