NEWS

കൂടുതൽ വിളവിനും ജലലഭ്യതയ്ക്കും ഹൈഡ്രോജെൽ

ന്ന് കേരളത്തിലെ ഒട്ടേറെ കർഷകർ കൂടുതൽ വിളവിനും, കൂടുതൽ ജലലഭ്യതയ്ക്കും വേണ്ടി ഉപയോഗപ്പെടുത്തുന്ന ന്യൂതന സാങ്കേതിക വിദ്യയുടെ പേരാണ് ഹൈഡ്രോജൽ ക്യാപ്സ്യൂൾ. മണ്ണിൽ ഈർപ്പം നിലനിർത്തുവാൻ ഏറ്റവും മികച്ച രീതിയാണ് ഹൈഡ്രോജെൽ ഉപയോഗം.
പൊട്ടാസ്യം അധിഷ്ഠിത വിഷരഹിത പോളിമെറാണ് ഹൈഡ്രോജൽ.ഇത് കൃഷിക്കായുള്ള സൂപ്പർ അബ്സോർബന്റ് പോളിമെർ എന്നും അറിയപ്പെടുന്നു.ഒരു ഗ്രാം ഹൈഡ്രോജെലിന് 400 മുതൽ 1500 ഗ്രാംവരെ വെള്ളം ആഗിരണം ചെയ്യാനും ആവശ്യമുള്ളപ്പോൾ ചെടികൾക്ക് നൽകാനും സാധിക്കും.മണ്ണുമായി കലർത്തി ഒരു ചെടിയുടെ വേരുകളിൽ വിതയ്ക്കുമ്പോൾ, അത് 65 – 95% വെള്ളം വിനിയോഗിക്കുന്നു. പോളിമർ ഉപയോഗിച്ച് നിർമ്മിക്കുന്ന ജെൽ സ്വാഭാവികമായി വിഘടിച്ചു മണ്ണുമായി ചേർന്നാണ് ഇതിന്റെ പ്രവർത്തനം.
 ചെടികളുടെ വേരുപടലത്തിൽ ചേർന്നിരിക്കുന്ന ഇവ മണ്ണിൽനിന്ന് ജലാംശം വലിച്ചെടുത്തു അതിന്റെ ഇരട്ടിയോളം വലുപ്പത്തിൽ വലുതാകുന്നു.ജലാംശം കുറയുന്ന സന്ദർഭങ്ങളിൽ ഇവ മണ്ണിൽ നനവ് ഉറപ്പ് വരുത്തുകയാണ് ചെയ്യുന്നത്.
അമിതമായ ചൂടും വരൾച്ചയും നേരിടുന്ന കൃഷിസ്ഥലങ്ങൾക്കു വേണ്ടിയാണ് ഇത്തരം പോളിഅക്രലൈറ്റ് ഹൈഡ്രോജെൽ വികസിപ്പിച്ചെടുത്തത്.ദിവസവും ചെടികൾക്ക് വെള്ളമൊഴിക്കുന്നതിനു പകരം ആഴ്ചയിൽ ഒരിക്കൽ നന കൊടുത്താൽമതി എന്നതാണ് ഇതിന്റെ പ്രത്യേകത.
ചെറിയ തരികളിലുള്ള ജെല്ലുകൾ വെള്ളത്തിലലിയുന്ന ജലാറ്റിനിൽ പൊതിഞ്ഞ് ഗുളിക രൂപത്തിലാക്കിയാണ് കുഴിച്ചിടുന്നത്. മൂന്നു മാസം വരെ വേരുകൾക്ക് വെള്ളം സംഭരിച്ചു നൽകുന്ന ഇവ പിന്നീട് മണ്ണിൽ ലയിച്ച് ഇല്ലാതാകും. ജല ഉപയോഗശേഷിയും ജലനിർഗമനശേഷിയും വർധിപ്പിക്കാനും മണ്ണ് കട്ടകെട്ടാതിരിക്കാനും കരുത്തുള്ള സസ്യവളർച്ചയ്ക്കും ഇത് ഉപയോഗിച്ചുവരുന്നു.മണ്ണിന്റെ ഉപരിതലത്തിൽ ഹൈഡ്രോജെൽ ചേർത്താൽ മണ്ണിന്റെ ജലസംഭരണശേഷി വർധിക്കുകയും മഴവെള്ളം മണ്ണിലേക്ക് സുഗമമായി ആഴ്ന്നിറങ്ങുകയും ചെയ്യും.ഇവിടെ ജലം ആഗിരണം ചെയ്യുന്ന ജെൽ അതിന്റെ വലുപ്പത്തിന്റെ മുന്നൂറു മടങ്ങായി സ്വയം വലുതാകുന്നു.ഇത് ചെടികളുടെ വേരുപടലത്തിൽ ഒട്ടിയിരിക്കുകയും മണ്ണിൽ ജലാംശം കുറയുന്ന അവസരത്തിൽ നനവ് പുറത്തുവിട്ട് ചെടിക്ക് ലഭ്യമാക്കുകയും ചെയ്യും.
ഹൈഡ്രോജെൽ വഴി അമിത ജലോപയോഗം, സമയനഷ്ടം എന്നിവ കുറയ്ക്കാൻ സാധിക്കും.മാത്രമല്ല ഹൈഡ്രോജെൽ പോളിമെർ മണ്ണിന്റെ ജലസംഭരണ ശേഷി വർധിപ്പിക്കുന്നു. ഹൈഡ്രോജെൽ ഉപയോഗം ജല നഷ്ടവും പോഷകനഷ്ടവും ബാഷ്പീകരണ നിരക്കും കുറയ്ക്കുന്നു.കൂടാതെ വായു സഞ്ചാരം വർധിപ്പിക്കുന്നതിലൂടെ മണ്ണിന്റെ ഭൗതിക സവിശേഷതകൾ മെച്ചപ്പെടുത്തുന്നു.ചെടികളുടെ റൂട്ട് സോണിൽ തന്നെ വെള്ളവും പോഷകങ്ങളും നൽകി സസ്യങ്ങളുടെ വളർച്ച മെച്ചപ്പെടുത്തുന്നു. കാർഷികമേഖലയിൽ മണ്ണിന്റെ ജലാഗിരണ സംഭരണശേഷി വർധിപ്പിക്കാനും മണ്ണൊലിപ്പും കുത്തൊഴുക്കും തടയാനും ജലസേചനത്തോത് കുറയ്ക്കാനും ഇത് ഉപയോഗിക്കുന്നു.
വരണ്ട പ്രദേശങ്ങളിൽ സസ്യങ്ങളുടെ വളർച്ച മെച്ചപ്പെടുത്താനും ശൈത്യകാലാവസ്ഥയിൽ സസ്യവേരുകൾക്ക് ആവരണമായും ഇത് പ്രവർത്തിക്കുന്നു.അതേപോലെ വളത്തിന്റെ ഉപയോഗം 15-30% വരെ കുറയ്ക്കുന്നു.രാസവളം ജലത്തിൽ ലയിച്ച് ഒഴുകിപ്പോകുന്നത് തടയാനും ഹൈഡ്രോജെല്ലിന് കഴിയും.മാത്രവുമല്ല, ജലസേചനത്തിൽ 40 മുതൽ 70 ശതമാനം വരെ ജല ഉപയോഗം കുറയ്ക്കാനും കഴിയും.
ഇന്ത്യൻ കാർഷിക ഗവേഷണ സ്ഥാപനം 2012 മുതൽ തന്നെ ‘പൂസ ഹൈഡ്രോജെൽ’ എന്ന പേരിൽ ഇത് ഉത്പാദിപ്പിച്ച് കർഷകർക്ക് നൽകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: